ഡബ്ലിന്‍ : ബ്രിട്ടനില്‍ നിന്നുള്ള പാഴ്സലുകള്‍ക്ക് അധിക നിരക്ക് നല്‍കേണ്ടി വരുമെന്ന് ആന്‍ പോസ്റ്റ്. യുകെയില്‍ നിന്ന് ലഭിക്കുന്ന പാക്കേജുകള്‍ക്ക് കസ്റ്റംസ് ചാര്‍ജ് നല്‍കേണ്ടിവരുമെന്നതിനാലാണ് ഇതെന്ന് ആന്‍ പോസ്റ്റ് വ്യക്തമാക്കി.
സമ്മറില്‍ പ്രാബല്യത്തില്‍ വന്ന യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് നിയമങ്ങളിലെ മാറ്റങ്ങളനുസരിച്ച് ഓരോ പാഴ്സലിനും ഇലക്ട്രോണിക് കസ്റ്റംസ് വിവരങ്ങളും അയക്കുന്നയാള്‍ നല്‍കണം. ഈ മാറ്റങ്ങള്‍ ജൂലൈ 1 മുതലാണ് പ്രാബല്യത്തില്‍ വന്നത്. എങ്കിലും പലരും ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള പാഴ്സലുകളെ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിന് വിപുലമായ കാമ്പെയിന്‍ സംഘടിപ്പിക്കുകയാണ് ആന്‍ പോസ്റ്റ്. ക്രിസ്മസ് കാലം മുന്‍ നിര്‍ത്തിയാണ് കാമ്പെയിന്‍ നടത്തുന്നത്.
ചാര്‍ജ്ജുകള്‍ ബാധകമാവുക 45 യൂറോയില്‍ കൂടുതലുള്ള ഗിഫ്ടുകള്‍ക്ക്
യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള 45 യൂറോയുടെ (തപാല്‍ ചാര്‍ജ് ഉള്‍പ്പെടെ) ഗിഫ്ടുകള്‍ക്ക് ഇലക്ട്രോണിക് കസ്റ്റംസ് ഡാറ്റ ആവശ്യമാണ്. എന്നാല്‍ കസ്റ്റംസ് ചാര്‍ജ്ജോ വാറ്റോ നല്‍കേണ്ടതില്ലെന്ന് ആന്‍ പോസ്റ്റ് വിശദീകരിച്ചു. 45 യൂറോയ്ക്ക് മുകളിലുള്ള ഗിഫ്ടുകള്‍ക്കാണ് കസ്റ്റംസ് ഫീസ് ഈടാക്കുന്നത്. അത് സ്വീകരിക്കുന്നയാളാണ് നല്‍കേണ്ടത്. നോണ്‍ ഇയു രാജ്യത്തേക്ക് പാഴ്സല്‍ അയയ്ക്കുമ്പോള്‍, ഉപഭോക്താക്കള്‍ ആന്‍ പോസ്റ്റ് ക്ലിക്ക് & പോസ്റ്റ് സൗകര്യം ഉപയോഗിക്കണം. അല്ലാത്തപക്ഷം ഇലക്ട്രോണിക് ഡാറ്റകള്‍ ലഭ്യമാകുന്നതിനുള്ള പോസ്റ്റ് ഓഫീസില്‍ നിന്നുള്ള ഫോമുകള്‍ പൂരിപ്പിച്ചു നല്‍കണമെന്നും ആന്‍ പോസ്റ്റ് നിര്‍ദ്ദേശിക്കുന്നു.
അപര്യാപ്തമായ ഡാറ്റകള്‍ മൂലം കൂടുതല്‍ നിരക്ക് ഈടാക്കേണ്ടി വന്നേക്കാം. അത് വിലാസക്കാരന്‍ നല്‍കേണ്ടതായും വരും – ആന്‍ പോസ്റ്റ് വിശദീകരിക്കുന്നു. ബാധകമായിട്ടുള്ള കസ്റ്റംസ് ചാര്‍ജുകള്‍ ആന്‍ പോസ്റ്റ് സാധനങ്ങള്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ഉപഭോക്താക്കള്‍ നല്‍കണമെന്ന് ആന്‍ പോസ്റ്റ് പറഞ്ഞു.
വന്‍കിട ബ്രാന്റുകള്‍ എല്ലാം ഓണ്‍ലൈനിലായി, പക്ഷേ ചെറുകിടക്കാര്‍…
ബ്രിട്ടീഷ് ബ്രാന്‍ഡുകളായ എം & എസ്, റിവര്‍ ഐലന്റ്, ബൂട്ട്സ് എന്നിവയുള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ ഇതര റീട്ടെയിലര്‍മാര്‍ക്ക് ഓണ്‍ലൈനിലൂടെ ഡ്യൂട്ടി പെയ്ഡ് സൗകര്യം നല്‍കിയിട്ടുണ്ടെന്ന് ആന്‍ പോസ്റ്റ് പറഞ്ഞു. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് വാറ്റ്, കസ്റ്റംസ് ചാര്‍ജുകള്‍ മുന്‍കൂര്‍ അടയ്ക്കാനും പാഴ്സലുകള്‍ നേരിട്ട് എത്തിക്കാനുമാകും.
റോയല്‍ മെയില്‍ പോലുള്ള മറ്റ് തപാല്‍ സേവനങ്ങള്‍ വഴി വരുന്ന പാഴ്സലുകളാണ് പ്രശ്നമുണ്ടാക്കുന്നത്. ചെറുകിട ബിസിനസ്സുകാര്‍ക്കും വ്യക്തിഗത ഉപഭോക്താക്കള്‍ക്കും പുതിയ സങ്കീര്‍ണ്ണതകളോ നികുതി ആവശ്യകതകളോ അറിയില്ലെന്നതാണ് പ്രശ്നം.
ചില സാധനങ്ങള്‍ക്ക് നിരോധനവും…
പുതിയ കസ്റ്റംസ് നിയമങ്ങള്‍ പ്രകാരം അയര്‍ലണ്ടിലേയ്ക്ക് സാധനങ്ങള്‍ അയക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ചില പാഴ്സലുകള്‍ക്ക് നിരോധനവുമുണ്ട്. നിയമവിരുദ്ധമായെത്തുന്ന സാധനങ്ങള്‍ അയച്ചയാള്‍ക്ക് തിരിച്ചയക്കണമെന്നാണ് ഇയു കസ്റ്റംസ് നിയമങ്ങള്‍ പറയുന്നത്. ചില മരുന്നുകളും ഭക്ഷ്യവസ്തുക്കളും സസ്യങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്നും ആന്‍ പോസ്റ്റ് വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.