വാഷിംഗ്ടണ്‍ : അമേരിക്കയില്‍ വെടിയേറ്റ് മരിച്ച ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നയാളിന്റെ ചിത്രം എഫ് ബി ഐ പുറത്തുവിട്ടു.യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് കിര്‍ക്കിന് വെടിയേറ്റത്.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം അപലപിച്ചു.
അതേ സമയം,ചാര്‍ളി കിര്‍ക്കിനോടുള്ള ആദരവിനായി വൈറ്റ് ഹൗസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പതാകകള്‍ ഞായറാഴ്ച വരെ പകുതി താഴ്ത്തിക്കെട്ടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു.കിര്‍ക്കിന് മരണാനന്തരം രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി-പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
അമേരിക്കന്‍ ഐക്യനാടുകളിലെ യുവാക്കളെ ചാര്‍ലിയേക്കാള്‍ നന്നായി മറ്റാര്‍ക്കും മനസ്സിലാക്കാനായിട്ടില്ല.ഞാനടക്കം എല്ലാവരും, അദ്ദേഹത്തെ സ്നേഹിച്ചു- ട്രംപ് സോഷ്യല്‍ മീഡിയയില്‍ എഴുതി.വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സുഹൃത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
ബേസ്ബോള്‍ തൊപ്പിയും ഡാര്‍ക്ക് ഗ്ലാസും സാധാരണ വസ്ത്രവും ധരിച്ച ഒരാളുടെ ചിത്രമാണ് എഫ് ബി ഐയുടെ സാള്‍ട്ട് ലേക്ക് സിറ്റി ഫീല്‍ഡ് ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തത്.ഇയാളെ പിടികൂടുന്നതിന് സഹായകമായ വിവരം തരുന്നവര്‍ക്ക് 1ലക്ഷം ഡോളര്‍ ഇനാമും പ്രഖ്യാപിച്ചു.ഇയാളുടെ വീഡിയോ ദൃശ്യങ്ങളുണ്ടെന്നും എന്നാലിത് പുറത്തുവിടുന്നില്ലെന്നും യൂട്ടായുടെ പബ്ലിക് സേയ്ഫ്ടി ചീഫ് ബ്യൂ മേസണ്‍ പറഞ്ഞു.
പ്രതി കോളേജ് വിദ്യാര്‍ഥിയോ ?
കോളേളില്‍ പഠിക്കേണ്ട പ്രായത്തിലുള്ള ഒരാളാവാം പ്രതിയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൊലപ്പെടുത്താനുപയോഗിച്ചതെന്ന് കരുതുന്ന ഉയര്‍ന്ന ശേഷിയുള്ള, ബോള്‍ട്ട്-ആക്ഷന്‍ റൈഫിളും കണ്ടെത്തിയെന്ന് എഫ് ബി ഐയുടെ സാള്‍ട്ട് ലേക്ക് സിറ്റി ഫീല്‍ഡ് ഓഫീസിന്റെ ചുമതലയുള്ള സ്പെഷ്യല്‍ ഏജന്റ് റോബര്‍ട്ട് ബോള്‍സ് പറഞ്ഞു.ഇത് പരിശോധിച്ചുവരികയാണെന്ന് ബോള്‍സ് പറഞ്ഞു.
ഒരു വനപ്രദേശത്ത് നിന്നാണ് തോക്ക് കണ്ടെത്തിയത്. തുടര്‍ന്ന് അവിടം വൃത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ വെടിവയ്പ്പിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ട് വിട്ടയച്ചു.
വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങള്‍ ഓണ്‍ ലൈനില്‍
ടേണിംഗ് പോയിന്റ് യു എസ് എ എന്ന യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപകനും മുന്നണിപ്പോരാളിയുമായിരുന്നു കിര്‍ക്ക്. കോളേജ് കാമ്പസ് രാഷ്ട്രീയത്തിലാണ് ഇദ്ദേഹം ഏറെ തിളങ്ങിയത്.അതിനിടെ ഇദ്ദേഹത്തിന് വെടിയേറ്റ് താഴെ വീഴുന്ന വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പുറത്തുവന്നു. കിര്‍ക്ക് ജനക്കൂട്ടത്തോട് സംസാരിക്കുന്നതും വെടിയൊച്ചയെ തുടര്‍ന്ന് ഞെട്ടി വിറയ്ക്കുന്നതും കഴുത്തില്‍ നിന്ന് രക്തം ഒഴുകുന്നതും വീഡിയോയില്‍ കാണാം.
