head3
head1

യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് രണ്ടാം തരംഗം കോവാക്സിനായി കൈകോര്‍ത്ത് ലോകത്തെ 184 രാജ്യങ്ങള്‍

ജനീവ : കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷനേടാനുള്ള കോവാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ലോകത്തെ മുഴുവന്‍ രാജ്യങ്ങളും കൈകോര്‍ക്കുന്നു.ലോകത്തെ 184 രാജ്യങ്ങള്‍ വാക്സിനായി സൈന്‍ അപ്പ് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.സമ്പന്ന ദരിദ്ര ഭേദമില്ലാതെ ന്യായമായ നിലയില്‍ വാക്സിന്‍ വിതരണം ചെയ്യുന്നതിന് 184 രാജ്യങ്ങളുടെയും കൂട്ടായ്മ സഹായകമാകുമെന്ന് ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.അതേസമയം,ലോകമെമ്പാടും സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 40 ദശലക്ഷം കടന്നു.

ആകെ 40,066,650 അണുബാധകളും 1,114,860 മരണവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്ന് രാജ്യങ്ങളില്‍ നിന്നാണ് പകുതിയിലധികവും വന്നിട്ടുള്ളത്. അമേരിക്ക-(8,154,935), ഇന്ത്യ -7,550,273 , ബ്രസീല്‍ 5,235,344 എന്നിങ്ങനെയാണത്.കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ മാത്രം 2.5മില്ല്യണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിവാര എണ്ണമാണിത്.

സ്‌പെയിനില്‍ 974,449 കേസുകളും 33,992 മരണവും;നിയന്ത്രണം കര്‍ശനമാക്കി
ഒരു ദശലക്ഷം കേസുകള്‍ പിന്നിട്ടതോടെ സ്‌പെയിനിലെ വിവിധ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.പശ്ചിമ യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കേസുകളുള്ള രാജ്യമാണിത്. വടക്കന്‍ മേഖലയിലെ കാസ്റ്റിലിലെയും ലിയോണിലെയും അധികൃതര്‍ ബര്‍ഗോസ് നഗരവും അടുത്തുള്ള അറണ്ട ഡി ഡ്യുറോയും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു. അവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കുന്നുള്ളു. പ്രദേശത്തെ അണുബാധ നിരക്ക് ഒരു ലക്ഷത്തില്‍ 500 കേസുകള്‍ കവിഞ്ഞതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസങ്ങള്‍ക്ക് സമാനമായ സാഹചര്യത്തിലാണ് സ്ഥിതിയെന്ന് ബര്‍ഗോസ് മേയര്‍ ഡാനിയല്‍ ഡി ലാ റോസ പറഞ്ഞു.ഒക്ടോബര്‍ 9 ന് മാഡ്രിഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച മാത്രം സ്‌പെയിനില്‍ 38,000 കേസുകളാണ് വന്നത്.രാജ്യത്താകമാനം 974,449 കേസുകളും 33,992 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന രോഗികളുടെ എണ്ണം കുതിയ്ക്കുകയാണെന്ന് ഹെല്‍ത്ത് എമര്‍ജെന്‍സി മേധാവി ഫെര്‍ണാണ്ടോ സൈമണ്‍ മുന്നറിയിപ്പ് നല്‍കി.

ഫ്രാന്‍സില്‍ കോവിഡ് -19 ഐസിയു കേസുകള്‍ 2,000ന് മുകളില്‍

ഫ്രാന്‍സില്‍ കോവിഡ് -19 ഐസിയു കേസുകള്‍ 2,000ന് മുകളിലായി. 5 മാസത്തെ ഉയര്‍ന്ന നിരക്കാണിത്.
മെയ് 17ന് ശേഷം ആദ്യമായാണിത്.ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല
ജൂണ്‍ 12ന് ശേഷം ആദ്യമായി രോഗബാധിതരായവരുടെ എണ്ണം 11,000ന് മുകളിലായി.

കഴിഞ്ഞ മാസം ആദ്യം മുതല്‍ കോവിഡ് -19 അണുബാധ കുതിച്ചുയരുന്നതായി ഫ്രാന്‍സ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് പാരീസ് ഉള്‍പ്പെടെ ഒന്‍പത് നഗരങ്ങളില്‍ നാല് ആഴ്ചത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

രാജ്യത്ത് നിലവില്‍ 900,000 കേസുകളുണ്ട്, ഈ ആഴ്ചയും ഒരു മില്ല്യണ്‍ കവിയുമെന്നാണ് കരുതുന്നത്.

