സെന്റ് പാട്രിക് ….നീ ആരാണ്….
ലോകമെമ്പാടും സെന്റ് പാട്രിക് ദിനം പരേഡുകളോടെ ആഘോഷമാവുകയാണ്…ഈ വേളയില്‍സെന്റ് പാട്രിക് സ്വപ്ന തുല്യമായ ഇതിഹാസ ജീവിതത്തിലൂടെ…
ഡബ്ലിന്‍ : ലോകം മുഴുവന്‍ സെന്റ് പാട്രിക് ദിനം പരേഡുകളോടെ കൊണ്ടാടുകയാണ്.ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഏറ്റവും വലിയ പരേഡ് നടക്കുന്നത്.150,000 പേര്‍ പങ്കെടുക്കുന്ന പരേഡ് കാണാന്‍ രണ്ട് മില്യണിലധികം പ്രേക്ഷകരുണ്ടാകും.അയര്‍ലണ്ടിന് പുറത്ത് കരീബിയന്‍ ദ്വീപായ മോണ്ട്സെറാറ്റിലെ എമറാള്‍ഡ് ഐല്‍ ഓഫ് കരീബിയനിലും ഈ ദിനം പൊതു അവധിയാണ്.ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് പലയിടത്തും.
പല ചരിത്രങ്ങളില്‍ പല രൂപത്തില്‍
അയര്‍ലണ്ടിന്റെ രക്ഷാധികാരിയും ദേശീയ അപ്പോസ്തലനുമാണ് സെന്റ് പാട്രിക്. പല ഇതിഹാസങ്ങളും പല ചരിത്രങ്ങളും പലവിധത്തിലാണ് സെന്റ് പാട്രികിനെ ചിത്രീകരിച്ചിട്ടുള്ളത്.എന്നാല്‍ ഇവയില്‍ നിന്നൊക്കെ നമ്മള്‍ക്ക് വിശുദ്ധനായ പാട്രിക്കിനെ വായിച്ചെടുക്കാം, അനുഭവിക്കാം, നേരില്‍ക്കാണാം…കൊറോട്ടിക്കസിനുള്ള കത്ത്, ആത്മകഥയായ കണ്‍ഫെസിയോ എന്നീ രണ്ട് ഉറവിടങ്ങളില്‍ നിന്നാണ് പാട്രിക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. 373ലോ 390ലോ ബ്രിട്ടനി( ബ്രിട്ടാനി)ലെ മെയ്വിന്‍ സുക്കാറ്റിലാണ് സെന്റ് പാട്രിക് ജനിച്ചതെന്നാണ് കരുതുന്നത്.
ആത്മകഥാംശം
‘എന്റെ പേര് പാട്രിക്. വിശ്വാസികളില്‍ ചെറിയവനായ ഞാന്‍ പാപിയും സാധാരണക്കാരനുമാണ്, പലരും എന്നെ അവഹേളിച്ചു. എന്റെ പിതാവ് കാല്‍പോര്‍ണിയസ്,അദ്ദേഹം ഒരു ഡീക്കനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പോറ്റിറ്റസ് ഒരു പുരോഹിതനായിരുന്നു.ബന്നവേം തബുര്‍ണിയേ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്.എനിക്ക് ഏകദേശം പതിനാറ് വയസ്സുള്ളപ്പോള്‍ അവിടെ എന്നെ തടവിലാക്കി’ പാട്രിക് വിശുദ്ധന്റെ ആത്മകഥയില്‍ പറയുന്നു..
റോമന്‍ കാലഘട്ടത്തില്‍ സമ്പന്ന കുടുംബത്തിലാണ് പാട്രിക് ജനിച്ചത്. ഡീക്കനും പ്രാദേശിക ഉദ്യോഗസ്ഥനുമായ കാല്‍പൂര്‍നിയസിന്റെ മകനായിരുന്നുവെന്നും മനസ്സിലാകുന്നു.
