ഡബ്ലിന്‍ : പിയുപി തട്ടിപ്പിലൂടെ രാജ്യത്തിന്റെ 1,83,000 യൂറോ തട്ടിയെടുത്ത കേസില്‍ രണ്ടു നൈജീരിയക്കാര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇമെയിലൂടെ നടത്തിയ തട്ടിപ്പിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഗൂഢാലോചനയിലും രണ്ട് പേര്‍ പങ്കാളികളാണ്. കേസ് അടുത്ത നവംബര്‍ 10ന് പരിഗണിക്കും. നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ അന്തിമമാക്കുന്നതിനാണ് കേസ് മാറ്റിവെച്ചത്. ഇരുവരും റിമാന്‍ഡിലാണ്. എച്ച് .എസ്.ഇ, ടുസ്ല ജീവനക്കാരുടെ പേരിലാണ് പിയുപി അടിച്ചുമാറ്രിയത്.
തട്ടിയത് 61 പേരുടെ പണം
കോര്‍ക്ക് സ്വദേശികളായ ഒലുവാഗ്‌ബെവികെ ലൂയിസ് (36) ബഷീരു അഡെറിബിഗെ (45) എന്നിവരാണ് ഇമെയിലിലൂടെ പിയുപി തട്ടിയെടുത്ത കേസില്‍ കുടുങ്ങിയത്. 74 പേര്‍ക്കാണ് ഇവര്‍ ഇമെയിലുകള്‍ അയച്ചത്. 74 പേരില്‍ 61 പേരും തട്ടിപ്പിനിരയായി.
ക്ലോണ്‍ ചെയ്ത നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിലേക്ക് അവരെ കൊണ്ടുവന്ന് ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു ഇവര്‍ ചെയ്തത്. ജൂറി ഡ്യൂട്ടിക്കായി സൈന്‍ അപ്പ് ചെയ്യുകയാണെന്ന് വിശ്വസിപ്പിച്ചാണ് വ്യക്തിഗത വിവരങ്ങള്‍ വാങ്ങിയത്. ഇതുപയോഗിച്ച് പിയുപി പേയ്‌മെന്റുകള്‍ ക്ലെയിം ചെയ്യുകയായിരുന്നു.
ഇതിലുള്‍പ്പെട്ട വ്യക്തികള്‍ എച്ച്എസ്ഇ, തുസ്ലയില്‍ ജോലി ചെയ്തിരുന്നു. അവരുടെ ജോലിയെ കോവിഡ് പ്രതിസന്ധി ബാധിച്ചിരുന്നില്ല. എന്നിട്ടും, അവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് പിയുപി ക്ലെയിം ചെയ്തു. പിന്നീട് ഇത് യഥാര്‍ത്ഥ അവകാശവാദമല്ലെന്ന് തെളിയുകയായിരുന്നു.
സംഭവത്തിന് അന്താരാഷ്ട്ര കണക്ഷനും
സുഹൃത്തുക്കളായ ഇരുപ്രതികളും തട്ടിപ്പിനെക്കുറിച്ച് വാട്ട്‌സാപ്പില്‍ പതിവായി ചാറ്റ് ചെയ്തിരുന്നു. ‘ചെയര്‍മാന്‍’, ‘എബോണി’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടു പേരെ ഈ വിവരങ്ങള്‍ അറിയിച്ചിരുന്നുവെന്നും ഗാര്‍ഡ ജഡ്ജി ഹെലന്‍ ബോയ്ലിയെ അറിയിച്ചു.
ഒരാള്‍ കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ
കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന് മിഡില്‍ടണില്‍ മെഴ്‌സിഡസില്‍ കറങ്ങവെ സംശയം തോന്നി ലൂയിസിനെ ഗാര്‍ഡ പിടി കൂടിയതോടെയാണ് കുറ്റകൃത്യങ്ങള്‍ പുറത്തുവന്നത്. ലൂയിസ് നല്‍കിയ ഐഡന്റിറ്റിയില്‍ ഗാര്‍ഡയ്ക്ക് സംശയം തോന്നിയതോടെ ഇയാളുടെ കാറില്‍ കൂടുതല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. പരിശോധനയില്‍ രണ്ട് പാസ്‌പോര്‍ട്ടുകളും വിവിധ പിടിഎസ്ബി ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും കണ്ടെടുത്തു.
ലൂയിസി(36)ന്റെ ഫോട്ടോ പതിച്ച വേറെ പേരുള്ള മറ്റൊരു പാസ്‌പോര്‍ട്ടും കണ്ടെത്തി. ഇതേ തുടര്‍ന്ന് ലൂയിസിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ച്, 57 ബാങ്ക് അക്കൗണ്ടുകളും പിയുപി പേയ്‌മെന്റിനായി തരപ്പെടുത്തി. 121 അപേക്ഷകള്‍ നല്‍കി. 28 ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ഒമ്പത് വിലാസങ്ങള്‍ ഉപയോഗിച്ചതായും ഗാര്‍ഡ പറഞ്ഞു. വഞ്ചനാപരമായി ക്ലെയിം ചെയ്ത 1,83,000 യൂറോയില്‍ 34,458 യൂറോ ഗാര്‍ഡ തിരിച്ചുപിടിച്ചു. ആ പണം ബാങ്ക് അക്കൗണ്ടില്‍ മരവിപ്പിച്ചിരിക്കുകയാണ്.
കൂട്ടാളിയെ പിടികൂടിയത് സിസിടിവി
ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് അഡരിബിഗെ (45) കുടുങ്ങിയത്. 13 തവണകളായി 11,270 യൂറോയില്‍ കൂടുതല്‍ തുക ഇയാള്‍ പിന്‍വലിച്ചിരുന്നു. ഒരു മില്യണ്‍ യൂറോ വരെ കൈവശം വയ്ക്കാന്‍ അനുവദിക്കുന്ന അക്കൗണ്ടുകള്‍ ഇരുവരും തുറന്നിരുന്നു. നൈജീരിയയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പാണ് ലൂയിസ് ഇവിടെയെത്തിയത്. അഡെരിബിഗ് ടാക്സി ഡ്രൈവറായിരുന്നുവെന്ന് ഇയാളുടെ ബാരിസ്റ്റര്‍ സിനേദ് ബെഹാന്‍ പറഞ്ഞു. ജന്മനാടായ നൈജീരിയയില്‍ പ്രായമായ അമ്മയും കുടുംബവുമുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.