head1
head3

ആഗോള മിനിമം നികുതി സംവിധാനത്തിന് അംഗീകാരം നല്‍കി ജി20 രാഷ്ട്രങ്ങള്‍

റോം: വന്‍കിട കമ്പനികളുടെ നികുതിവെട്ടിപ്പ് തടയുന്നത് ലക്ഷ്യമിട്ടുള്ള ആഗോള മിനിമം നികുതി സമ്പ്രദായത്തിന് അംഗീകാരം നല്‍കി ജി-20 രാജ്യങ്ങള്‍. കോര്‍പ്പറേറ്റ് നികുതി ഉടമ്പടി പുതിയ ബഹുരാഷ്ട്ര ഏകോപനത്തിന്റെ തെളിവാണെന്ന് ഇന്നലെ നടന്ന യോഗം വിലയിരുത്തി. ഇതുവഴി 2023 മുതല്‍ ലാഭം മറച്ചുവച്ചുകൊണ്ട് നികുതി വെട്ടിക്കാനുള്ള വന്‍കിട കോര്‍പ്പറേറ്റുകളുടെ ശ്രമങ്ങള്‍ക്ക് തടയിടാമെന്നും, 15 ശതമാനം മിനിമം നികുതി ഉറപ്പുവരുത്താനാകുമെന്നും വിവിധ രാഷ്ട്രനേതാക്കള്‍ അഭിപ്രായപ്പെട്ടു. താരതമ്യേന ദരിദ്രരായ രാഷ്ട്രങ്ങള്‍ക്ക് കടത്തില്‍ നിന്നു കരകയറാനുള്ള സഹായങ്ങള്‍ നല്‍കാനും ഇന്നലെ നടന്ന ജി20 യോഗം തീരുമാനമെടുത്തിട്ടുണ്ട്.

ഇറ്റലിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഇത്തവണത്തെ ജി20 സമ്മേളനത്തിന്റെ ആദ്യദിനത്തിലെ പ്രധാന അജണ്ടകള്‍ ആരോഗ്യം, സാമ്പത്തികം എന്നിവയായിരുന്നു. സുപ്രധാനമായ കാലാവസ്ഥാ സംബന്ധമായ ചര്‍ച്ചകള്‍ രണ്ടാം ദിനമായ ഇന്ന് നടക്കും. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഭരണാധികാരികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച ഇറ്റാലിയന്‍ പ്രസിഡന്റ് മരിയോ ഡ്രാഗി പറഞ്ഞു. മഹാമാരികള്‍, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളില്‍ ഒറ്റയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യില്ല എന്നും കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഇതിനായി ആവശ്യമെന്നും ഡ്രാഗി പറഞ്ഞു.

ആഗോള താപനം കുറയ്ക്കുന്നതിനായി ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശക്തമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എല്ലാ ജി20 രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. രണ്ടുദിവസത്തിനുള്ളില്‍ ലോക കാലാവസ്ഥാ വ്യതിയാന സമ്മേളനം ആരംഭിക്കാനിരിക്കെ ഇത് ജി20 രാജ്യങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

കാലാവസ്ഥ സംബന്ധിച്ച ചര്‍ച്ചകള്‍ ജി20യിലും കോപ് 26 ലും ദുഷ്‌കരമാവുമെന്ന അഭിപ്രായമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പങ്കുവച്ചത്. എന്നാല്‍ കാലാവസ്ഥാ വിഷയത്തില്‍ ധീരമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ റോമാ സാമ്രാജ്യം തകര്‍ന്ന വേഗതയില്‍ ലോകവും തകരുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അതേസമയം കാലാവസ്ഥയെ സംരക്ഷിക്കുന്നതിനും ആഗോളതാപനം 1.5 ആയി ചുരുക്കുന്നതിനുമുള്ള പദ്ധതികളുടെ ഒരു കരടിന് ഇന്നലെ യോഗത്തില്‍ അംഗീകാരം നല്‍കി. എമ്മിഷന്‍ കുറയ്ക്കുന്നതിനായുള്ള രാഷ്ട്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കരട് രേഖയില്‍ പറയുന്നുണ്ടെങ്കിലും ഇതിനായി സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ച് വലിയ രീതിയില്‍ പരാമര്‍ശമില്ല. അതോടൊപ്പം കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ്ജോത്പാദനത്തിനുള്ള സാമ്പത്തിക സഹായം നിര്‍ത്താനും, പുതിയ കര്‍ക്കരി പദ്ധതികള്‍ ആരംഭിക്കില്ലെന്നും പ്രതിജ്ഞയെടുക്കാന്‍ ജി20 രാജ്യങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്.

ദരിദ്ര്യ രാജ്യങ്ങള്‍ക്ക് കൂടുതല്‍ കോവിഡ് 19 വാക്‌സിനുകള്‍ നല്‍കുവാനും ഇന്നലെ നടന്ന ജി20 യോഗം തീരുമാനമെടുത്തു. കൂടാതെ 2022 ഓടെ ലോകത്തിലെ 70 ശതമാനം ആളുകളിലും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കും എന്നും ജി20 രാഷ്ട്ര നേതാക്കള്‍ പ്രതിജ്ഞ ചെയ്തു. ലോകത്താകമാനമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരസൂചകമായി ഡോകടര്‍മാരോടും, റെഡ് ക്രോസ് വര്‍ക്കര്‍മാരോടും ഒപ്പം ലോകനേതാക്കള്‍ ഫോട്ടോയ്ക്കായും പോസ് ചെയ്തിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.