ഇടയനായി…തടവുകാരനായി…ദൈവത്തിന് പ്രിയപ്പെട്ടവനായി…
16 വയസ്സുള്ളപ്പോള്‍, അടിമയായി വില്‍ക്കുന്നതിന് മുമ്പ് ഐറിഷ് റൈഡര്‍മാര്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി.തുടര്‍ന്ന് അദ്ദേഹത്തെ അയര്‍ലണ്ടിലേക്ക് കൊണ്ടുവന്നു, അവിടെ തടവുകാരനാക്കി. ഇടയനായി ജോലി ചെയ്യിച്ചു.
ഈ സമയത്താണ് അദ്ദേഹം മതത്തിലേക്ക് തിരിഞ്ഞതെന്ന് പറയപ്പെടുന്നു. കുന്നിന്‍ ചെരുവില്‍ ആറ് വര്‍ഷം ഇടയനായി അലഞ്ഞു.അതിനിടെ ഇദ്ദേഹത്തിന്റെ സ്വപ്നത്തില്‍ ദൈവം പ്രത്യക്ഷനായി.ഒരു കപ്പല്‍ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞു.അത് തന്റെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമാണെന്ന് പാട്രിക് വിശ്വസിച്ചു.
തുടര്‍ന്ന് അദ്ദേഹം അയര്‍ലണ്ടില്‍ നിന്ന് രക്ഷപ്പെട്ടു.കുടുംബവുമായി വീണ്ടും ഒന്നിച്ചു. എന്നിരുന്നാലും ഐറിഷ് ജനത തന്റെ തിരിച്ചുവരവിന് ആഗ്രഹിക്കുന്നതായി ഇദ്ദേഹത്തിന് സ്വപ്ന ദര്‍ശനമുണ്ടായി.
തുടര്‍ന്ന് അദ്ദേഹം ഫ്രാന്‍സിലേക്ക് പോയി .അവിടെ ആശ്രമത്തില്‍ പരിശീലനം നേടി.ജീവിതം പഠനത്തിനായി സമര്‍പ്പിച്ചു. പിന്നീട് മാര്‍പ്പാപ്പയുടെ അനുഗ്രഹത്തോടെ അയര്‍ലണ്ടിലേക്ക് മടങ്ങി.
ഫിക്ഷനെന്ന് വാദം
സെന്റ് പാട്രിക്കിന്റെ ട്രഡീഷണല്‍ സ്റ്റോറി ഒരു ഫിക്ഷനാകാന്‍ സാധ്യതയുണ്ടെന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ആംഗ്ലോ-സാക്‌സണ്‍, നോഴ്‌സ്, കെല്‍റ്റിക് ഡിപ്പാര്‍ട്ട്‌മെന്റിലെ റിസര്‍ച്ച് ഫെലോ ഡോ. റോയ് ഫ്ളെക്‌നര്‍ അവകാശപ്പെടുന്നു.അടിമത്തത്തിന്റെ കഥ ഇദ്ദേഹത്തിന്റെ പഠനം തള്ളിക്കളയുന്നു.റോമന്‍ ടാക്സ് കളക്ടറാകാതിരിക്കാന്‍ പാട്രിക് ബ്രിട്ടനില്‍ നിന്ന് പലായനം ചെയ്തതാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
സത്യം എന്തുതന്നെയായാലും, അദ്ദേഹം മരിച്ചതെന്നു കരുതുന്ന ദിവസം ലോകമെമ്പാടും ആഘോഷിക്കുകയാണ്. എ.ഡി 461 മാര്‍ച്ച് 17 നാണ് ഇദ്ദേഹം മരിച്ചതെന്ന് വിശ്വസിക്കുന്നു.
ചുറ്റിയ പാമ്പുകളെ പോലെ വിവാദം
അഞ്ചാം നൂറ്റാണ്ടില്‍ അയര്‍ലണ്ടിലെ തണുത്തുറഞ്ഞ ദ്വീപില്‍ നിന്ന് പാമ്പുകളെ നീക്കിയത് സെന്റ് പാട്രിക് ആണെന്ന കഥയുമുണ്ട്.ഈ കഥ വിവാദമായി ഇന്നും നിലനില്‍ക്കുന്നു.
