ഡബ്ലിന്‍ : അയര്‍ലണ്ടില്‍ 520 മില്യണ്‍ യൂറോ ഇന്‍കം ടാക്‌സ് ഇളവ് നല്‍കും. ഇതിനായി സ്റ്റാന്‍ഡേര്‍ഡ് റേറ്റ് ബാന്‍ഡ് 1,500 ആയി ഉയര്‍ത്തി. വ്യക്തിഗത നികുതി ക്രെഡിറ്റ്, എംപ്ലോയീ നികുതി ക്രെഡിറ്റ്, ഏണഡ് ഇന്‍കം ക്രെഡിറ്റ് എന്നിവ 50 യൂറോ കൂട്ടും. ഓഗസ്റ്റ് 2022 വരെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കുറഞ്ഞ വാറ്റ് നിരക്കായ 9% തുടരും. യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് സെക്കന്‍ഡ് റേറ്റ് പരിധി 20,687 യുറോയില്‍ നിന്നും 21,295 യുറോയായി വര്‍ദ്ധിപ്പിച്ചു.
ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറില്‍ 30 സെന്റ് വര്‍ധനവോടെ 10.50 യുറോയായി നിജപ്പെടുത്തി. വര്‍ക് ഫ്രം ഹോമിന്റെ ഭാഗമായി വര്‍ദ്ധിക്കുന്ന ഹീറ്റ്, വൈദ്യുതി ബ്രോഡ്ബാന്‍ഡ് ചിലവിന് 30% ഇന്‍കം ടാക്‌സ് ഇളവ് ലഭിക്കും. സാമൂഹിക സുരക്ഷാ പേയ്‌മെന്റ്, സ്റ്റേറ്റ് പെന്‍ഷന്‍ അഞ്ച് യൂറോ വര്‍ദ്ധിപ്പിക്കും. യുവ തൊഴിലന്വേഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. ഇന്ന് മുതല്‍ ആഴ്ച്ച തോറുമുള്ള ഇന്ധന അലവന്‍സ് 5 യൂറോ കൂടുതല്‍ ലഭിക്കും. കെയറേഴ്‌സ് അലവന്‍സ് കൂടുതല്‍ പേര്‍ക്ക് ലഭിക്കും. ഒരാള്‍ക്ക് 350 യുറോയും ദമ്പതികള്‍ക്ക് 750 യൂറോ വരെയും വരുമാനപരിധിയില്‍ ഈ പേയ്‌മെന്റിന് അര്‍ഹതയുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കുള്ള അലവന്‍സ് 3 യൂറോ വര്‍ദ്ധിപ്പിക്കും. ഡിസംബറില്‍ ബോണസായി രണ്ട് തവണ ക്ഷേമ അലവന്‍സ് നല്‍കാന്‍ അനുമതി നല്‍കി.
സ്ഥലത്തിന്റെ വിപണിമൂല്യം അനുസരിച്ച് മൂന്ന് ശതമാനം സോണ്‍ഡ് ഭൂനികുതി ഏര്‍പ്പെടുത്തും. വീടുകള്‍ നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ഭവന നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്നതും സര്‍വീസ് ചെയ്തതുമായ സ്ഥലങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനാണിത്. വീടുകള്‍ വാങ്ങാന്‍ സഹായിക്കുന്ന സ്‌കീം വരുന്ന വര്‍ഷവും തുടരും. ജനങ്ങള്‍ക്ക് 4,000 അഫോര്‍ഡബിള്‍ വീടുകള്‍ വിതരണം ചെയ്യാന്‍ 174 യൂറോ വകയിരുത്തും. 14,000 കൂടുതല്‍ ഹൗസിംഗ് അസിസ്റ്റന്‍സ് പെയ്‌മെന്റ് , 800 റെന്റല്‍ അക്കോമോഡേഷന്‍ സ്‌കീം ടെനന്‍സിയും വിതരണം ചെയ്യും.
കാര്‍ബണ്‍ നികുതി 7.50 യൂറോ വര്‍ദ്ധിപ്പിച്ച് 41 യുറോയായി ഉയര്‍ത്തി. പെട്രോള്‍, ഡീസല്‍ വില ഇന്ന് രാത്രി കൂടും. 60 ലിറ്റര്‍ പെട്രോള്‍ ടാങ്കിന് 1.28 യുറോയും ഡീസലിന് 1.48 യൂറോയുടെയും വര്‍ധനവ് ഉണ്ടാകും. 2023 വരെ ബാറ്ററി വൈദ്യുതി വാഹനങ്ങള്‍ക്ക് 5,000 യൂറോ റിലീഫ് പ്രഖ്യാപിച്ചു. 9 മുതല്‍ 12 ബാന്റ് വരെയുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനവും 16 മുതല്‍ 20 വരെയുള്ളവയ്ക്ക് 4 ശതമാനവും രജിസ്‌ട്രേഷന്‍ നികുതി വര്‍ധിപ്പിച്ചു. ഗ്യാസ്, ഹൈഡ്രജന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ക്യാപിറ്റല്‍ അലവന്‍സ് സ്‌കീം മൂന്ന് വര്‍ഷം കൂടി തുടരും. 2022ല്‍ വീടുകളുടെ ഊര്‍ജ്ജ എഫിഷ്യന്‍സിക്കായി 202 മില്യണ്‍ ഫണ്ട് വകയിരുത്തി.
