head1
head3

പ്രതീക്ഷകള്‍ക്ക് നടുവില്‍ അയര്‍ലണ്ടില്‍ ഇന്ന് ബജറ്റ്

ഡബ്ലിന്‍ : പ്രതീക്ഷകള്‍ക്ക് നടുവില്‍ അയര്‍ലണ്ടില്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കും. കെയറേഴ്സ് അലവന്‍സ് ഉള്‍പ്പടെ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസം, ശിശുസംരക്ഷണം, സാമൂഹിക സുരക്ഷ, ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലകള്‍ എന്നിവയെയൊക്കെ കേന്ദ്രീകരിച്ചുള്ള വിവിധ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. പെന്‍ഷന്‍കാരുടെ എണ്ണത്തില്‍ ഉയര്‍ന്ന വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് പ്രതിസന്ധിയുടെ നിഴലിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്. പൂര്‍ണ്ണമായും വിട്ടൊഴിയാതെ നിര്‍ണ്ണായക ഘടകമായി ഇക്കുറിയും കോവിഡ് ബജറ്റിലിടം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ബജറ്റില്‍ 1.5 ബില്യണ്‍ യൂറോ പുതിയ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ മൂന്നിലൊന്നും നികുതി മാറ്റങ്ങള്‍ക്കും 1 ബില്യണ്‍ യൂറോ പുതിയ ചെലവുകള്‍ക്കുമായാണ് നീക്കിവയ്ക്കുക. പുരോഗമനപരമായ ബജറ്റായിരിക്കുമെന്നാണ് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി മൈക്കല്‍ മഗ്രാത്തിന്റെ അവകാശവാദം.

വിവാദം നീളുന്ന പാന്‍ഡെമിക് ബോണസ്, അധിക ബാങ്ക് അവധി എന്നിവ സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ആരോഗ്യ മേഖലയ്ക്ക് കാര്യമായ ബജറ്റ് പ്രതീക്ഷകളില്ല.

വിദ്യാഭ്യാസ-ശിശുസംരക്ഷണത്തിന് മുന്തിയ പരിഗണന

ശിശുസംരക്ഷണ പദ്ധതിയ്ക്ക് ബജറ്റില്‍ ഊന്നലുണ്ടാകുമെന്നാണ് കരുതുന്നത്. ശിശുസംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. ആദ്യകാല വിദ്യാഭ്യാസത്തില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും നിലനിര്‍ത്തുന്നതിനും പദ്ധതിയുണ്ടാകും.

വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ താങ്ങുന്നതിന് മാതാപിതാക്കള്‍ക്ക് സഹായം ലഭിക്കുമെന്നും കരുതുന്നു.

ബാക്ക് ടു സ്‌കൂള്‍ അലവന്‍സ് 10 യൂറോ വര്‍ദ്ധിപ്പിക്കുമെന്ന് സൂചനയുണ്ട്. അതേസമയം, സിംഗിള്‍ രക്ഷിതാക്കള്‍ക്കായിരിക്കും ഇതിന് അര്‍ഹത ലഭിക്കുക.

ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്കുള്ള ഡൊമിസിലിയറി അലവന്‍സ് മൂന്നില്‍ നിന്നും ആറ് മാസത്തേക്ക് നീട്ടും. കോര്‍ ക്ഷേമ പേയ്‌മെന്റുകളില്‍ 5 യൂറോയുടെ വര്‍ദ്ധനവ് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ജനുവരി മുതലാകും ഇത് പ്രാബല്യത്തില്‍ വരിക.

വിദ്യാഭ്യാസത്തില്‍ 1,000 പുതിയ എസ്എന്‍എ തസ്തികകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. കൂടുതല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടുത്തി ഡിഇഐഎസ് പദ്ധതി വിപുലീകരിക്കാനും തീരുമാനമുണ്ട്.

പത്ത് വര്‍ഷത്തിനുള്ളില്‍ ആദ്യമായി വിദ്യാര്‍ഥി ഗ്രാന്റില്‍ വര്‍ദ്ധനവ് വരുത്താനും സാധ്യതയുണ്ട്.