അയര്‍ലണ്ടില്‍ ഒരിക്കലും പാമ്പുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡബ്ലിനിലെ നാഷണല്‍ മ്യൂസിയം ഓഫ് അയര്‍ലണ്ടിലെ നൈജല്‍ മോനാഗന്‍ പറയുന്നു.അതിനാല്‍ സെന്റ് പാട്രിക്കിന് നാടുകടത്തേണ്ട കാര്യവുമുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.അതേ സമയം,സര്‍പ്പങ്ങളെ തിന്മയുടെ പ്രതീകങ്ങളായാണ് കാണുന്നതെന്നും അതിനാല്‍ ഈ കഥ സാങ്കല്‍പ്പികമാണെന്നും പണ്ഡിതന്മാര്‍ പറയുന്നു. വാസ്തവം എന്തായാലും അയര്‍ലണ്ടില്‍ ഇപ്പോഴും പാമ്പുകള്‍ ഇല്ല.
ഷാംറോക്കും പാട്രിക്കും തമ്മിലെന്ത്…
ക്രിസ്തുമതത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനെ സഹായിക്കാന്‍ സെന്റ് പാട്രിക് ,ഷാംറോക്കിനെ ഉപയോഗിച്ചതായി മറ്റൊരു കഥ പറയുന്നു.നിലത്തു നിന്ന് ഷാംറോക്ക് അടര്‍ത്തിയെടുത്ത് മൂന്നായി തിരിച്ച് അവയെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ വിശേഷിപ്പിച്ചു.
അങ്ങനെ ഷാംറോക്ക് അയര്‍ലണ്ടിന്റെ പൊതു സിംബലായി .അയര്‍ലണ്ടിനെ സൂചിപ്പിക്കാന്‍ ലോകം മുഴുവന്‍ ഈ അടയാളം ഉപയോഗിക്കുന്നു.രാജ്യത്തിന്റെ പതാകകളിലും ലോഗോകളിലും ഇതിന് ഇടമുണ്ട്.
എല്ലാ വര്‍ഷവും സെന്റ് പാട്രിക് ദിനത്തില്‍ വൈറ്റ് ഹൗസില്‍ അയര്‍ലണ്ടിലെ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിന് ഷാംറോക്ക് ബബിള്‍ സമ്മാനിക്കും. 1952ല്‍ ഐറിഷ് അംബാസഡര്‍ ജോണ്‍ ഹെര്‍നെ ഈ പ്ലാന്റ് പ്രസിഡന്റ് ഹാരി ട്രൂമാന് സമ്മാനമായി നല്‍കിയതോടെയാണ് ഈ ആചാരം തുടങ്ങിയത്.
ന്യൂയോര്‍ക്കില്‍ തുടങ്ങിയ പരേഡ്…
അയര്‍ലണ്ടില്‍ നിന്നും ആളുകള്‍ വ്യാപകമായി കുടിയേറിയതോടെ അവരുടെ സംസ്‌കാരവും പാരമ്പര്യങ്ങളും സെന്റ് പാട്രിക് ദിനത്തില്‍ പരേഡുകളോടെ കൊണ്ടാടുന്നു.ന്യൂയോര്‍ക്ക് നഗരത്തില്‍ ബ്രിട്ടീഷ് സൈന്യത്തിലെ ഐറിഷ് സൈനികരാണ് ആദ്യമായി ഈ പരേഡ് നടത്തിയത്.ഇന്ന് ഈ പരേഡ് ലോകമെമ്പാടും നടക്കുന്നു.
ടൂറിസം അയര്‍ലണ്ടിന്റെ ഗ്ലോബല്‍ ഗ്രീനിംഗ് കാമ്പെയ്‌നിന്റെ ഭാഗമായി അയര്‍ലണ്ടുകാര്‍ അവരുടെ സംസ്‌കാരത്തെ ആഘോഷിക്കുന്നതിന് ലോകമെമ്പാടുമുള്ള സ്മാരകങ്ങള്‍ ഗ്രീന്‍ലൈറ്റുകള്‍കൊണ്ട് അലങ്കരിക്കുന്ന പതിവ് നിര്‍ത്തിയെങ്കിലും,ജനമനസുകളില്‍ സുന്ദരസ്വപ്നങ്ങളും ,വിശുദ്ധ വിചാരങ്ങളും നിറയ്ക്കുകയാണ് പാട്രിക്കിന്റെ പച്ചനിറം.
Comments are closed.