head1
head3

ചെങ്കോട്ടയില്‍ അതിക്രമിച്ച്  കടന്ന് പതാക നാട്ടി,കര്‍ഷകര്‍  പ്രതിഷേധം അവസാനിപ്പിച്ച് സമരഭൂമിയിലേയ്ക്ക്  മടങ്ങുന്നു

ഡല്‍ഹി :റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി കഴിഞ്ഞ് കര്‍ഷകര്‍ സമരഭൂമിയിലേക്ക് മടങ്ങുന്നു.കോണ്‍ഗ്രസും .എ എ പിയുമടക്കം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തള്ളുകയും,അനാവശ്യ നീക്കത്തിലൂടെ മുന്നേറി ഒരു വിഭാഗം  ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുകയും ചെയ്തതോടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് തിരിച്ചടിയായി.

ഇന്ന് രാവിലെയോടെയാണ് ദല്‍ഹി നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ കീഴടക്കിയ പ്രക്ഷോഭകര്‍ രാജ്‌കോട്ട്, ചെങ്കോട്ട എന്നിവിടങ്ങള്‍ വളഞ്ഞത്. ഇതിന ്പിന്നാലെ ചെങ്കോട്ടയ്ക്ക് മുകളില്‍ കയറി കര്‍ഷക സംഘടനകളുടെ കൊടികള്‍ സ്ഥാപിക്കുകയുമായിരുന്നു.ഇതിന് പിന്നാലെ വ്യാപക സംഘര്‍ഷമാണ് ദല്‍ഹിയില്‍ കര്‍ഷകരും പൊലീസും തമ്മില്‍ നടന്നത്.

ചെങ്കോട്ടയില്‍ ഉയര്‍ത്തിയ പതാക നിഷാന്‍ സാഹിബ് എന്നാണ് അറിയപ്പെടുന്നത്. സിഖ് മതവിശ്വാസത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന പതാകയാണിത്. സാധാരണയായി ഗുരുദ്വാരകള്‍ക്ക് മുകളിലായാണ് ഈ പതാക ഉയര്‍ത്താറുള്ളത്. ഈ പതാകയ്ക്കുള്ളില്‍ നീല നിറത്തിലുള്ള സിഖ് ചിഹ്നവുമുണ്ട്. ഇത് ഖണ്ട എന്നാണ് അറിയപ്പെടുന്നത്. ഇരട്ടത്തലയുള്ള വാളാണ് ഈ നീലനിറമുള്ള ഭാഗത്തുള്ള ചിഹ്നം.സാഫ്രോണ്‍ നിറത്തിലുള്ള ഒരു ആവരണവും ഈ പതാകയ്ക്കുണ്ട്




കര്‍ഷകര്‍ ഖലിസ്ഥാനികളാണെന്ന ഹാഷ് ടാഗ് ഇതിനോടകം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ നാലാമതാണ്. ഈ ഘട്ടത്തിലാണ് കര്‍ഷകര്‍ ത്രിവര്‍ണ പതാക മാറ്റി ഖലിസ്ഥാനി പതാക ഉയര്‍ത്തിയെന്ന പ്രചരണവും ശക്തമാകുന്നത്. ഇതിനോടകം തന്നെ പല മുതിര്‍ന്ന നേതാക്കളും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ കര്‍ഷകരുടെ നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലി സംഘര്‍ഷങ്ങളോടെയാണ് അവസാനിച്ചത്.ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കര്‍ഷകരെത്തിയിട്ടുണ്ട്.സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു.

പിന്നീട് കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങി.

പ്രക്ഷോഭകാരികളെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍

ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പോലീസും തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ നടന്ന ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.
ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ കൂടുതല്‍ നിയോഗിക്കും
ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ കൂടുതല്‍ നിയോഗിക്കും.

കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.കര്‍ഷകരെ നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ ഇറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

റിപ്പബ്ലിക് ദിന ആഘോഷം കഴിഞ്ഞയുടനെ ചെങ്കോട്ടയില്‍ കയറി കര്‍ഷകര്‍ അവരുടെ കൊടി ഉയര്‍ത്തിയതും ദല്‍ഹിയിലേക്ക് വ്യാപകമായി കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയതും സര്‍ക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

അതിനിടെ അക്രമങ്ങളെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തി. കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് മടങ്ങണണെന്നും ഡല്‍ഹിയിലുണ്ടായ അക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകന്‍ കൊല്ലപ്പെട്ടു

കര്‍ഷകരുടെ റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹിയിലെ ഐടിഒയ്ക്ക് സമീപം ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ ബാജ്പൂരില്‍ നിന്നുള്ള നവനീത് സിംഗ് ആണ് മരിച്ചത്. ഡല്‍ഹി പൊലീസിന്റെ വെടിയേറ്റാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പറഞ്ഞു.

അന്തര്‍ദേശിയ മാധ്യമങ്ങള്‍

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോള്‍ തലസ്ഥാനത്ത് തന്നെ ലക്ഷക്കണക്കിന് പേരെ അണിനിരത്തി രണ്ട് മാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രതിഷേധം വലിയ പ്രാധാന്യത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സി.എന്‍.എന്‍, അല്‍-ജസീറ, ദ ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ കര്‍ഷക സമരത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും വലിയ പ്രാധാന്യത്തിലാണ് വാര്‍ത്തയാക്കിയിരിക്കുന്നത്. രാജ്യത്തെ കര്‍ഷകരുടെ സമരം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ റിപ്പോര്‍ട്ടുകള്‍ വഴിവെച്ചേക്കും. നേരത്തെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയടക്കം കര്‍ഷക സമരത്തിന് പിന്തുണ നല്‍കിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H



Comments are closed.