കെയറര്‍മാര്‍ക്കുള്ള അലവന്‍സ് വിപുലീകരിച്ചേക്കും

കെയറര്‍മാര്‍ക്കുള്ള അലവന്‍സ് ഈ ബജറ്റില്‍ വിപുലീകരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയിരക്കണക്കിന് കെയര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സാമൂഹിക സുരക്ഷാ വിഹിതത്തില്‍ 200 മില്യണ്‍ യൂറോയാണ് ഇതിനായി കൂടുതല്‍ നീക്കിവെച്ചിരിക്കുന്നത്. പ്രതിമാസം 750 യൂറോ വരെ വരുമാനമുള്ള ദമ്പതികള്‍ക്കും 350 യൂറോ വരുമാനമുള്ള അവിവാഹിതര്‍ക്കും പേയ്‌മെന്റ് സ്വീകരിക്കുന്ന വിധത്തിലാണ് പദ്ധതി വിപുലീകരിക്കുന്നത്. 14 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഈ അലവന്‍സ് പരിഷ്‌കരിക്കുന്നത്.

വെല്‍ഫെയര്‍ അലവന്‍സുകള്‍ ഇരട്ടിയാക്കും

ക്രിസ്മസ് മുന്‍നിര്‍ത്തി വെല്‍ഫെയര്‍ അലവന്‍സുകള്‍ ഇരട്ടിയാക്കിയേക്കും. ഇതിനായി 315 മില്യണ്‍ യൂറോയാകും ചെലവിടുക. ഇന്ന് രാത്രി മുതല്‍ ഇന്ധന അലവന്‍സ് 5 യൂറോ വര്‍ദ്ധിക്കും.

800 ഗാര്‍ഡകളെ കൂടുതലായി നിയമിക്കും

അടുത്ത വര്‍ഷം 800 അധിക ഗാര്‍ഡകളെ റിക്രൂട്ട് ചെയ്യാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടാകും. ഗാര്‍ഡ മൗണ്ടന്‍ ബൈക്ക് യൂണിറ്റുകളില്‍ 20% വര്‍ദ്ധനവിനും സാധ്യതയുണ്ട്. ഡബ്ലിനിലും മറ്റ് നഗര കേന്ദ്രങ്ങളിലുമാകും ഇവരെ വിന്യസിക്കുക.

കലാകാരന്മാര്‍ക്ക് സഹായം

കലാകാരന്മാര്‍ക്ക് അടിസ്ഥാന വരുമാനം നല്‍കുന്നതിനുള്ള പൈലറ്റ് സ്‌കീമും ഇന്ന് പ്രഖ്യാപിച്ചേക്കും. അതേസമയം, ലൈവ് ഇവന്റ് മേഖലയ്ക്ക് അടുത്ത വര്‍ഷം 25 മില്യണ്‍ യൂറോയുടെ സഹായ പദ്ധയിയും വന്നേക്കും.

ബിസിനസ്സുകാര്‍ക്ക് പിന്തുണ തുടരും

വേതന സപ്പോര്‍ട്ട് സ്‌കീം ഉള്‍പ്പെടെ ബിസിനസുകള്‍ക്കായി വിവിധ പദ്ധതി നടപ്പാക്കുമെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. വ്യോമയാന മേഖലകളെ സഹായിക്കുന്നതിനും പദ്ധതിയുണ്ട്. ഹോസ്പിറ്റാലിറ്റിയുള്‍പ്പടെ വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങളിലും സര്‍ക്കാരിന്റെ സഹായമെത്തും. എന്നിരുന്നാലും ഇത് എക്കാലത്തേയ്ക്കും പ്രതീക്ഷിക്കരുത്. അടുത്ത വര്‍ഷത്തേക്ക് തുടരാമെന്നാണ് കരുതുന്നതെന്നും വരദ്കര്‍ പറഞ്ഞു.

മൊത്തം 4.7ബില്യണ്‍ യൂറോയുടെ പായ്ക്കേജാണ് സര്‍ക്കാരിനുള്ളത്. 500മില്യണ്‍ യൂറോയുടെ നികുതി പായ്ക്കേജും 4.2 ബില്യണ്‍ യൂറോയുടെ അധികച്ചെലവുമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും വരദ്കര്‍ പറഞ്ഞു. കോവിഡ് ഏറ്റവും കൂടുതല്‍ ദോഷം ചെയ്ത ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിന് 100 മില്യണ്‍ യൂറോയുടെ പദ്ധതികളാകും ടൂറിസം മന്ത്രി കാതറിന്‍ മാര്‍ട്ടിന്‍ ലക്ഷ്യമിടുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.