head3
head1

എന്തിനാണ് മടിച്ച് നില്‍ക്കുന്നത് ? ഗാര്‍ഡയാകാന്‍ ഇപ്പോള്‍ അപേക്ഷിക്കാം…1000 പേര്‍ക്ക് അവസരം

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഒരു പോലീസ് ഓഫിസറാവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ ഇപ്പോള്‍ അതിനുള്ള അവസരമാണ്. വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ട് അയര്‍ലണ്ടില്‍ ഗാര്‍ഡ സേന പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് തുടക്കമിട്ടു. കാമ്പെയ്ന്‍ ഏപ്രില്‍ 14ന് അവസാനിക്കും. 1000 പേരെയാണ് പുതിയതായി ഗാര്‍ഡായിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലെത്തിയവരില്‍ രണ്ട് പേര്‍ മാത്രമാണ് ഇതേവരെ ഗാര്‍ഡാ മെമ്പര്‍മാര്‍ ആയിട്ടുള്ളത്. ഗാര്‍ഡ സേനയില്‍ അംഗത്വം നേടിയ മറ്റു ദേശീയതകളില്‍ നിന്നുള്ളവരുടെ കണക്കുകള്‍ നോക്കുമ്പോള്‍ ഇത് താരതമ്യേനെ കുറവാണ്.അയര്‍ലണ്ടില്‍ നാല് വര്‍ഷം റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് വരെ ഗാര്‍ഡായില്‍ ചേരാമെന്നിരിക്കെ കഴിഞ്ഞ തവണയും ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം കുറവായിരുന്നു. അയര്‍ലണ്ടിലുള്ള നോണ്‍ യൂറോപ്യന്‍ ജനസംഖ്യയില്‍ ഏറ്റവും അധികമായി ഇന്ത്യക്കാര്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ സേനയില്‍ പ്രവേശനം ലഭിക്കാനുള്ള സാധ്യത ഏറെയാണ്.

മികച്ച ശമ്പളം
ട്രെയിനിംഗ് കാലാവധിയിലുള്ള ആദ്യത്തെ 33 ആഴ്ചകളില്‍ അലവന്‍സ് ആഴ്ചയില്‍ 184 മാത്രമാണ്. ഇതടക്കമുള്ള ആദ്യ രണ്ട് വര്‍ഷങ്ങളിലെ പൂര്‍ണ്ണ ട്രെയിനിംഗിന് ശേഷം 32,421 യൂറോ വരെയാണ് തുടക്കക്കാരുടെ വാര്‍ഷിക ശമ്പളമെങ്കിലും ഓവര്‍ ടൈം വഴി അധികമായി 37,000 യൂറോ വരെ ഓരോ ഗാര്‍ഡയ്ക്കും ലഭിക്കുന്നുണ്ടെന്നാണ് 2021 ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.അതായത് ശമ്പളത്തിലുമധികമായി ഓവര്‍ ടൈം ലഭ്യമായിരുന്നു എന്ന് ചുരുക്കം.

ഇന്ത്യക്കാര്‍ക്ക് അവസരം

കഴിഞ്ഞ എട്ട് വര്‍ഷകാലയളവില്‍ നാല് വര്‍ഷമെങ്കിലും അയര്‍ലണ്ടില്‍ ഉണ്ടായിരിക്കുകയും,അപേക്ഷാ തിയതിക്ക് തൊട്ടുമുമ്പുള്ള ഒരു വര്‍ഷം,നിര്‍ബന്ധമായും ഉണ്ടായിരിക്കുകയും ചെയ്താല്‍ ഗാര്‍ഡായില്‍ ചേരാനാവുമെന്ന വ്യവസ്ഥ കൂടുതല്‍ പേര്‍ക്ക് സേനയില്‍ ചേരാനുള്ള അവസരമായേക്കും.

ഗാര്‍ഡയില്‍ ചേരുന്നതിനുള്ള നിലവിലെ പ്രായപരിധി 35 വയസ്സാണ്.ഇത് വിവേചനപരമാണെന്ന് ലേബര്‍ കോടതി വിധിച്ചിരുന്നു.ഫെബ്രുവരിയിലുണ്ടായ ഈ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

സേനയില്‍ ചേരാന്‍ ആഗ്രഹിച്ചെത്തുന്ന അഞ്ചില്‍ ഒരാള്‍ നിര്‍ബന്ധിത ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെടുന്നതും വാര്‍ത്തയായിരുന്നു.ഇതിനെതിരെ ഫിന ഫാള്‍ ടി ഡി ജിം ഒ കല്ലഗന്‍ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

ബ്ലീപ് ടെസ്റ്റിലും , ഒബ്സ്റ്റക്കിള്‍ കോഴ്സിലും നിരന്തരമായ പരിശീലനം നടത്തുന്നവര്‍ക്ക് ഗാര്‍ഡായില്‍ അനായാസം പ്രവേശനം നേടാനായേക്കുമെന്ന് ഗാര്‍ഡ ഫോഴ്സില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നു.

താല്‍പ്പര്യമുള്ളവരെല്ലാം അപേക്ഷിക്കണമെന്ന് ഏപ്രില്‍ 14ന് ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് അഭ്യര്‍ഥിച്ചു.വൈവിധ്യവല്‍ക്കരണമാണ് സേന ലക്ഷ്യമിടുന്നതെന്ന് ഗാര്‍ഡ പ്രസ് ഓഫീസ് സൂപ്രണ്ട് ലിയാം ഗെരാഗ്റ്റി പറഞ്ഞു.മറ്റേതൊരു സര്‍ക്കാര്‍ ജോലിയും പോലെ ഗാര്‍ഡയുടേതും മികച്ചത് തന്നെയാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുമെന്നും ഇദ്ദേഹം പറഞ്ഞു.താല്‍പ്പര്യമുള്ളവര്‍ക്ക് പബ്ലിക് ജോബ്‌സിലേക്ക് ലോഗിന്‍ ചെയ്യാം- അദ്ദേഹം പറഞ്ഞു.

സേനയുടെ റിക്രൂട്മെന്റ് വളരെ നിര്‍ണ്ണായകമാണെന്ന് ജസ്റ്റിസ് മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.സേനയില്‍ വൈവിധ്യത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വിശദീകരിച്ചു.യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന വനിതാ ഓഫീസര്‍മാരുടെ പങ്കാളിത്തം അയര്‍ലണ്ടിലാണ്.കഴിഞ്ഞ തവണയെത്തിയ 20 ശതമാനത്തിലധികം അപേക്ഷകരും ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുമുള്ളവരുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു

.FOR MORE DETAILS :https://www.garda.ie/en/careers/career-faqs/faqs-garda-trainee-recruitment-2023.pdf

https://www.publicjobs.ie/en/index.php?option=com_jobsearch&view=jobdetails&Itemid=263&cid=172316&campaignId=23119407

റെജി  സി ജേക്കബ് (ലേഖകൻ ഗാർഡായുടെ ഡൺലേരി ജില്ലാ ഓഫീസിൽ സേവനമനുഷ്ഠിക്കുന്നു)

ഐറിഷ് മലയാളി ന്യൂസ്     
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a

Comments are closed.