head3
head1

വിസ്മൃതിയിലായ പാട്ടിന്റെ ഈണമുണ്ടോ മനസ്സില്‍…. ഇനി ഗൂഗിള്‍ തരും ആ ഗാനം,ഈണം തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനമൊരുക്കി ഗൂഗിള്‍

ഡബ്ലിന്‍ : ഹൃദയത്തില്‍ ചേര്‍ത്തുവെച്ചൊരു പാട്ട്… അതിന്റെ ഈണം മനസ്സില്‍ ഇതാ ഇതാ എന്ന് വരുന്നു…പക്ഷേ പാട്ടു കിട്ടുന്നില്ല. പലതവണ ശ്രമിച്ചു. കൂട്ടുകാരനായ പാട്ടുകാരനോട് ചോദിച്ചു. അദ്ദേഹത്തിനുമറിയില്ല… ആകെ വിഷമം… എന്തുചെയ്യും … ഈ സങ്കടം ഇനി വേണ്ട നിങ്ങളെ സഹായിക്കാന്‍ ഗൂഗിള്‍ ഉണ്ട്. പാട്ടിന്റെ ഈണം മൂളിയാല്‍ മാത്രം മതി,ആ പാട്ട് കണ്ടുപിടിച്ചുതരാന്‍ ഗൂഗിള്‍ സെര്‍ച്ചിന് കഴിയും.

ഗൂഗിള്‍ സേര്‍ച്ചില്‍ പാട്ടിന്റെ ഈണം തിരിച്ചറിയുന്നതിനുള്ള സംവിധാനമൊരുങ്ങുകയാണ്.ഉപയോക്താക്കള്‍ ഒരു പാട്ട് മൂളിയാല്‍ അത് തിരിച്ചറിഞ്ഞ് കണ്ടെത്തിത്തരാന്‍ കഴിയുന്ന സംവിധാനമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്.പാട്ടുകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണിത്. പാട്ടുകളുടെ വരികളറിയാതെ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ നിലവില്‍ സംവിധാനമില്ല. പുതിയ സംവിധാനമെത്തുന്നതോടെ വരികള്‍ മറന്നുപോയാലും ഈണം മൂളാന്‍ കഴിയുമെങ്കില്‍ പാട്ട് നമ്മുടെ വിരല്‍ത്തുമ്പില്‍ കിട്ടും.

പാട്ട് പൊരുത്തങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിനുള്ള അല്‍ഗോരിതമാണ് ഡവലപ് ചെയ്തിരിക്കുന്നത്.ഈ കംപ്യൂട്ടര്‍ പ്രോഗാമുപയോഗിച്ച് പാട്ടിന്റെ ഈണത്തിലൂടെ വരികളിലേയ്ക്കെത്താന്‍ ഗൂഗിളിന് കഴിയും.സെര്‍ച്ച് എഞ്ചിനുകളുടെ അപ്‌ഡേറ്റുകളെക്കുറിച്ചുള്ള ഒരു വെര്‍ച്വല്‍ ഇവന്റിലാണ് പുതിയ സവിശേഷതയെക്കുറിച്ച് ഗൂഗിള്‍ വെളിപ്പെടുത്തിയത്.

മൊബൈല്‍ ഫോണുകളില്‍ പാട്ടു മൂളുന്നതിന് 10 മുതല്‍ 15 സെക്കന്‍ഡിന് മുമ്പ് സെര്‍ച്ച് ബാറിലെ മൈക്രോഫോണ്‍ ഐക്കണ്‍ ടാപ്പ് ചെയ്ത ശേഷം ‘ഏതാണ് ഈ ഗാനം’ എന്ന് ചോദിച്ചാല്‍ പാട്ട് റെഡിയായി കൈയ്യില്‍ക്കിട്ടും.ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റുള്ളവര്‍ക്ക് ”ഹേ ഗൂഗിള്‍, ഈ ഗാനം ഏതാണ് ‘എന്ന് ചോദിച്ചശേഷം ട്യൂണ്‍ ഈണം മൂളിയാല്‍ മതിയാകും.

ഗൂഗിള്‍ മാപ്സും ഗൂഗിള്‍ അപ് ഡേറ്റ് ചെയ്തിട്ടുണ്ട്.കോവിഡ് -19 പാന്‍ഡെമിക് മുന്‍നിര്‍ത്തി ബിസിനസുകള്‍ സ്വീകരിക്കേണ്ട ആരോഗ്യ, സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും ലഭ്യമാക്കി.കൃത്രിമ ഇന്റലിജന്‍സ് പ്രോഗ്രാമുകളിലെ മുന്നേറ്റം സെര്‍ച്ച് എഞ്ചിന് ഭാഷ മനസിലാക്കുന്നതില്‍ കൂടുതല്‍ മികച്ച സേവനം നല്‍കാനാവുമെന്ന് ഗൂഗിള്‍ പറഞ്ഞു.തെറ്റായി ഉച്ഛരിക്കുന്ന വാക്കുകള്‍ പോലും നേരാംവണ്ണം മനസ്സിലാക്കാനുള്ള ശേഷിയാണ് ഗൂഗിളിന് കൈവന്നിട്ടുണ്ടെന്നും ഗൂഗിള്‍ വെളിപ്പെടുത്തുന്നു.

ഐറിഷ് മലയാളം ന്യൂസ്

Comments are closed.