മാതൃത അവധിക്കും പറ്റേര്‍ണിറ്റി ലീവിനും ആഴ്ചയില്‍ 5 യൂറോ കൂടുതല്‍ ലഭിക്കും. അടുത്ത വര്‍ഷം ജൂലൈ മുതല്‍ പേരന്റ്‌സ് ബെനഫിറ്റ് രണ്ടില്‍ നിന്നും ഏഴ് ആഴ്ചയായി ഉയര്‍ത്തി. സ്‌കൂളുകളില്‍ മടങ്ങിയെത്തുമ്പോഴുള്ള ക്ലോതിങ് ആന്‍ഡ് ഫുട് വെയര്‍ അലവന്‍സ് 10 യൂറോ വര്‍ദ്ധിപ്പിച്ചു. ദേശീയ ചൈല്‍ഡ് കെയര്‍ സ്‌കീമിലെ യൂണിവേഴ്‌സല്‍ പെയ്‌മെന്റില്‍ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികളെ ഉള്‍പെടുത്തി. ടുസ്ല രജിസ്‌ട്രേഷനുള്ള ചൈല്‍ഡ് കെയര്‍ സംവിധാനത്തില്‍ മണിക്കൂറില്‍ ഒരു സെന്റ് നിരക്കില്‍ ആഴ്ച്ചയില്‍ പരമാവധി 45 മണിക്കൂര്‍ വരെ സഹായം ലഭിക്കും. പ്രീ സ്‌കൂളിലും സ്‌കൂളിലും ചിലവഴിക്കുന്ന സമയം ഇനിമുതല്‍ എന്‍.സി.എസ് സബ്‌സിഡി മണിക്കൂറുകളില്‍ നിന്നും കുറയ്ക്കില്ല. 4,700 ഏര്‍ലി ഇയേഴ്‌സിനും ചൈല്‍ഡ് കെയര്‍ സേവനദാതാകള്‍ക്കും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സെപ്റ്റംബര്‍ 2022 മുതല്‍ പുതിയ ധനസഹായം നല്‍കും.
350 പുതിയ അധ്യാപകര്‍ക്ക് ജോലി ലഭിക്കുന്ന രീതിയില്‍ പ്രൈമറി സ്‌കൂളുകളിലെ അധ്യാപക – വിദ്യാര്‍ഥി അനുപാതം 25ല്‍ നിന്നും 24 ആയി കുറയ്ക്കും. 980 സ്‌പെഷ്യല്‍ എജ്യൂകേഷന്‍ അധ്യാപകരെയും 1,165 സ്‌പെഷ്യല്‍ നീഡ്‌സ് അസിസ്റ്റന്റ്‌സിനെയും നിയമിക്കും. പ്രൈമറി, പോസ്റ്റ് പ്രൈമറി സ്‌കൂളുകളില്‍ 50 മില്യണ്‍ ഐ.സി.ടി ഗ്രാന്റ് വിതരണം ചെയ്യും. 200 സ്‌കൂളുകള്‍ നിര്‍മിക്കാന്‍ ഫണ്ട് വകയിരുത്തി. സ്‌കൂള്‍ ഗതാഗതത്തിന് 30 മില്യണ്‍ ചിലവിടും. കൂടുതല്‍ പ്രൈമറി സ്‌കൂളുകളില്‍ ഹോട്ട് സ്‌കൂള്‍ മീല്‍സ് അവതരിപ്പിക്കാന്‍ 4 മില്യണ്‍ യൂറോ നിക്ഷേപം നടത്തും. തേര്‍ഡ് ലെവല്‍ വിദ്യാര്‍ഥികളുടെ മെയിന്റനന്‍സ് ഗ്രാന്റ് 200 യൂറോ വര്‍ദ്ധിപ്പിച്ചു. അര്‍ഹതയുള്ള വരുമാനപരിധി 1,000 യൂറോയായും ദൂരം 30 കിലോമീറ്ററില്‍ നിന്നും 45 കിലോമീറ്ററായും ഉയര്‍ത്തി.
