റഷ്യന്‍ സൈന്യം ഇന്നലെ ഉക്രെയ്‌നിലേക്കിരച്ച് കയറിയപ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുകയായിരുന്നു. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം താലിബാനെ തുടച്ച് നീക്കാന്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിലേക്കിരച്ച് കയറിയായിരുന്നു ഈ നൂറ്റാണ്ടിലെ ആദ്യത്തെ സമഗ്രമായ സൈനിക നീക്കം. എന്നാല്‍ ഭീകരതക്കെരായ ആക്രമണം എന്ന് അമേരിക്ക പേരിട്ട വിളിച്ച ആ സൈനീക നീക്കത്തെ ഇന്നത്തെ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തോട് ഒരിക്കലും താരതമ്യപ്പെടുത്തുക വയ്യ.
1922 മുതല്‍ 1991ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലീകരിക്കപ്പെടുന്നത് വരെ ഉക്രെയ്ന്‍ സോഷിലിസ്റ്റ് റിപ്പബ്‌ളിക് എന്ന രാജ്യം സോവിയ്റ്റ് യൂണിയന്റെ ഭാഗം തന്നെയായിരുന്നു. സോവിയ്റ്റ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ശാഖയായ ഉക്രെയ്‌നിയന്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയാണ് ഇവിടെ ഭരണം നടത്തിക്കൊണ്ടിരുന്നത്. 1991ലെ സോവിയ്റ്റ് ശിഥിലീകരണത്തിന് ശേഷം ഉക്രെയ്ന്‍ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി മാറി. ആ സമയത്ത് അന്നത്തെ സോവിയ്റ്റ് യൂണിയന്റെ കയ്യിലുണ്ടായിരുന്ന ആണവായുധങ്ങളുടെ 30 ശതമാനവും ഉക്രെയ്‌നിന്റെ കൈവശമായിരുന്നു. അമേരിക്ക നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ 1994ല്‍ ബുഡാപെസ്റ്റ് മെമ്മോറാണ്ടം ഓഫ് സെക്യുരിറ്റി അഷ്വറന്‍സ് എന്ന കരാറില്‍ ഉക്രെയ്ന്‍ ഒപ്പ് വയ്കുകയും, അതോടെ തങ്ങളുടെ കയ്യിലിരുന്ന ആണവായുധങ്ങള്‍ പകുതിയിലേറെ നശിപ്പിക്കാനും ബാക്കിയുള്ളത് റഷ്യക്ക് കൈമാറാനും ഉക്രെയ്ന്‍ തിരുമാനിച്ചു. ഇതാണ് ഉക്രൈനിപ്പോള്‍ തിരിച്ചടിയായതെന്ന് വിശ്വസിക്കുന്ന അന്താരാഷ്ട്ര വിദഗ്ധരുമുണ്ട്.
1992 മുതല്‍ ഉക്രെയ്ന്‍ നോര്‍ത്ത് അറ്റ്‌ലാന്റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍ (NATO) അംഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു. എന്നാല്‍ റഷ്യ ഇതിനെ അതിശക്തമായി എതിര്‍ത്തു. നാറ്റോയില്‍ അംഗമായാല്‍ തങ്ങളുടെ തൊട്ടടുത്ത് കിടക്കുന്ന ഉക്രെയ്ന്‍ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയിന്റെയും സഖ്യ കക്ഷിയാകും ഇത് റഷ്യയുടെ സൈനിക സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന നിലപാടാണ് അവര്‍ തുടക്കം മുതല്‍ കൈക്കൊള്ളുന്നത്.
കരിങ്കടല്‍ തീരത്തുള്ള ഉക്രെയ്‌നിന്റെ ഭാഗം തന്നെയായിരുന്ന ക്രീമിയയെ 2014ല്‍ റഷ്യ ബലമായി തങ്ങളോട് കൂട്ടിച്ചേര്‍ത്തു. ഉക്രെയ്‌നിന്റെ ചുറ്റമുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം അമേരിക്കയുടെയും നാറ്റോയുടെയും സൈനിക സാനിധ്യമുണ്ട്. അത് കൊണ്ട് വലിയ രാജ്യമായ ഉക്രെയ്ന്‍ കൂടി നാറ്റോയില്‍ അംഗമായാല്‍ അമേരിക്കയുടെയും നാറ്റോയുടെയും സൈന്യം റഷ്യന്‍ അതിര്‍ത്തി വരെയത്തും അത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് സോവിയറ്റ് യൂണിയന്റെ ചാര സംഘടനയായ കെ ജി ബി യില്‍ നിന്ന് ലഫ്റ്റനന്‍ കേണല്‍ പദവയില്‍ വിരമിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.
