head1
head3

പുതുക്കിയ ഹൗസിംഗ് ഫോര്‍ ഓള്‍’ ഭവന പദ്ധതി ഒക്ടോബറില്‍,ഒട്ടേറെ മാറ്റങ്ങള്‍

ഡബ്ലിന്‍ : സര്‍ക്കാരിന്റെ പുതുക്കിയ ഹൗസിംഗ് ഫോര്‍ ഓള്‍ ഭവന പദ്ധതി ഒക്ടോബറില്‍ പ്രസിദ്ധീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. പദ്ധതിയുടെ ഡ്രാഫ്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ മന്ത്രിസഭയില്‍ അവതരിപ്പിക്കും. അന്തിമ പദ്ധതി ഒക്ടോബര്‍ ഏഴിന്റെ ബജറ്റിന് മുമ്പ് വരുമെന്നും ഹാരിസ് പറഞ്ഞു.ജൂലൈയില്‍ പ്രസിദ്ധീകരിക്കാനിരുന്ന പദ്ധതി സെപ്തംബറിലേ ഉണ്ടാകൂവെന്ന് നേരത്തേ തന്നെ ഹാരിസ് സൂചിപ്പിച്ചിരുന്നു.

ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി ഈ വിഷയം ചര്‍ച്ച ചെയ്‌തെന്നും ഹാരിസ് പറഞ്ഞു.ഭവന നയത്തില്‍ സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്നും ഹാരിസ് വ്യക്തമാക്കി.ഐറിഷ് വാട്ടറിനുള്ള അധിക ധനസഹായം, വാടക സമ്മര്‍ദ്ദ മേഖലാ നിയമത്തിലെ മാറ്റങ്ങള്‍, പുതിയ നാഷണല്‍ പ്ലാനിംഗ് ഫ്രയിംവര്‍ക്കിന്റെ പ്രസിദ്ധീകരണം, ലോഗ് ക്യാബിനുകള്‍ പോലുള്ളവയ്ക്കുള്ള ആസൂത്രണ ഇളവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പുതുക്കിയ ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതി ഹൗസിംഗ് സപ്ലൈയുമായി ബന്ധപ്പെട്ട് ഓരോ വകുപ്പും വഹിക്കേണ്ട പങ്ക് പരിശോധിക്കുമെന്ന് ഹാരിസ് പറഞ്ഞു.നിര്‍മ്മാതാക്കള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിന് എല്ലാ സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഹാരിസ് പറഞ്ഞു.

എന്താണ് ഹൗസിംഗ് ഫോര്‍ ഓള്‍
ഐറിഷ് സര്‍ക്കാര്‍ നടപ്പിലാക്കിയ ”ഹൗസിംഗ് ഫോര്‍ ഓള്‍”പദ്ധതി രാജ്യത്തെ ഭവന പ്രതിസന്ധി നേരിടുന്നതിനുള്ള സമഗ്രമായ ദേശീയ പദ്ധതിയാണ്. 2021-ല്‍ ആരംഭിച്ച ഈ പദ്ധതി 2030 വരെ , നീളും. എല്ലാ പൗരന്‍മാര്‍ക്കും വിലക്കുറഞ്ഞും ഗുണമേന്മയുള്ളതുമായ വീടുകള്‍ ലഭ്യമാക്കുക. പ്രതിവര്‍ഷം ശരാശരി 33,000 വീടുകള്‍ നിര്‍മ്മിച്ച് 2030-ഓടെ 300,000 വീടുകള്‍ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വീടു വാങ്ങുന്നവര്‍ക്കായി ഹെല്പ് ടു ബൈ ,ഫസ്റ്റ് ഹോം സ്‌കീം പോലുള്ള ധനസഹായങ്ങളും, കോസ്റ്റ് റെന്റല്‍ സ്‌കീം മുഖേന കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് താമസ സൗകര്യവും പദ്ധതിയുടെ ഭാഗമാണ്.പദ്ധതിയുടെ ഭാഗമായി നിലവില്‍ ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വന്‍ ഭവന വികസനങ്ങള്‍ നടക്കുന്നു. ഡണ്‍ലേരിയിലെ ഷെങ്കാനാ പോലുള്ള പദ്ധതികള്‍ സാധാരണ ജനങ്ങള്‍ക്കുള്ള വീടുകളെ കൂടുതല്‍ പ്രാപ്യമാക്കും. ഭവന ദാരിദ്ര്യത്തെ കുറയ്ക്കുക, സാമൂഹ്യ ഭവന വിതരണം വര്‍ദ്ധിപ്പിക്കുക, ശൂന്യമായ വീടുകള്‍ ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും പദ്ധതിയിലുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Leave A Reply

Your email address will not be published.