ഡബ്ലിന്‍ : വര്‍ദ്ധിച്ച ജീവിതച്ചെലവ് പരിഗണിച്ച് അയര്‍ലണ്ടില്‍ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഈ ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. രാജ്യത്തെ പണപ്പെരുപ്പം 2021 ഓഗസ്റ്റില്‍ 2.8% ആണെന്ന് ഈ മാസമാദ്യം സിഎസ്ഒ വെളിപ്പെടുത്തിയിരുന്നു. 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. നിലവില്‍, രാജ്യത്തെ ദേശീയ മിനിമം വേതനം മണിക്കൂറിന് 10.20 യൂറോയാണ്. 2021 ജനുവരി ഒന്നിന് 10 സെന്റ് വര്‍ദ്ധിപ്പിച്ചിരുന്നു.
ബജറ്റിന് മൂന്നാഴ്ച മാത്രം അവശേഷിക്കുന്ന ഈ വേളയില്‍ ഉപ പ്രധാനമന്ത്രിയാണ് മിനിമം വേതനം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച സൂചന നല്‍കിയത്. അടുത്ത വര്‍ഷം മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന് ലിയോ വരദ്കര്‍ സൂചിപ്പിച്ചു. ജീവിതച്ചെലവ് വര്‍ദ്ധിച്ചുവരികയാണ്. സാമൂഹിക ക്ഷേമ നിരക്കിലും വേതനത്തിലും ഇതുസംബന്ധിച്ച വര്ധനവുണ്ടാകേണ്ടതുണ്ടെന്നും വരദ്കര്‍ അഭിപ്രായപ്പെട്ടു.
ഒന്നും കിട്ടാത്ത ഇടത്തരക്കാര്‍
ഊര്‍ജ്ജ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ വലിയ സമ്മര്‍ദ്ദം നേരിടുകയാണെന്ന് സ്വതന്ത്ര ടിഡി മൈക്കിള്‍ ഫിറ്റ്സ് മൗറീസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വരദ്കര്‍. ആളുകള്‍ക്ക് ഇന്ധന അലവന്‍സ് കൂടുതല്‍ ലഭിക്കും. എന്നാല്‍ അയര്‍ലണ്ടിലെ ഇടത്തരക്കാര്‍ക്ക് ഒന്നും ലഭിക്കുന്നില്ല. കുട്ടികളെ സ്കൂളില്‍ എത്തിക്കാനും ജോലിക്ക് പോകാനും വീട് ഹീറ്റിംഗിനുമെല്ലാം ഇന്ധനത്തിന് കൂടുതല്‍ പണം നല്‍കേണ്ടി വരുന്നു. മിഡില്‍ അയര്‍ലണ്ടിന് സബ്സിഡികളൊന്നും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് മറുപടിയായാണ് വേതനവും അലവന്‍സുകളും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് വരദ്കര്‍ വ്യക്തമാക്കിയത്.
മിഡില്‍ അയര്‍ലണ്ടിനെക്കുറിച്ച് പറഞ്ഞതെല്ലാം തികച്ചും ശരിയാണെന്ന് വരദ്കര്‍ പറഞ്ഞു. ബജറ്റില്‍ ഇന്ധന അലവന്‍സും പെന്‍ഷനുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിലൂടെ ജീവിതച്ചെലവ് തടയാന്‍ കഴിയും. ഇതൊരു വര്‍ദ്ധനയല്ല; യഥാര്‍ത്ഥത്തില്‍ ഇന്‍ഡെക്സേഷന്‍ മാത്രമാണ്. ജോലിക്കാര്‍ക്കും ഇത് ബാധകമാണ്. അതിനാലാണ് ശമ്പള വര്‍ദ്ധനവ് ആവശ്യമാകുന്നത്. വരും വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥയുടെ മിക്ക ഭാഗങ്ങളിലും ശമ്പള വര്‍ദ്ധനവുണ്ടാകുമെന്നും വരദ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.