head3
head1

അയര്‍ലണ്ടിലെമ്പാടും ഭവന വില കുതിക്കുന്നു… അതിവേഗത്തില്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ തലസ്ഥാനമായ ഡബ്ലിനിലും പുറത്തും ഭവന വില അതിവേഗം കുതിക്കുന്നു.2024 ജൂണിനെ അപേക്ഷിച്ച് രാജ്യവ്യാപകമായി പ്രോപ്പര്‍ട്ടി വിലകളില്‍ 7.8% വര്‍ദ്ധനവുണ്ടായെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി എസ് ഒ) പുറത്തിറക്കിയ പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ലെയ്ട്രിമൊഴികെയുള്ള കൗണ്ടികളില്‍ ഡബ്ലിനിലേതിനേക്കാള്‍ വേഗത്തിലാണ് പ്രോപ്പര്‍ട്ടി വിലകള്‍ പായുന്നത്.എന്നിരുന്നാലും ഇപ്പോഴും തലസ്ഥാനത്തേക്കാള്‍ വില കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ കാലയളവില്‍ ഡബ്ലിനിലെ പ്രോപ്പര്‍ട്ടി വിലകള്‍ 6.6% വര്‍ദ്ധിച്ചു.ഡബ്ലിന് പുറത്തുള്ള വീടുകളുടെ വിലകള്‍ 8.8%വര്‍ദ്ധിച്ചു.

ഡബ്ലിനിലെ ഏറ്റവും ഉയര്‍ന്ന ഭവന വില വളര്‍ച്ച ഫിംഗലിലാണ് വീടുകള്‍ക്ക് ഏറ്റവും വില(8%) ഉയര്‍ന്നത്.370,000 യൂറോയെന്ന പൊള്ളുന്ന വിലയാണ് ഇവിടെ രേഖപ്പെടുത്തിയത്.പ്രാദേശിക അടിസ്ഥാനത്തില്‍ ഏറ്റവും കൂടിയ വില ഡബ്ലിനിലെ ഡണ്‍ ലേരി-റാത്ത്ഡൗണ്‍ പ്രദേശത്താണ്. അവിടെ വീടുകളുടെ ഏറ്റവും ഉയര്‍ന്ന ശരാശരി വില 6,75,000 യൂറോയാണെന്ന് സി എസ് ഒ പറയുന്നു.ലെയ്ട്രിമിലാണ് വീടുകള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയുള്ളത്.1,90,000 യൂറോയ്ക്ക് ഇവിടെ വീടു കിട്ടും.

ഈ വര്‍ഷം ജൂണില്‍ 4,029 വീടുകളുടെ വാങ്ങലുകളാണ് റവന്യൂവില്‍ ഫയല്‍ ചെയ്തത്.അതില്‍ 3,092 വീടുകള്‍ നിലവിലുള്ളതും 937 എണ്ണം പുതിയതുമായിരുന്നു.ആകെ 1.7 ബില്യണ്‍ യൂറോയുടെ ഇടപാടുകളാണ് നടന്നത്. 1,531 ഫസ്റ്റ് ടൈം ബയേഴ്സും ആദ്യമായി വീടുവാങ്ങി.

ഭവനവിലയിലെ കുതിപ്പില്‍ ആശ്ചര്യമില്ലെങ്കിലും അതിശയിപ്പിക്കുന്നതാണെന്ന് ബ്രോക്കേഴ്സ് അയര്‍ലണ്ട് പറയുന്നു. വീടുകളുടെ കുറവ് തന്നെയാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. ഉയരുന്ന വിലകള്‍ കാരണം മോര്‍ട്ട്ഗേജുകാര്‍ക്ക് കൂടുതല്‍ തുക വായ്പയെടുക്കേണ്ടി വരുമെന്ന് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് റേച്ചല്‍ മക്ഗൊവന്‍ പറഞ്ഞു.ഉയര്‍ന്ന വരുമാനക്കാര്‍ക്ക് വീടുകള്‍ വാങ്ങാന്‍ കഴിഞ്ഞേക്കും. എന്നിരുന്നാലും ശരാശരിക്കാര്‍ക്ക് സ്വന്തം വീടുകളെന്നത് സ്വപ്നം മാത്രമാകുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.