ബെല്‍ജിയത്തില്‍ കര്‍ഫ്യു

കഴിഞ്ഞ ആഴ്ചയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം 100% ഉയര്‍ന്ന ബെല്‍ജിയത്തില്‍, ബാറുകളും റെസ്റ്റോറന്റുകളും ഒരു മാസത്തേക്ക് അടച്ചു, കര്‍ഫ്യൂവും പ്രഖ്യാപിച്ചു.11.5 ദശലക്ഷം ജനസംഖ്യയുള്ള രാജ്യമാണ് ബെല്‍ജിയം.ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആളോഹരി അണുബാധാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ബെല്‍ജിയം.ബെല്‍ജിയത്തില്‍ 222,253 കൊറോണ വൈറസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഒരുമാസത്തിനുള്ളിലാണ് രോഗബാധ ഇരട്ടിയായത്. 10,413 മരണമാണ് ഇവിടെയുണ്ടായത്.

സ്‌കൂളുകള്‍ വീണ്ടും തുറന്നെങ്കിലും യൂണിവേഴ്സിറ്റി കാമ്പസുകള്‍ സാധാരണ വിദ്യാര്‍ത്ഥികളുടെ അഞ്ചിലൊന്നായി പരിമിതപ്പെടുത്തി.
ഇറ്റലിയും കര്‍ശന നടപടികളിലേയ്ക്ക്
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇറ്റലിയും കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു.ഈ വര്‍ഷം ആദ്യം മുതല്‍ ഏറ്റവും വലിയ കോവിഡ് കെടുതി നേരിട്ട യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി.റസ്റ്റോറന്റുകളില്‍ ഒരു ടേബിളില്‍ ആറ് പേര്‍ക്കാണ് പ്രവേശനം.ബാറുകള്‍ വൈകുന്നേരം 6 മണിക്ക് അടയ്ക്കും. അമേച്വര്‍ ടീം സ്പോര്‍ട്സും നിരോധിച്ചു.സ്‌കൂളുകളില്‍ സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധിതമാക്കി. ഇറ്റലിയില്‍ വ്യാപകമായ പ്രാദേശിക ഉത്സവങ്ങളും മേളകളും നിരോധിച്ചു.ഇപ്പോള്‍ 36,543 മരണങ്ങള്‍ ഉള്‍പ്പെടെ 414,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വെയില്‍സില്‍ ‘ഫയര്‍ബ്രേക്ക്’ ലോക്ക് ഡൗണ്‍
വെയില്‍സില്‍ രണ്ടാഴ്ചത്തേയ്ക്ക് ‘ഫയര്‍ബ്രേക്ക്’ ലോക്ക്ഡൗണ്‍ ചുമത്തി.വെള്ളിയാഴ്ച വൈകിട്ട് ആറിന് പ്രാബല്യത്തില്‍ വരും.വ്യായാമം പോലെ വളരെ പരിമിതമായ സാഹചര്യങ്ങളൊഴികെ ആളുകള്‍ വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുകയാണ് ഇവിടെ. സാധ്യമാകുന്നിടത്തെല്ലാം വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു.ഭക്ഷ്യേതര ചില്ലറ വ്യാപാരികള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, ഹോട്ടലുകള്‍, ഹെയര്‍ഡ്രെസ്സര്‍മാര്‍, ബ്യൂട്ടിഷ്യന്‍മാര്‍ തുടങ്ങിയ സേവനങ്ങളെല്ലാം അടയ്ക്കും.വിവിധ സ്ഥലങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും അടുത്ത ആഴ്ചകളിലായി വെയില്‍സില്‍ കേസുകള്‍ ഉയര്‍ന്നു.
മെല്‍ബണില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു
അതേസമയം കോവിഡ് കേസുകള്‍ കുറഞ്ഞതോടെ മെല്‍ബണില്‍ മൂന്നുമാസത്തെ സ്റ്റേ അറ്റ് ഹോം നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി. രണ്ടാമത്തെ ബാച്ച് സ്റ്റേ-ഹോം നിയന്ത്രണങ്ങള്‍ ജൂലൈയിലാണ് ആരംഭിച്ചത്.
പോളണ്ടില്‍ സ്റ്റേഡിയം ആശുപത്രിയാക്കി
പോളണ്ടില്‍ കോവിഡ് വ്യാപകമായതോടെ വാര്‍സോയിലെ ദേശീയ സ്റ്റേഡിയത്തില്‍ താല്‍ക്കാലിക ആശുപത്രി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.കഴിഞ്ഞ ആഴ്ചകളില്‍ പോളണ്ടില്‍ ദൈനംദിന കേസുകളിലും മരണങ്ങളിലും റെക്കോര്‍ഡുകള്‍ വര്‍ധനവാണുണ്ടായത്. 500 മുതല്‍ 1000 കോവിഡ് രോഗികളെ കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന ആശുപത്രി സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്

Comments are closed.