പോസ്റ്റ് ലീവിങ് സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്ന 200 യൂറോ കൊണ്ട്രിബ്യൂഷന്‍ ഫീ നിരോധിച്ചു. 20,000 പുതിയ വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. 800 പുതിയ ഗാര്‍ഡകളെയും 400 സിവിലിയന്‍ ജീവനക്കാരെയും നിയമിക്കും. ഗാര്‍ഡ മൗണ്ടെയ്ന്‍ ബൈക്ക് യുണിറ്റ് 20% വികസിപ്പിക്കും. ചൂതാട്ടം നിയന്ത്രിക്കുന്ന അഥോറിറ്റി സ്ഥാപിക്കാന്‍ ഫണ്ട് വകയിരുത്തി. ഡിസെബിലിറ്റി സര്‍വീസിന് 100 മില്യണ്‍ ഉപയോഗിക്കും. കമ്മ്യൂണിറ്റി സുരക്ഷാ പദ്ധതികള്‍ക്കായി 2 മില്യണ്‍ യൂറോ നിക്ഷേപം നടത്തും.
റോഡുകളുടെ സുരക്ഷയ്ക്കായും പുതുക്കാനും 30 മില്യണ്‍ വകയിരുത്തി.പൊതു ഗതാഗത വികസനത്തിന് 1.4 ബില്യണ്‍ നിക്ഷേപം നടക്കും. ആറും ഏഴും വയസുള്ള കുട്ടികള്‍ക്കും സൗജന്യ ജി.പി കെയര്‍ നല്‍കും. അംഗീകാരമുള്ള മരുന്നുകള്‍ക്ക് ഡ്രഗ്‌സ് റീപ്പേയ്‌മെന്റ് സ്‌കീമിന് കീഴില്‍ അടയ്ക്കാവുന്ന തുക പ്രതിമാസം 114 യൂറോയില്‍ നിന്നും 100 യൂറോയായി കുറഞ്ഞു. 19 പുതിയ ക്രിട്ടികല്‍ കെയര്‍ ബെഡുകള്‍ക്കായി 10.5 യൂറോ വകയിരുത്തി. ഇതോടെ ആകെ ഐ.സി. യൂ. ബെഡുകള്‍ 340 ആകും.വെയിറ്റിംഗ് ലിസ്റ്റുകള്‍ പരിഹരിക്കാന്‍ 250 യൂറോയുടെ വിഹിതം നീക്കിവെച്ചു. പാലിയേറ്റീവ് കെയര്‍ , മാനസികാരോഗ്യം, ഭിന്നശേഷി പരിചരണം തുടങ്ങി മഹാമാരി ബാധിച്ച മേഖലകള്‍ക്കായി 30 മില്യണ്‍ യൂറോ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറും.
2022 ഏപ്രില്‍ 30 വരെ എംപ്ലോയ്‌മെന്റ് വേജ് സബ്‌സിഡി സ്‌കീം തുടരും. പദ്ധതി പുതിയ തൊഴിലുടമകള്‍ക്ക് 2022 ജനുവരി ഒന്നിന് അവസാനിക്കും. കാര്‍ഷിക മേഖലയില്‍ ജനറല്‍ സ്റ്റോക്ക് റിലീഫ് 2024 അവസാനം വരെ തുടരും. പരിശീലനം ലഭിച്ച യുവകര്‍ഷകര്‍ക്കും സ്റ്റോക്ക് റിലീഫും സ്റ്റാംബ് ഡ്യൂട്ടി റിലീഫ് അടുത്ത വര്‍ഷാവസാനം വരെ തുടരും. 19നും 23നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ന്യൂ യൂത്ത് ട്രാവല്‍ കാര്‍ഡ് മുഖാന്തരം ഗതാഗത സംവിധാനത്തില്‍ അമ്പത് ശതമാനം ഇളവ് ലഭിക്കും. ആക്ടീവ് ട്രാവലും ഗ്രീന്‍വെയ്‌സും പ്രോത്സാഹിപ്പിക്കാന്‍ 360 മില്യണ്‍ ചിലവിടും. വിദേശരാജ്യങ്ങളില്‍ വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ അയര്‍ലണ്ടിനെ പ്രസിദ്ധപ്പെടുത്താന്‍ 40 മില്യണ്‍ യൂറോ വകയിരുത്തി. ചില വിനോദസഞ്ചാര വിഭാഗങ്ങളിലും, ഹോസ്പിറ്റാലിറ്റി, കല തുടങ്ങിയ വിഭാഗങ്ങളിലും വാണിജ്യ നിരക്ക് ഇളവ് നല്‍കാന്‍ 60 മില്യണാണ് ബജറ്റില്‍ വകയിരുത്തിയത്. അന്താരാഷ്ട്ര ബന്ധം മെച്ചപ്പെടുത്താന്‍ 90 മില്യണ്‍ ചിലവില്‍ ഏവിയേഷന്‍ പാക്കേജും പ്രഖ്യാപിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.