head3
head1

യൂറോപ്പ് തിരിച്ചുവരും,പ്രതിസന്ധികളും കടന്ന് .. പക്ഷേ കരുതല്‍ തുടരണമെന്ന് ഐഎംഎഫ്

ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധികളെ മറികടന്ന് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഐഎംഎഫ്. അന്താരാഷ്ട്ര നാണയ നിധി ഇക്കാര്യം വ്യക്തമാക്കിയെങ്കിലും ഈ തിരിച്ചുവരവുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക പ്രശ്നങ്ങളും ഏജന്‍സി വെളിപ്പെടുത്തി.തിരിച്ചുവരവിന്റെ വേഗത്തിലും ഫലപ്രാപ്തിയിലും രാജ്യങ്ങള്‍ തമ്മില്‍ രൂപപ്പെടുന്ന അസമത്വം പ്രശ്നമാകുമെന്ന മുന്നറിയിപ്പാണ് ഐഎംഎഫ് നല്‍കുന്നത്.അസമത്വം പരിഹരിക്കുന്നതിന് പുതിയ സാമൂഹിക കരാര്‍ സജ്ജീകരിക്കണമെന്നും ഐഎംഎഫ് ആവശ്യപ്പെടുന്നു.

ഐഎംഎഫിന്റെ യൂറോപ്പിനായുള്ള റീജിയണല്‍ ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് ഈ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. യൂറോപ്പിന്റെ ഈ വര്‍ഷത്തെ വളര്‍ച്ച 4.5% ആയിരിക്കുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ പ്രവചനത്തേക്കാള്‍ 0.2% കുറവാണ് ഇത് .

കൊറോണ വൈറസിന്റെ പുതിയ തരംഗങ്ങളില്‍ നിന്നുള്ള ലോക്ക് ഡൗണുകളാണ് ഈ കുറവിന് കാരണമെന്നാണ് കരുതുന്നത്.യൂറോപ്പ് 2022ല്‍ 3.9 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഐഎംഎഫ് അറിയിച്ചു.

വാക്സിനുകളെ ‘ഗെയിംചേഞ്ചര്‍’ എന്നാണ് ഐഎംഎഫ് വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും യൂറോപ്പിലെ പുരോഗതിയുടെ വേഗത ‘ഇപ്പോഴും മിതമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഇത് രാജ്യങ്ങളിലുടനീളം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

വ്യാവസായിക ഉല്‍പാദനം പ്രീ-പാന്‍ഡെമിക് തലങ്ങളിലേക്ക് തിരിച്ചെത്തിയെങ്കിലും ക്രൊയേഷ്യ, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരികയാണെന്ന് ഐഎംഎഫ് പറയുന്നു.

തൊഴില്‍ സംരക്ഷണ പദ്ധതികളിലൂടെ 40 രാജ്യങ്ങളിലായി 68 ദശലക്ഷം തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിന് സാധിച്ചിട്ടുണ്ട്.വൈറസ് പരിവര്‍ത്തനങ്ങളും വാക്സിന്‍ പ്രോഗ്രാമുകളുടെ കാലതാമസവുമാണ് വളര്‍ച്ചയുടെ ഏറ്റവും വലിയ ഭീഷണിയെന്ന് ഐ.എം.എഫ്. എടുത്തുപറയുന്നു.

സാമ്പത്തിക സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് സാധിച്ചിട്ടുണ്ട്.ജോലികള്‍ക്കും സാമ്പത്തിക വീണ്ടെടുക്കലിനും തുടര്‍ന്നും പിന്തുണ നല്‍കണമെന്ന് സര്‍ക്കാരുകളോട് ഏജന്‍സി ആവശ്യപ്പെടുന്നു. ചെലവുകളുടെ കൂടുതല്‍ പങ്ക് സര്‍ക്കാര്‍ വഹിക്കേണ്ടതുണെന്നും ഐഎംഎഫ് ഓര്‍മ്മിപ്പിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.