head3
head1

  ഡിജിറ്റല്‍ യൂറോ നാലു വര്‍ഷത്തിനുള്ളില്‍ പ്രയോഗത്തിലെത്തുമെന്ന് ഇ .സി .ബി മേധാവി

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ കറന്‍സിയിലേയ്ക്ക് നീങ്ങുന്നു. യൂറോപ്യന്‍ യൂണിയനിലാകെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇ സി ബി ഉടന്‍ തീരുമാനമെടുക്കും. നാലുവര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ യൂറോ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇസിബി പ്രസിഡന്റ് ക്രിസ്റ്റിന്‍ ലഗാര്‍ഡ് പറഞ്ഞു.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഡിജിറ്റല്‍ യൂറോ ഏതു രൂപത്തിലായിരിക്കണമെന്നെതു സംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ പുരോഗമിക്കുകയാണ്. കോഫിയോ പലചരക്ക് സാധനങ്ങള്‍ക്കോ പണമടയ്ക്കാന്‍ കഴിയുന്ന, അംഗീകരിക്കുന്ന ലീഗല്‍ ടെന്റര്‍ സ്റ്റാറ്റസിലുള്ള കറന്‍സിയായി വേണം ഡിജിറ്റല്‍ യൂറോ ഡിസൈന്‍ ചെയ്യേണ്ടതെന്നാണ് ഇസിബി ആഗ്രഹിക്കുന്നതെന്ന് ക്രിസ്റ്റിന്‍ ലഗാര്‍ഡ് വിശദീകരിക്കുന്നു.

ക്രിപ്റ്റോകറന്‍സികള്‍ യഥാര്‍ഥ കറന്‍സിക്ക് തുല്യമായി അംഗീകരിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ഡിജിറ്റല്‍ യൂറോയെക്കുറിച്ച് ആലോചിക്കുന്നത്.യൂറോസോണില്‍ നിന്ന് യൂറോ അപ്രത്യക്ഷമായാല്‍ ഇസിബിക്ക് ധനനയം നടപ്പാക്കാന്‍ കഴിയില്ല.ഇതു കൂടി മുന്നില്‍ക്കണ്ടാണ് ഡിജിറ്റല്‍ യൂറോ നടപ്പാക്കുന്നത് പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആശയം ലളിതം പക്ഷേ രൂപകല്‍പ്പന സങ്കീര്‍ണ്ണം

ഡിജിറ്റല്‍ കറന്‍സിയുടെ അടിസ്ഥാന സിദ്ധാന്തം ലളിതമാണെങ്കിലും അതിന്റെ രൂപകല്‍പ്പന കൂടുതല്‍ സങ്കീര്‍ണ്ണമാണെന്ന് ഇസിബി മേധാവി പറയുന്നു.ഹോള്‍സെയില്‍ വ്യാപാര,ം ജനറല്‍ ആവശ്യനുള്ളത് എന്നിങ്ങനെ രണ്ട് വിഭാഗം ഡിജിറ്റല്‍ യൂറോ കറന്‍സികളാണ് ആലോചിക്കുന്നത്. ഹോള്‍സെയില്‍ വ്യാപാരത്തിനുള്ള കറന്‍സി ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ളതാണ്. എല്ലാ ഉപഭോക്താക്കള്‍ക്കും ഉപയോഗിക്കാനുള്ളതാണ് ജനറല്‍ ആവശ്യത്തിനുള്ള കറന്‍സി .

ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍ക്ക് ഏറ്റവും ദുര്‍ബലരായ ഗ്രൂപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ഡിജിറ്റല്‍ യൂറോ സൗജന്യമായി ലഭ്യമാക്കണമെന്നും ഇസിബി വിഭാവനം ചെയ്യുന്നുണ്ട്. ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സിക്ക് ഈ ആവശ്യകതകള്‍ നിറവേറ്റാനാവില്ല. അവിടെയാണ് പൊതു ആവശ്യത്തിനുള്ള ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത തെളിയുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ നാഷണല്‍ കേന്ദ്ര ബാങ്കുകള്‍ മുഖേനയോ നേരിട്ട് ഇവ വിതരണം ചെയ്യാന്‍ കഴിയും.

പലിശ പ്രശ്നം ഉയര്‍ന്നുവരുമോ

എന്നാല്‍ ഡിജിറ്റല്‍ യൂറോ നോട്ടുകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ അതിന് പലിശ ഈടാക്കാനാവുമോ തുടങ്ങിയ ചില ചോദ്യങ്ങളും ഉയരുന്നുണ്ട്.ഇസിബിയുടെ ഡിജിറ്റല്‍ യൂറോ പണത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും പലിശ സൃഷ്ടിക്കാന്‍ ഇത് ഉപയോഗിക്കാന്‍ കഴിയില്ലെന്നുമാണ് ചില അക്കാദമിക് വിദഗ്ധര്‍ വാദിക്കുന്നത്. എന്നാല്‍ അടുത്തിടെയുണ്ടായ യൂറോപ്യന്‍ യൂണിയന്‍ കോടതി വിധിയനുസരിച്ച് ഡിജിറ്റല്‍ യൂറോയ്ക്ക് ലീഗല്‍ ടെണ്ടര്‍ സ്റ്റാറ്റസ് നല്‍കിയിട്ടുണ്ട്.അതിനാല്‍ ഡിജിറ്റല്‍ യൂറോ അക്കൗണ്ടുകള്‍ക്ക് പലിശനിരക്ക് ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന വാദവും നിലനില്‍ക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.