ഡബ്ലിന്‍ : ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ സര്‍ക്കാര്‍ ഓഹരി വിഹിതം വില്‍ക്കാന്‍ ധനവകുപ്പ് തയ്യാറെടുക്കുന്നു.ഇക്കാര്യം ധനമന്ത്രി പാസ്‌കല്‍ ഡോണോ സ്ഥിരീകരിച്ചു.അടുത്ത ആറ് മാസത്തിനുള്ളില്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിലെ സ്റ്റേറ്റ് വിഹിതമായ 13.9 ശതമാനം ഓഹരിയുടെ ഒരു ഭാഗം സര്‍ക്കാര്‍ വില്‍ക്കുമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ അറിയിച്ചു.
സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റുകള്‍ കൈകാര്യം ചെയ്യുന്ന മുന്‍കൂട്ടി ക്രമീകരിച്ച ട്രേഡിംഗ് പ്ലാനിലൂടെയാകും ബാങ്ക് ഓഫ് അയര്‍ലണ്ട് ഓഹരികളും വില്‍പ്പന നടക്കുക.മിനി ടെണ്ടര്‍ മത്സരത്തിലൂടെ തയ്യാറാക്കിയ ധനകാര്യ വകുപ്പിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ പാനലില്‍ നിന്നാണ് സിറ്റിയെ ഇതിനായി നിയമിച്ചത്.
നികുതിദായകരുടെ താല്‍പ്പര്യം പരിരക്ഷിക്കപ്പെടുന്നത് ഉറപ്പാക്കേണ്ടതുള്ളതിനാല്‍ ഓഹരികള്‍ ഒരു നിശ്ചിത വിലയ്ക്ക് താഴെയായി വില്‍ക്കാനാവില്ല.ഇക്കാര്യം ധനവകുപ്പ് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.വില്‍ക്കുന്ന ഷെയറുകളുടെ എണ്ണം വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ ശേഷിക്കുന്ന സര്‍ക്കാര്‍ നിക്ഷേപത്തില്‍ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കുന്നതിന് തുടക്കമിട്ടാണ് ഓഹരികള്‍ വിറ്റഴിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
2009 മുതല്‍ 2011 വരെയുള്ള കാലയളവില്‍ മൊത്തം 29.4 ബില്യണ്‍ യൂറോയാണ് എ.ഐ.ബി, ബാങ്ക് ഓഫ് അയര്‍ലണ്ട്, പി.ടി.എസ്.ബി എന്നിവയിലായി സര്‍ക്കാര്‍ നിക്ഷേപിച്ചത്.ഇതില്‍ 19.2 ബില്യണ്‍ യൂറോ ഡിസ്പോസലുകള്‍, നിക്ഷേപ വരുമാനം, ബാധ്യതാ ഗ്യാരണ്ടി ഫീസ് എന്നിവയിലൂടെ പൂര്‍ണമായി വീണ്ടെടുത്തു.മൂന്ന് ബാങ്കുകളിലെയും ശേഷിക്കുന്ന നിക്ഷേപം ഏകദേശം 5.3 ബില്യണ്‍ യൂറോയാണെന്ന് ധനവകുപ്പ് അറിയിച്ചു, 4.9 ബില്യണ്‍ യൂറോയുടെ വിടവാണ് നിലവിലുള്ളത്.
ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ കാര്യത്തില്‍, ഇതിനകം 5.9 ബില്യണ്‍ യൂറോ പണമായുണ്ട്. യഥാര്‍ത്ഥത്തില്‍ ബാങ്കില്‍ നിക്ഷേപിച്ചത് 4.7 ബില്യണ്‍ യൂറോയായിരുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി.ബാങ്കില്‍ സംസ്ഥാനത്തിന്റെ ശേഷിക്കുന്ന ഇക്വിറ്റി ഓഹരി മൂല്യം 700 മില്യണ്‍ യൂറോയാണ്.
ബാങ്ക് ഓഫ് അയര്‍ലന്‍ഡ് ഷെയര്‍ഹോള്‍ഡിംഗിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ വിപണിയില്‍ വെളിപ്പെടുത്തുമെന്ന് ധനവകുപ്പ് അറിയിച്ചു. നികുതിദായകന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിന് ഹാനികരമായതിനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ വിറ്റ ഷെയറുകളുടെ എണ്ണം, നേടിയ ശരാശരി വില, പ്ലാനില്‍ നിന്ന് ലഭിച്ച പണം എന്നിവ വെളിപ്പെടുത്തും.
സര്‍ക്കാര്‍ പ്രഖ്യാപനത്തെ ബാങ്ക് സ്വാഗതം ചെയ്യുന്നതായി ബാങ്ക് ഓഫ് അയര്‍ലണ്ട് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഫ്രാന്‍സെസ്‌കാ മക് ഡൊണാഗ് പറഞ്ഞു. നികുതിദായകര്‍ക്കും ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്കും ബാങ്ക് ഓഫ് അയര്‍ലണ്ടിനും ഇത് ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.അയര്‍ലണ്ടും ബാങ്ക് ഓഫ് അയര്‍ലണ്ടും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനും ഈ നടപടി ഇടവരുത്തുമെന്നും സിഇഒ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.