head3
head1

ചരിത്രതീരുമാനവുമായി ജി 7 ധനമന്ത്രിമാരുടെ യോഗം ,ആഗോള കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നതില്‍ ജി 7 രാജ്യങ്ങള്‍ കരാറിലേയ്ക്ക്,

ലണ്ടന്‍ : ബഹുരാഷ്ടക്കമ്പനികളേയും മറ്റ് ടെക് ഭീമന്മാരെയും നിയന്ത്രിക്കുന്നതിന് ആഗോള കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ജി 7 രാജ്യങ്ങളുടെ ചരിത്രപരമായ നീക്കം.സമ്പന്നരായ ജി 7 രാജ്യങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുടെ യോഗമാണ് ആഗോള മിനിമം കോര്‍പ്പറേറ്റ് നികുതി 15 ശതമാനമെങ്കിലും വേണമെന്ന ഏകകണ്ഠ തീരുമാനം അംഗീകരിച്ചത്.ബഹുരാഷ്ട്ര കമ്പനികളടമുള്ള വന്‍കിടക്കാര്‍ അവരുടെ വരുമാനത്തിന്റെ അനുപാതത്തിനനുസരിച്ച് ‘ഒന്നും’ നല്‍കുന്നില്ലെന്ന യുഎസ് ആരോപണത്തെ തുടര്‍ന്നാണ് ജി 7 ന്റെ ഈ തീരുമാനം.കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ-സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ദരിദ്ര- ദുര്‍ബല രാജ്യങ്ങള്‍ക്കുള്ള സഹായം തുടരുമെന്നും ജി 7 പറഞ്ഞു.പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ നികുതി വരവും ചെലവുകളും വായ്പയെടുക്കലുമൊക്കെയായി രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ സുപ്രധാന നീക്കം.

ഒരു രാജ്യത്തിന് കുറഞ്ഞത് 15% എങ്കിലും ആഗോള മിനിമം നികുതി ഏര്‍പ്പെടുത്തുന്നത് അംഗീകരിച്ചതായി ജി 7 കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു.ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നിവരടങ്ങുന്നതാണ് ജി 7. ജി 20 ധനമന്ത്രിമരുടെ ജൂലൈ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച അന്തിമ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.യൂറോ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പ്രസിഡന്റെന്ന നിലയില്‍ ധനമന്ത്രി പാസ്‌കല്‍ ഡോണോയും ജി 7 ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.

വെള്ളിയാഴ്ച മുതല്‍ തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ നടക്കുന്ന ജി 7 നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ ലണ്ടന്‍ സമ്മേളനം നടന്നത്.ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കുന്നുണ്ട്.

ഈ തീരുമാനത്തെ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെന്‍ പ്രശംസിച്ചു.ഈ തുടക്കം ആഗോള മിനിമം കോര്‍പ്പറേറ്റ് ടാക്സില്‍ അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.അതിനിടെ ആഗോളനികുതി പരിഷ്‌കരണ പ്രക്രിയകളെ അനുകൂലിക്കുന്നുവെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ നികുതിയടയ്ക്കാന്‍ സന്നദ്ധമാണെന്നും ഈ നടപടിയെ സ്വാഗതം ചെയ്ത ഫെയ്‌സ്ബുക്കിന്റെ ആഗോളകാര്യ വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു.

സ്വാഗതം ചെയ്ത് ലോകരാജ്യങ്ങള്‍

ആഗോള നികുതി സമ്പ്രദായം പരിഷ്‌കരിക്കാനുള്ള ചരിത്രപരമായ കരാറിലെത്തിയതില്‍ സന്തോഷമുണ്ടെന്ന്
യോഗത്തില്‍ അധ്യക്ഷനായിരുന്ന ബ്രിട്ടീഷ് ധനമന്ത്രി റിഷി സുനക് പറഞ്ഞു. ചരിത്രപരമായ പ്രാധാന്യമുള്ള ഒരു കരാര്‍ നല്‍കിയതിന് തന്റെ കൂട്ടാളികള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ ആസ്ഥാനത്ത് മാത്രമല്ല പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നികുതി അടയ്‌ക്കേണ്ടിവരുമെന്ന് ബ്രിട്ടന്റെ ട്രഷറി അഭിപ്രായപ്പെട്ടു.

ആഗോള കോര്‍പ്പറേറ്റ് നികുതിയെ ജര്‍മ്മനിയും ഫ്രാന്‍സുമടക്കം വിവിധ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.സാമ്പത്തിക ഐക്യദാര്‍ഢ്യവും നീതിയും പ്രദാനം ചെയ്യുന്ന തീരുമാനമാണ് ഇതെന്ന് ജര്‍മ്മന്‍ ധനമന്ത്രി ഒലാഫ് ഷോള്‍സ് പറഞ്ഞു.

അയര്‍ലണ്ട് ധനമന്ത്രി പറയുന്നത്…

അതേ സമയം, ആഗോള കോര്‍പ്പറേറ്റ് നികുതി സംബന്ധിച്ച അന്തിമ കരാര്‍ ചെറുകിട രാജ്യങ്ങളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാകണമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.അന്താരാഷ്ട്ര നികുതിയുമായി ബന്ധപ്പെട്ട് സുസ്ഥിരവും അഭിലഷണീയവും തുല്യവുമായ കരാര്‍ നേടണമെന്ന താല്‍പ്പര്യമാണുള്ളതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ഇക്കാര്യത്തില്‍ 139 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒഇസിഡിയും ചര്‍ച്ചചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും ഇദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കുറഞ്ഞകോര്‍പ്പറേറ്റ് നികുതി ഈടാക്കുന്ന അയര്‍ലണ്ടിന് പുതിയ തീരുമാനം വഴി മൂന്നു ബില്യണോളം യൂറോയുടെ നഷ്ട്ടമാണ് ഉണ്ടായേക്കാവുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.