head3
head1

അയര്‍ലണ്ടില്‍ വീടുകളുടെ വിലയില്‍ ‘റോക്കറ്റ്’ വര്‍ധന; ഭവനവിലയില്‍ 12 ശതമാനം വര്‍ദ്ധനവ്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വീടുകളുടെ വിലയില്‍ ‘റോക്കറ്റ്’ വര്‍ധന. സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്തെ ഭവനവില 12% വര്‍ധിക്കുന്നത്. വീടുവാങ്ങാനാഗ്രഹിക്കുന്നവരെ തറപറ്റിക്കുന്ന കുതിപ്പാണ് വീടുകളുടെ വിലയിലുണ്ടാകുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

വില വര്‍ധന ഇങ്ങനെ പോയാല്‍ സാധാരണക്കാര്‍ക്ക് ഇവിടെ വാടകയ്ക്ക് കഴിയുന്നതു പോലും ബുദ്ധിമുട്ടാകുമെന്നാണ് ഇവരുടെ നിഗമനം. ദുര്‍ഘട പ്രദേശങ്ങളില്‍ പോലും വീടുകള്‍ ചെലവേറിയതാവുകയാണ്. ഇത് വാടകക്കാരെയും ആദ്യമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ദൂരെയകറ്റുന്നു. വിപണിയിലെ വീടുകളുടെ ക്ഷാമം തന്നെയാണ് വില ഉയര്‍ത്തുന്നതെന്നും ഓക്ഷനേഴ്സ് പറയുന്നു.

ആറുമാസത്തിനുള്ളില്‍ വീടുകളുടെ വില 6.35 ശതമാനത്തിലേറെ ഉയര്‍ന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ ഓക്ഷനേഴ്സ് ആന്റ് വാല്യുവേഴ്സ് (ഐപിഎവി) യുടെ കണക്കുകളാണ് വെളിപ്പെടുത്തുന്നത്. 2021 അവസാനത്തോടെ ഇത് 12% ആയി ഉയരുമെന്നാണ് ഡാറ്റകള്‍ സൂചിപ്പിക്കുന്നത്.

സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ച ‘ഹൗസിംഗ് ഫോര്‍ ഓള്‍’ പദ്ധതി സ്വാഗതാര്‍ഹമാണെങ്കിലും ബില്‍ഡര്‍മാര്‍ വീടുകളുടെ വില കുറയ്ക്കാതെ കാര്യമായ ഗുണം ഇതുകൊണ്ടുണ്ടാകില്ലെന്നും ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. ഫസ്റ്റ് ടൈം വാങ്ങലുകാരില്‍ നിന്നും വാറ്റ് ഉപേക്ഷിക്കുകയും വിപണിയില്‍ ധാരാളം വീടുകളെത്തിക്കുകയും ചെയ്താലല്ലാതെ അഫോര്‍ഡബിള്‍ ഭവനങ്ങള്‍ ലഭ്യമാക്കാനാകില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചിലയിടങ്ങളില്‍ വിലവര്‍ധന ഇരട്ടയക്കത്തില്‍

ചില പ്രദേശങ്ങളില്‍ ഭവനവില വര്‍ധന ഇരട്ട അക്കത്തിലെത്തിയെന്ന് ഡാറ്റകള്‍ പറയുന്നു. തടാകങ്ങള്‍, നദികള്‍, കടല്‍ക്കാഴ്ചകള്‍ തുടങ്ങിയ പ്രകൃതി മനോഹര ദൃശ്യങ്ങള്‍ക്കടുത്തുള്ള വീടുകളുടെ വില ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 20-25 ശതമാനം വരെ വര്‍ദ്ധിച്ചുവെന്ന് ഐപിഎവി ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഡേവിറ്റ് പറഞ്ഞു. 500,000 യൂറോ വിലമതിക്കുന്ന വീടുകള്‍ക്ക് ഇപ്പോള്‍ 700,000 യൂറോയാണ് വില. ഡബ്ലിന്‍ 4, ഡബ്ലിന്‍ 6, എന്നിവിടങ്ങളാണ് രാജ്യത്തെ ഏറ്റവും ചെലവേറിയ രണ്ട് സ്ഥലങ്ങള്‍. രണ്ടോ മൂന്നോ നാലോ കിടക്കകളുള്ള വീടിന്റെ ദേശീയ ശരാശരി വില 2,80,629 യൂറോ വരെയാണെന്ന് കണക്കുകള്‍ കാണിക്കുന്നു.

വാട്ടര്‍ഫോര്‍ഡിലും ലിമെറിക്കിലും കൂടിയ വില

വാട്ടര്‍ഫോര്‍ഡിലും ലിമെറിക്കിലുമാണ് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധനവ് കാണിക്കുന്നത്. വാട്ടര്‍ഫോര്‍ഡിലെ മൂന്ന് ബെഡ് റൂമുകളുള്ള സെമി ഡിറ്റാച്ച്ഡ് വീടിന്റെ വില വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 11.16 ശതമാനമാണ് ഉയര്‍ന്നത്. ലിമെറിക്കിലെ ത്രീ-ഫോര്‍ ബെഡ് റൂം വീടുകളുടെ വില 10 ശതമാനം വര്‍ദ്ധിച്ചു. നാല് ബെഡ് റൂം പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഡിമാന്‍ഡും വളരെ വര്‍ധിച്ചു. ഇവയുടെ വിലകളിലും 10% വര്‍ധനവുണ്ടായി.

വില ഉയരാന്‍ ഇനിയെങ്ങുമില്ല…

കോര്‍ക്ക്, ഡോണഗേല്‍, കെറി, പോര്‍ട്ട് ലീഷ്, മോണഗന്‍, ഗോള്‍വേ നഗരം എന്നിവിടങ്ങളിലും നാല് ബെഡ് റൂം വീടുകളുടെ വില 9 ശതമാനത്തിലധികം ഉയര്‍ന്നു. ഡബ്ലിന്‍ 4, നോര്‍ത്ത് കൗണ്ടി ഡബ്ലിന്‍, ഡബ്ലിന്‍ 14 എന്നിവിടങ്ങളിലും സമാനമായ വര്‍ദ്ധനവുണ്ടായി. അതില്‍ ചര്‍ച്ച്ടൗണ്‍, ക്ലോണ്‍സ്‌കീ ഡണ്‍ഡ്രം, രാത് ഫര്‍ണാം, ഡബ്ലിന്‍ 24, താലാ, ഫിര്‍ഹൗസ് എന്നിവയും ഉള്‍പ്പെടുന്നു .

ത്രീ- ഫോര്‍ ബെഡ് റൂം വീടുകളുടെ വില കാവനിലും മീത്തിലും 9 ശതമാനത്തിലധികം ഉയര്‍ന്നു. മൂന്ന് ബെഡ് റൂം സെമി-ഡിറ്റാച്ച്ഡ് വീടുകള്‍ക്കും ലൂത്തിലും ടിപ്പററിയിലും സമാനമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. രണ്ട് ബെഡ് റൂം അപ്പാര്‍ട്ട്മെന്റുകള്‍ക്കും നാല് ബെഡ് റൂം സെമി-ഡിറ്റാച്ച്ഡ് വീടുകളുടെ വിലയിലും 9% വര്‍ദ്ധനവ് കില്‍ഡെയറിലുണ്ടായി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.