യാത്രാ നിയന്ത്രണങ്ങളൊഴിവാക്കാൻ ഇയു രാജ്യങ്ങള്‍,വാക്സിനെടുത്തവര്‍ക്കെല്ലാം സ്പെയിനില്‍ യാത്രാനുമതി; നിയന്ത്രണങ്ങള്‍ നീക്കി ഹംഗറിയും
ഡബ്ലിന്‍ : കോവിഡ് പ്രതിരോധ കുത്തിവയ്പ്പെടുത്തവര്‍ക്കെല്ലാം ജൂണ്‍ ഏഴു മുതല്‍ യാത്രാനുമതി നല്‍കുമെന്ന് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.പ്രതിസന്ധിയിലായ ടൂറിസം- യാത്രാ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.ജൂണ്‍ ഏഴുമുതല്‍ വാക്സിനേഷന്‍ ലഭിച്ച എല്ലാവര്‍ക്കും അവരുടെ കുടുംബങ്ങളുമൊത്ത് ഏത് രാജ്യമെന്ന് പരിഗണിക്കാതെ സ്പെയിനിലെത്താമെന്ന് മാഡ്രിഡില്‍ അന്താരാഷ്ട്ര ടൂറിസം മേളയില്‍ സംസാരിക്കവെ സാഞ്ചസ് പറഞ്ഞു.ജപ്പാനില്‍ നിന്നുള്ള യാത്രക്കാരെയും തിങ്കളാഴ്ച മുതല്‍ സ്പെയിന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടുത്ത ആഴ്ച അതായത് 24 മുതല്‍ ബ്രിട്ടീഷ് സഞ്ചാരികളെ അവധി ദിവസങ്ങളില്‍ സ്പെയിന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നെഗറ്റീവ് കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് പോലും സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസം വെബ്സൈറ്റ് സ്ഥിരീകരിച്ചു.
സ്പെയിനിന്റെ ഏറ്റവും വലിയ വിനോദസഞ്ചാര സ്രോതസ്സാണ് ബ്രിട്ടന്‍. പകര്‍ച്ചവ്യാധി സമയത്ത് ബ്രിട്ടീഷ് യാത്രക്കാര്‍ക്ക് അവശ്യമെന്ന് കരുതുന്ന സന്ദര്‍ശനങ്ങള്‍ മാത്രമേ സ്പെയിനിലേക്ക് അനുവദിച്ചിരുന്നുള്ളു.
അതേസമയം സ്‌പെയിനില്‍ നിന്നുള്ള യാത്രികര്‍ക്ക് ബ്രിട്ടന്‍ ഇപ്പോഴും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് ക്വാറന്റൈയ്നും നെഗറ്റീവ് കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുമൊക്കെ ബാധകമാണ്.
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ യൂറോപ്പിലുടനീളം യാത്രകള്‍ അനുവദിക്കുന്നതിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാന്‍ കരാറിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സ്‌പെയിനിന്റെ പ്രഖ്യാപനം.
നിയന്ത്രണങ്ങള്‍ നീക്കി ഹംഗറി
സ്പെയിനിനു പുറമേ ഹംഗറിയും മിക്ക കോവിഡ് -19 നിയന്ത്രണങ്ങളും നീക്കാന്‍ ഒരുങ്ങുകയാണ്.വാക്സിനേഷന്‍ നടത്തിയവരുടെ എണ്ണം ഈ വാരാന്ത്യത്തില്‍ 5 മില്യണിലെത്തുന്നതോടെ ഹംഗറി രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെ അവശേഷിക്കുന്ന ഏറ്റവും കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുമെന്ന് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ പറഞ്ഞു.മാസ്‌കുകള്‍ ധരിക്കേണ്ടതില്ലെന്നും 500 ഓളം പേരുടെ ഒത്തുചേരലുകള്‍ ഓപ്പണ്‍ എയറില്‍ നടത്താമെന്നും വാക്‌സിനേഷന്‍ കാര്‍ഡുള്ള ആളുകള്‍ക്ക് അടച്ച ഇടങ്ങളില്‍ ഇവന്റുകള്‍ സംഘടിപ്പിക്കാമെന്നും ഓര്‍ബന്‍ പറഞ്ഞു.യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി പരിശോധിക്കുന്നതിനും അംഗീകരിക്കുന്നതിനും മുമ്പ് റഷ്യന്‍, ചൈനീസ് വാക്സിനുകള്‍ വലിയ അളവില്‍ ഉപയോഗിച്ച ഒരേയൊരു യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് ഹംഗറി.
അതേസമയം,കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് പോവുകയാണ് അര്‍ജന്റീന.ഒന്‍പത് ദിവസത്തെ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു.കഴിഞ്ഞ ഒറ്റ ദിവസം മാത്രം 35000 കോവിഡ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Comments are closed.