head3
head1

പത്തിലധികം വീടു വാങ്ങുന്നവര്‍ക്ക് 10% സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തും,കുക്കൂഫണ്ടുകള്‍ക്ക് കടിഞ്ഞാണിടാന്‍ പൊടിക്കൈയുമായി സര്‍ക്കാര്‍

ഡബ്ലിന്‍ : ഭവനഎസ്റ്റേറ്റുകളിലും മറ്റും വീടുകള്‍ വാങ്ങിക്കൂട്ടുന്ന കുക്കൂഫണ്ടുകള്‍ക്ക് കടിഞ്ഞാണിടാന്‍ പൊടിക്കൈയുമായി സര്‍ക്കാര്‍.പത്ത് വീടുകളിലധികം വാങ്ങിക്കുന്നവര്‍ക്ക് 10% സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതി.നിലവില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയിലെ സ്റ്റാമ്പ് ഡ്യൂട്ടി ആദ്യത്തെ 1 മില്യണ്‍ യൂറോയ്ക്ക് ഒരു ശതമാനമാണ്.ഇതാണ് പത്ത് ശതമാനമാക്കുന്നത്.

വന്‍കിട നിക്ഷേപകര്‍ വീടുകള്‍ വാങ്ങിക്കൂട്ടുന്നതിനാല്‍ ആവശ്യക്കാരന് വീട് കിട്ടാത്ത സ്ഥിതിയുണ്ടാകുന്നു.മാത്രമല്ല വിലയും വര്‍ധിക്കുന്നു. ഇത് തടയുന്നതിനാണ് സര്‍ക്കാരിന്റെ നീക്കം.ഭവന പ്രതിസന്ധിയെ നേരിടാനും ആദ്യമായി വാങ്ങുന്നവരെയും മറ്റുള്ളവരെയും പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ ഒഴിവാക്കുന്നത് തടയാനും ലക്ഷ്യമിടുന്ന പാക്കേജിന്റെ ഭാഗമാണിത്.

അപ്പാര്‍ട്ടുമെന്റുകളുടെ ബ്ലോക്കുകള്‍ വാങ്ങുന്നവര്‍ക്ക് ഈ വ്യവസ്ഥ ബാധകമാകില്ലെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ടാകും.കൂടാതെ പ്രാദേശിക അതോറിറ്റികളെയും അംഗീകൃത ഭവന സ്ഥാപനങ്ങളെയും ഈ നിയമത്തില്‍ നിന്നും ഒഴിവാക്കും.എല്ലാ ഓണര്‍-ഒക്യുപ്പയര്‍മാര്‍ക്കും പുതിയ ഭവന വികസനത്തിന്റെ ഭാഗമാകാനും കഴിയും.

തുടക്കത്തില്‍ ആദ്യ വാങ്ങലുകാരെ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളു. എന്നാല്‍ പിന്നീട് ഓണര്‍-ഒക്യുപ്പയര്‍മാരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.ആദ്യ വാങ്ങലുകാര്‍ക്ക് പുതിയ ഭവന പദ്ധതികളുടെ 50-80%മുതല്‍ ‘സംവരണം’ ചെയ്യുന്നതാണ് പദ്ധതി.സോഷ്യല്‍, അഫോര്‍ഡബിള്‍ ഭവന നിര്‍മ്മാണം സംബന്ധിച്ച പാര്‍ട്ട് വി പ്രതിബദ്ധതകളോടൊപ്പമാകും ഇതും ഉള്‍ക്കൊള്ളിക്കുക.

കുക്കൂഫണ്ടുകള്‍ക്ക് മൂക്കുകയറിടുന്നതിനുള്ള ഭവനബില്ലിന്മേല്‍ ഇന്ന് ഡെയ്ലില്‍ വോട്ടെട്ടുപ്പ് നടക്കുമെന്നാണ് സൂചന. ഈ ബില്‍ പാസായാല്‍ അയര്‍ലണ്ടിലെ ഭവന വിപണിയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഈ നിയമം പാസ്സാക്കുന്നതിന് എല്ലാ പാര്‍ട്ടികളുടെയും പിന്തുണ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

വന്‍ തോതില്‍ വീടുകള്‍ വാങ്ങിക്കൂട്ടി വ്യക്തിഗത യൂണിറ്റുകളായി വിഭജിച്ച് നിയമങ്ങള്‍ ലംഘിക്കുന്നത് തടയുന്നതിനും ഈ നിയമം ഉന്നമിടുന്നു.ഒരു വര്‍ഷത്തിനുള്ളില്‍ പത്താമത്തെ വീട് വാങ്ങുമ്പോള്‍ ചാര്‍ജ് ഈടാക്കുന്നതിനാണ് വ്യവസ്ഥ വരിക.ഈ ഡീലുകള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസമെന്ന പരിവര്‍ത്തന കാലയളവും ബാധകമാക്കും. അപ്പാര്‍ട്ട്മെന്റ് വികസനത്തിന് ഇത് ബാധകമാകില്ല.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.