head3
head1

അയര്‍ലണ്ടിലെ ബജറ്റില്‍ കാണിക്കുന്ന ‘ഓളം’ കടം വാങ്ങിയുള്ള വെറും കളിയെന്ന് നിരീക്ഷകര്‍

ഡബ്ലിന്‍ : സര്‍ക്കാര്‍ ബജറ്റില്‍ കാണിക്കുന്ന ‘ഓളം’ കടം വാങ്ങിയുള്ള വെറും കളിയാണെന്ന് സാമ്പത്തിക വിദഗ്ധരുടെയും നിരീക്ഷകരുടെയും വിലയിരുത്തല്‍. വന്‍തോതില്‍ കടം വാങ്ങി ചെറിയ തോതില്‍ എല്ലാവര്‍ക്കും നല്‍കുകയെന്ന സിംപിള്‍ ലോജിക്കാണ് ധനമന്ത്രി പാസ്‌കല്‍ ഡോണോയും സര്‍ക്കാരും സ്വീകരിച്ചിട്ടുള്ളതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കടബാധ്യതകള്‍ എവിടെയെത്തുമെന്ന് സര്‍ക്കാരിനും മന്ത്രിയ്ക്കുമൊക്കെ അറിയാമെങ്കിലും ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും അത്രകണ്ട് മനസ്സിലായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് ഇവര്‍ പറയുന്നു. ഒരു വശത്തുനിന്നും വായ്പ വാങ്ങി കുടുംബാംഗങ്ങള്‍ക്കെല്ലാം അല്‍പ്പാല്‍പ്പമായി കൊടുത്ത് ഒടുവില്‍ കടക്കെണിയില്‍ കുടുങ്ങുന്ന ഗൃഹനാഥന്റെ ജോലി മാത്രമേ സര്‍ക്കാര്‍ ചെയ്യുന്നുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടുന്ന കടം ആരറിയുന്നു...

2020ലെ നമ്മുടെ ദേശീയ കടം 219 ബില്യണ്‍ യൂറോ ആയിരുന്നു. ഇപ്പോഴത് കൂടി വരികയാണ്. അപ്പോഴത് 252.2 ബില്യണ്‍ യൂറോയായിരിക്കുമെന്നും ബജറ്റിലൂടെ കാണാം. കുറഞ്ഞ പലിശ നിരക്കിലാണ് വായ്പ ലഭിക്കുന്നതെന്ന ന്യായമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇതുയര്‍ത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാരിന് ആലോചനയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയാല്‍ കടം ഗണ്യമായി വര്‍ധിക്കും. പിന്നീടത് കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടാകും. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അടുത്ത വര്‍ഷം പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന സൂചനയാണുള്ളത്. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ വന്‍കെണിയിലാകും.

കാര്‍ബണ്‍ നികുതിയെന്ന ഭൂതം

2030 ആകുമ്പോഴേക്കും മലിനീകരണത്തിന്റെ തോത് 51% കുറയ്ക്കുകയെന്ന വലിയ ലക്ഷ്യം കൈവരിക്കുന്നതിനാണ് വലിയ കടങ്ങളൊക്കെ വാങ്ങിയിട്ടുള്ളത്. അത് മുന്‍നിര്‍ത്തിയാണ് കാര്‍ബണ്‍ നികുതി കൂട്ടുന്നത്. 2022ല്‍ കാര്‍ബണ്‍ നികുതി ഏകദേശം 412 മില്യണ്‍ യൂറോ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 വരെ എല്ലാ വര്‍ഷവും അത് കൂടിക്കൊണ്ടേയിരിക്കും. ഇതിന് ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ തിരിഞ്ഞുകുത്തുന്ന വിഷയമാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇതിനെയൊന്നും പ്രതിപക്ഷം വേണ്ടവിധത്തില്‍ മനസ്സിലാക്കിയിട്ടുണ്ടോയെന്ന സംശയം നിരീക്ഷകര്‍ക്കുണ്ട്.

പ്രതിപക്ഷം കാണാതെ പോകുന്നോ…

വാടകക്കാര്‍ക്കും ആരോഗ്യരംഗത്തെക്കുറിച്ചുമെല്ലാം കടുത്ത വിമര്‍ശനമുന്നയിച്ച സിന്‍ഫെയ്ന്‍ നേതാവ് പിയേഴ്സ് ഡോഹെര്‍ട്ടി പോലും ഇക്കാര്യത്തില്‍ പ്രതികരിച്ചതായി കണ്ടില്ല. വര്‍ധിക്കുന്ന വിലകള്‍ക്കിടയില്‍ ഊര്‍ജ്ജ വില വര്‍ദ്ധിപ്പിക്കുന്നത് തെറ്റാണെന്നാണ് ഇദ്ദേഹം പറഞ്ഞത്. കത്തിക്കൊണ്ടിരിക്കുന്ന ലോകത്തെ രക്ഷിക്കാനും വരുംതലമുറയെ രക്ഷിക്കാനും ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും, ഊര്‍ജ്ജവില വര്‍ധിപ്പിച്ചാലെന്താ ഫ്യുവല്‍ അലവന്‍സും വര്‍ധിപ്പിച്ചിട്ടുണ്ടല്ലോയെന്ന പബ്ലിക് എക്സപെന്‍ഡിച്ചര്‍ മന്ത്രിയുടെ മറു ചോദ്യത്തിലും അതും മുങ്ങിപ്പോയി.

കടം വാങ്ങാന്‍ ഇനിയും അവസരമുണ്ടല്ലോ…

പാന്‍ഡെമിക് വായ്പ ഈ വര്‍ഷം നിര്‍ത്തലാക്കില്ലെന്നും 2023ലെ ബജറ്റില്‍ അത് സാധിക്കൂവെന്നും ധനമന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞതും വെറുതെയല്ല. കാരണം, കടം വാങ്ങാന്‍ ഇനിയും അവസരമുണ്ടല്ലോയെന്ന മനസ്സോടെയാണെന്ന് വിമര്‍ശകര്‍ പറയുന്നു. ശക്തമായ നികുതി ശേഖരണത്തിലൂടെ പ്രത്യേകിച്ച് വാറ്റ്, ആദായനികുതി എന്നിവയിലൂടെ താരതമ്യേന സുരക്ഷിതമായ സ്ഥാനത്താണ് ഖജനാവെന്നാണ് ധനമന്ത്രിയുടെ അവകാശ വാദം.

യാദൃശ്ചികമല്ല ഈ താരതമ്യം

സോളിഡാരിറ്റി പാര്‍ട്ടിയില്‍ നിന്നുള്ള സോഷ്യലിസ്റ്റ് ഡെപ്യൂട്ടി മിക്ക് ബാരി, അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥയെ ദക്ഷിണ കൊറിയന്‍ ഹിറ്റ് ഷോ ‘സ്‌ക്വിഡ് ഗെയിമു’മായി താരതമ്യം ചെയ്തു. കടം കയറി മുടിഞ്ഞ ഡസന്‍ കണക്കിന് സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ ഒരു വലിയ ഡോളിന്റെ വെടിയേറ്റ് മരിക്കുന്നതാണ് ഗെയിം. ഇതിന് അയര്‍ലണ്ടിന്റെ സ്ഥിതിയുമായി എന്തെങ്കിലും സാമ്യം തോന്നിയാല്‍ യാദൃശ്ചികമായിരിക്കില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.