2008 ഉക്രെയ്ന്‍ നാറ്റോയില്‍ അംഗമാകുന്നതിന്റെ തൊട്ടടുത്ത് എത്തിയങ്കിലും 2010 അവിടെ റഷ്യന്‍ അനുകൂലിയായ വിക്ടര്‍ യനുക്കോവിച്ചിനെ പ്രസിഡന്റായി വാഴിച്ച് കൊണ്ട് റഷ്യ ആ നീക്കത്തിന് തടയിട്ടു. 1999 മുതല്‍ ഈ നിമിഷം വരെ റഷ്യയില്‍ പ്രധാനമന്ത്രിയായും പ്രസഡിന്റായുമൊക്കെ ഭരിച്ചിരുന്നത് വ്‌ളാദിമിര്‍ പുട്ടിന്‍ തന്നെയായിരുന്നു. 2014ല്‍ ക്രീമിയയെ പൂര്‍ണ്ണമായി കൈക്കലാക്കിയതോടെ പുടിന്‍ ഉക്രെയ്‌നെതിരെ തിരഞ്ഞ് തുടങ്ങിയിരുന്നു. 2017 മുതല്‍ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 40 കി. മി. അകലെ വരെ റഷ്യന്‍ സൈന്യം നിലയുറപ്പിക്കുകയും കര വ്യാമോ മിസൈല്‍ സംവിധാനങ്ങളും സംയോജിത മിസൈല്‍ സിസ്റ്റവും തെയ്യാറാക്കി നിര്‍ത്തുകയും ചെയ്തിരുന്നു.
അതോടൊപ്പം ഉക്രെയ്‌നിന്റെ കിഴക്കാന്‍ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന റഷ്യന്‍ വിമതരെ സൈനികപരമായി റഷ്യ സഹായിക്കുകയും ചെയ്തു. റഷ്യന്‍ വംശജര്‍ ഉക്രെയ്‌നിലെ പ്രബല ന്യുന പക്ഷമാണ്. ഇവര്‍ ഉള്‍പ്പെടുന്ന റഷ്യന്‍ വിമതര്‍ ഉക്രെയ്‌നുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയും രണ്ട് പ്രധാന നഗരങ്ങള്‍ കീഴടക്കുകയും ചെയ്തു. റഷ്യന്‍ വിമതര്‍ക്കെതിരെ നീങ്ങുന്നതില്‍ ഉക്രൈന്‍ ഭരണകൂടം പരാജയപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഉക്രെയ്ന്‍ ഏത് സഖ്യത്തില്‍ ചേരും എന്ന് തങ്ങള്‍ തിരുമാനിക്കുമെന്നാണ് റഷ്യ പറയുന്നത്. ഉക്രെയ്ന്‍ നാറ്റോ സഖ്യത്തില്‍ ചേര്‍ന്നാല്‍ നാറ്റോയുടെ സൈന്യം റഷ്യന്‍ അതിര്‍ത്തികളില്‍ എത്തും, അത് കൊണ്ട് തന്നെ ഇപ്പോള്‍ നില്‍ക്കുന്നിടത്ത് നിന്നും മുന്നോട്ട് നീങ്ങില്ലന്ന കരാര്‍ നാറ്റോ റഷ്യയുമായി ഉണ്ടാക്കണമെന്നും പുടിന്‍ വാദിക്കുന്നു. നാറ്റോയില്‍ ചേരാനുള്ള ഉക്രെയ്‌ന്റെ നീക്കമാണ് റഷ്യയെ ചൊടിപ്പിച്ചതെന്ന് വ്യക്തം.
എന്നാല്‍ ഇതില്‍ അമേരിക്ക കളിക്കുന്ന കളി വേറെയാണ്. ഉക്രെയ്‌നുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്ക മനപ്പൂര്‍വ്വം ശ്രമിക്കാത്തതാണെന്നാണ് പലരും വിശ്വസിക്കുന്നത്. അതിന് കാരണവുമുണ്ട്. 1200 കി മി ദുരത്തില്‍ ബാള്‍ട്ടിക്ക് കടലിനടിയിലൂടെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നിന്നും, ജര്‍മിനിയിലെ ലുബ്മിന്‍ വരെ നീളുന്ന ഗ്യാസ് പൈപ്പ് ലൈനിന്റെ നിര്‍മാണം കഴിഞ്ഞ സെപ്തംബറില്‍ റഷ്യ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതോടെ യൂറോപ്പിലെ പ്രകൃതി വാതക വിതരണത്തില്‍ റഷ്യക്ക് മുന്‍കൈ ഉണ്ടാകുന്ന നിലയാണ് ഇപ്പോഴുള്ളത്. ഇതിനെ തടയിടാനുള്ള ഒരു സുവര്‍ണ്ണാവസരമായി അമേരിക്ക റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ കാണുന്നു. ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യക്കെതിരെ അന്താരാഷ്ട്ര ഉപരോധം ഉണ്ടായാല്‍ റഷ്യക്ക് പിന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രൃതി വാതകനവും ഇന്ധനവും വില്‍ക്കാന്‍ പറ്റില്ല. അപ്പോള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഈ മേഖലയിലുള്ള തങ്ങളുടെ മേധാവിത്വം വീണ്ടെടുക്കാന്‍ കഴിയുമെന്ന് അമേരിക്ക കരുതുന്നു.
ഉക്രെയ്‌നില്‍ നാറ്റോ മേധാവിത്വം വന്നാല്‍ അവര്‍ ഈ പൈപ്പ് ലൈനിനെ അട്ടിമറിച്ചേക്കാമെന്ന ഭയം റഷ്യക്കുണ്ട്. ചുരുക്കത്തില്‍ റഷ്യയുടെയും അമേരിക്കയുടെ സൈനിക സാമ്പിത്തക താല്‍പര്യങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ ഉക്രെയ്ന്‍ എന്ന മനോഹര രാജ്യത്തെ യുദ്ധക്കെടുതിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്.
ശ്രീകുമാര്‍ മനയില്‍
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.