head3
head1

അയര്‍ലണ്ടില്‍ നിന്നും നാടുകടത്തല്‍ തുടരുന്നു, റെയ്ഡുകളും

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിന്നുള്ള നാടുകടത്തല്‍ (ഡീപോര്‍ട്ടേഷന്‍) തുടരുമ്പോഴും ബ്രസീലില്‍ നിന്നുള്ളവരുടെ അഭയാര്‍ത്ഥി അപേക്ഷകള്‍ പെരുകുന്നതായി കണ്ടെത്തല്‍.

42 ബ്രസീലിയന്‍ പൗരന്മാരെ കഴിഞ്ഞ ആഴ്ച അയര്‍ലണ്ടില്‍ നിന്നും നാടുകടത്തിയിരുന്നു.ഈ ഓപ്പറേഷന് ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ (ജി എന്‍ ഐ ബി)യാണ് നേതൃത്വം നല്‍കിയത്.ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന 15 പേരുള്‍പ്പെടെ 42 പേരെയാണ് നാടുകടത്തിയത്.ഇതിന് ശേഷവും 100 പേരുടെ ബ്രസീല്‍ നിന്നുള്ള അപേക്ഷകള്‍ പുതിയതായി വന്നെന്ന് ഗാര്‍ഡ പറഞ്ഞു.

നാടുകടത്തല്‍ ഉത്തരവുകള്‍ കൈവശം വച്ചിരിക്കുന്ന ആളുകള്‍ രാജ്യത്ത് ഇപ്പോള്‍ താമസിക്കുന്നില്ലെന്നും ജി എന്‍ ഐ ബി സ്ഥിരീകരിച്ചു.നാടുകടത്തല്‍ ഉത്തരവിലുള്‍പ്പെട്ടവര്‍ എവിടെയാണെന്ന് ഉറപ്പിക്കുന്നതിന് അന്വേഷണം നടത്തുന്നുണ്ടെന്നും ഗാര്‍ഡ പറഞ്ഞു.

നൂറുകണക്കിന് ബ്രസീലിയന്‍ പൗരന്മാരാണ് അയര്‍ലണ്ടില്‍ ഒളിച്ചു കഴിയുന്നത്. ഇംഗ്‌ളീഷ് പഠിക്കാന്‍ അയര്‍ലണ്ടിലെത്താനുള്ള പ്രത്യേക സൗകര്യം ഉപയോഗിച്ചാണ് കുറ്റവാളികള്‍ അടക്കമുള്ള ഒട്ടേറെ ബ്രസീലിയന്‍ പൗരന്മാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന ബ്രസീലിയന്‍ പൗരന്മാരെ കണ്ടെത്തി നാടു കടത്തിയത് നിയമവിരുദ്ധമായി കഴിയുന്നവരെ നീക്കം ചെയ്യുന്നതിനുള്ള ആന്‍ ഗാര്‍ഡയുടെ പ്രതിബദ്ധത വെളിവാക്കുന്നതെന്ന് ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയുടെ തലവനായ ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ഐഡന്‍ മിന്നോക്ക് പറഞ്ഞു.

15 ബ്രസീലിയന്‍ തടവുകാരും നാടുകടത്തപ്പെട്ടവരില്‍ പെടുന്നു.ജയില്‍ കാലാവധി അവസാനിക്കാറായവരെയാണ് തിരിച്ചയച്ചതെന്ന് അദ്ദേഹം പറഞ്ഞു.ഈ വര്‍ഷം ഇതുവരെ, 2,713 നാടുകടത്തല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. 1,386 പേരെ നീക്കം ചെയ്തു.ഈ വര്‍ഷം ഓഗസ്റ്റ് 29 വരെ 2,713 നാടുകടത്തല്‍ ഉത്തരവുകള്‍ ഒപ്പിട്ടതായി നീതിന്യായ വകുപ്പ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ 1285 ഉത്തരവുകളായിരുന്നു പുറപ്പെടുവിച്ചത്.ജൂണില്‍, അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 35 പേരെ അയര്‍ലണ്ടില്‍ നിന്ന് നൈജീരിയയിലേക്കും ഫെബ്രുവരിയില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ 32 പേരെ ജോര്‍ജിയയിലേക്കും നാടുകടത്തി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.