head3
head1

ഐറിഷ് ഭവനവിപണിയിലും നിര്‍മ്മാണരംഗത്തും ‘കഷ്ടകാലം’ തുടരുമെന്ന് പുതിയ ഗവേഷണം

ഡബ്ലിന്‍ :തൊഴിലാളി ക്ഷാമവും വിപണിയിലെ ഉയര്‍ച്ച താഴ്ചകളും ഐറിഷ് നിര്‍മ്മാണ വ്യവസായത്തെ വിട്ടൊഴിയില്ലെന്ന് പുതിയ ഗവേഷണം. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ സാമ്പത്തികരംഗം പൂര്‍ണ്ണമായി തുറന്നാലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനോ ഭവനവിപണിയില്‍ ആവശ്യത്തിന് വീടുകള്‍ നല്‍കാനോ കഴിയില്ലെന്നും ‘നിര്‍മാണമേഖലയിലെ തൊഴില്‍ ഗുണനിലവാരം’ എന്ന പേരിലുള്ള ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.ഈ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സര്‍ക്കാരിന്റെ നിരന്തരവും ബോധപൂര്‍വ്വവുമായ ശ്രമമുണ്ടാകണമെന്നും ഗവേഷണം ശുപാര്‍ശ ചെയ്യുന്നു.

അയര്‍ലണ്ടിലെ ഈ പ്രശ്നങ്ങള്‍ ഭവന, അടിസ്ഥാന സൗകര്യ നിര്‍മ്മാണ തന്ത്രങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളണ്ടാക്കും. ഉയര്‍ന്ന വിലയും കാലതാമസവും കൂടെപ്പിറപ്പായി തുടരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ മെന്ന നിലയിലാണ് ഐറിഷ് സൈറ്റുകളുടെ സ്ഥാനമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബില്‍ഡിംഗുമായി (സി ഐ ഒ ബി) ചേര്‍ന്നാണ് തിങ്ക് ടാങ്ക് ഫോര്‍ ആക്ഷന്‍ ഓണ്‍ സോഷ്യല്‍ ചേഞ്ച് (ടി .എ. എസ്.സി) ആണ് ഗവേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. താഴ്ന്ന വിദഗ്ധ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രധാനമാര്‍ഗമായി നിലകൊള്ളുന്നുവെന്നതാണ് നിര്‍മ്മാണ മേഖല യെക്കുറിച്ചുള്ള പോസിറ്റീവെന്നും റിപ്പോര്‍ട്ട് പറയുന്നു.

അടിവരയിടുന്ന പ്രശ്നങ്ങള്‍…

താഴ്ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍,കുറഞ്ഞ വേതനം,ഭീഷണിപ്പെടുത്തല്‍, വൈവിധ്യവല്‍ക്കരണത്തിന്റെ കുറവ്, വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളും റിപ്പോര്‍ട്ട് എടുത്തു പറയുന്നു.തൊഴില്‍ ക്ഷാമം, ഉല്‍പാദനക്ഷമതയില്ലായ്മ, തൊഴില്‍ അസ്ഥിരത എന്നിവയടക്കം നിര്‍മ്മാണ രംഗം നേരിടുന്ന പല പ്രശ്‌നങ്ങളുടെയും അടിസ്ഥാനകാരണം ഈ മേഖലയിലെ ഉയര്‍ച്ച താഴ്ചകളാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

കുറഞ്ഞ വേതനം… 
ഐറിഷ് നിര്‍മ്മാണ വ്യവസായത്തിലെ വരുമാനം ശരാശരിയാണ്.ഇത് നല്ലതാണെങ്കിലും യൂറോപ്യന്‍ യൂണിയന്റെ ശരാശരിയേക്കാള്‍ കുറവാണെന്ന പ്രശ്നം നിലനില്‍ക്കുന്നു.എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്ക് മുന്തിയ ശമ്പളം ലഭിക്കുമ്പോള്‍, വിദഗ്ധരായ മാനുവല്‍ തൊഴിലാളികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ക്ക് താഴെയാണ് വേതനം ലഭിക്കുന്നത്.

വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ല

മരപ്പണിക്കാര്‍, ഇലക്ട്രീഷ്യന്മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ പ്രൊഫഷണലുകളുടെയും കരകൗശല വിദഗ്ധരുടെയും വലിയ കുറവ് നിര്‍മ്മാണരംഗത്തുണ്ടെന്ന് പ്രമുഖ ഗവേഷകനും ടിഎഎസ്സി സീനിയര്‍ പോളിസി അനലിസ്റ്റുമായ ഡോ. റോബര്‍ട്ട് സ്വീനി പറഞ്ഞു.നിര്‍മ്മാണരംഗം വിദേശതൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്നു.ഈ ജോലിയ്ക്ക് എല്ലായ്പ്പോഴും ഇംഗ്ലീഷില്‍ പ്രാവീണ്യം ആവശ്യമില്ലാത്തതുകൊണ്ടാകാമെന്നുംഇദ്ദേഹം പറയുന്നു.ഈ മേഖലയിലെ 20% പേര്‍ കുടിയേറ്റ തൊഴിലാളികളാണെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് കൃത്യമായ കണക്കാണെന്ന് പറയാനാവില്ലെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

മടിച്ചുനില്‍ക്കരുത് സര്‍ക്കാര്‍ …

സോഷ്യല്‍-അഫോര്‍ഡബിള്‍ ഭവനങ്ങളുടെ നേരിട്ടുള്ള നിര്‍മ്മാണത്തിന് ദീര്‍ഘകാല മുന്‍ഗണന നല്‍കി മേഖലയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഈ രംഗത്തെ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് അഭ്യര്‍ത്ഥിക്കുന്നു.ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി എസ്എംഇ കള്‍ക്കായി ഒരു കണ്‍സ്ട്രക്ഷന്‍ ഇന്നവേഷന്‍ ഫണ്ട് രൂപീകരിക്കണം .

വ്യാജ സ്വയംതൊഴിലിന്റെ യഥാര്‍ത്ഥ വ്യാപ്തി അറിയുന്നതിനായി കൂടുതല്‍ ഗവേഷണം നടത്തണം.കുറഞ്ഞ വിദഗ്ധരല്ലാത്ത തൊഴിലാളികളുടെ വേതനം മെച്ചപ്പെടുത്തല്‍,സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കല്‍,ഭീഷണികള്‍ ഒഴിവാക്കണം ,മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നിങ്ങനെയുള്ള ശുപാര്‍ശകളും റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നു.

കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലര്‍മാര്‍ ഈ മേഖലയിലേക്ക് വിദ്യാര്‍ത്ഥികളെ അയയ്ക്കാന്‍ വിമുഖത കാട്ടിയിട്ടുണ്ടെന്ന് സിഐഒബി അയര്‍ലന്‍ഡ് പോളിസി ആന്‍ഡ് പബ്ലിക് അഫെയര്‍ മാനേജര്‍ ജോസഫ് കില്‍റോയ് അഭിപ്രായപ്പെട്ടു. ഇതാണ് നൈപുണ്യക്ഷാമത്തിനും വൈവിധ്യമില്ലായ്മയ്ക്കും കാരണമായതെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.