ക്യാമ്പസിന്റെ മേല്‍ക്കൂരയില്‍ നിന്നും കറുത്ത വസ്ത്രം ധരിച്ചയാളാണ് വെടിവെച്ചതെന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകമാണ് ഇയാളുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.കൊലപാതകത്തെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ഒരുപോലെ അപലപിച്ചു.ഡെമോക്രാറ്റിക് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം കൊലപാതകത്തെ ശക്തമായി അപലപിച്ചു.കിര്‍ക്കിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് യൂട്ടാ ഗവര്‍ണര്‍ സ്പെന്‍സര്‍ കോക്സ് പറഞ്ഞു.
അപലപിച്ച് ലോക നേതാക്കള്‍
അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ നടന്ന കൊലപാതകം ഞെട്ടിച്ചതായി അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.കിര്‍ക്കിന്റെ കുടുംബത്തെ മാര്‍ട്ടിന്‍ അനുശോചനമറിയിച്ചു.വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസും കോര്‍ക്ക് നോര്‍ത്ത്-സെന്‍ട്രല്‍ ടിഡി കെന്‍ ഒ ഫ്ളിനും കൊലപാതകത്തെ ഭയാനകമെന്ന് വിശേഷിപ്പിച്ചു.
കിര്‍ക്കിന്റെ മരണം ജനാധിപത്യത്തിനേറ്റ ആഴത്തിലുള്ള മുറിവാണെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു.എല്ലാവര്‍ക്കും ഭയമില്ലാതെ പരസ്യമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.ഹംഗറി പ്രസിഡന്റ് വിക്ടര്‍ ഓര്‍ബന്‍,ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു,കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും കൊലപാതകത്തെ അപലപിച്ചു
ആരാണ് ഈ ചാര്‍ളി കിര്‍ക്ക് ?
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ യുവജനങ്ങളെ കണ്‍സര്‍വേറ്റീവ് ആശയങ്ങളിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യനേതാവായി ചാര്‍ളി കിര്‍ക്ക്.1993-ല്‍ ഇലിനോയിസില്‍ ജനിച്ച ചാര്‍ളി കിര്‍ക്ക്, ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ ഉടനെ കോളേജ് വിടുകയും 2012-ല്‍ വെറും 18-ാം വയസ്സില്‍ Turning Point USA സ്ഥാപിക്കുകയും ചെയ്തു. തന്റെ സംഘടന വഴിയായി അദ്ദേഹം യുവാക്കളെ റിപ്പബ്ലിക്കന്‍ മൂല്യങ്ങളിലേക്കും കണ്‍സര്‍വേറ്റീവ് രാഷ്ട്രീയത്തിലേക്കും ആകര്‍ഷിക്കാനാണ് ശ്രമിച്ചത്. 2019 മുതല്‍ നടത്തുന്ന ചാര്‍ളി കിര്‍ക്ക് ഷോ എന്ന പൊതുസമ്പര്‍ക്ക പരിപാടി വഴി അദ്ദേഹത്തിന്റെ സ്വാധീനം വ്യാപകമായി വളര്‍ന്നു. 2021-ല്‍ മുന്‍ മിസ് അരിസോണയായ എറിക്ക ഫ്രാന്‍സ്വെയെ വിവാഹം കഴിച്ച അദ്ദേഹം, കുടുംബജീവിതത്തോടൊപ്പം അമേരിക്കന്‍ രാഷ്ട്രീയത്തിലും ശക്തമായ സാന്നിധ്യം പുലര്‍ത്തുന്നു.
സ്വവര്‍ഗരതിയും ഗര്‍ഭച്ഛിദ്രവും സംബന്ധിച്ച് കടുത്ത കണ്‍സര്‍വേറ്റീവ് നിലപാട് സ്വീകരിച്ച കിര്‍ക്ക്, വിവാഹം പുരുഷനും സ്ത്രീക്കും ഇടയില്‍ മാത്രമേ സാധുവാകൂ എന്നും, ജീവന്‍ ഗര്‍ഭധാരണത്തിനൊപ്പം തന്നെ തുടങ്ങുന്നതുകൊണ്ട് ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ യുവാക്കളില്‍ വലിയൊരു വിഭാഗം പുരോഗമന ചിന്തകളിലേക്ക് വഴിമാറുമ്പോള്‍, കിര്‍ക്കിന്റെ കര്‍ശനമായ കണ്‍സര്‍വേറ്റീവ് നിലപാടുകള്‍ മറ്റൊരു വിഭാഗം യുവാക്കളെ രാഷ്ട്രീയ-മതപാരമ്പര്യങ്ങളുടെ പേരില്‍ കൂട്ടിയിണക്കിയതായാണ് വിശകലനം. അതുവഴി, അദ്ദേഹം യുവാക്കളുടെ മനസ്സില്‍ വിഭജനപരവും അതേസമയം സ്വാധീനകരവുമായ പ്രതിച്ഛായ സൃഷ്ടിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.