head3
head1

മൂന്നാം തരംഗത്തില്‍ അയര്‍ലണ്ടിലെ കോവിഡ് കേസുകള്‍ക്കൊപ്പം മരണസംഖ്യയും ഉയരുന്നു

ഡബ്ലിന്‍ : കോവിഡിന്റെ മൂന്നാം തരംഗത്തില്‍ കോവിഡ് -19 കേസുകള്‍ക്കൊപ്പം മരണ സംഖ്യയും ഉയര്‍ന്നതോടെ കര്‍ശനമായ നിയന്ത്രങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി ഐറിഷ് മന്ത്രിസഭ ഇന്ന് യോഗം ചേരും.

പുതിയ 5,325 കോവിഡ് -19 കേസുകളാണ് ആരോഗ്യ വകുപ്പ് ഇന്നലെ സ്ഥിരീകരിച്ചത് ഒപ്പം 17 മരണവും. ഇപ്പോള്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 25%വും യുകെയില്‍ കണ്ടെത്തിയ രൂപഭേദം വന്ന വൈറസില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. കോവിഡ് ബാധിച്ച് ഇന്നലെ ഒറ്റ ദിവസം മാത്രം 16 മരണമാണുണ്ടായതെന്ന് എന്‍ഫെറ്റ് വിശദീകരിച്ചു.വരും ദിവസങ്ങളിൽ മരണസംഖ്യ കൂടാനുള്ള സാധ്യതയാണ്  അധികൃതർ  നൽകുന്നത്.

അയര്‍ലണ്ടിലെ സ്പെഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള സ്‌കൂളുകള്‍ ഈ മാസം മുഴുവന്‍ അടച്ചിടുന്നതിനും ഇന്നത്തെ യോഗത്തില്‍ ഔദ്യോഗികമായി തീരുമാനമാകും.സ്‌കൂള്‍ തുറക്കുന്നത് നീട്ടുന്നത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് നേരത്തേ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും സൂചിപ്പിച്ചിരുന്നു.

ആശുപത്രികളിലെ കോവിഡ് -19 ബാധിതരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന തോതിലാണെന്ന് എച്ച്.എസ്.ഇ. വെളിപ്പെടുത്തി.കൂടുതല്‍ സ്വകാര്യ ആശുപത്രി ഗ്രൂപ്പുകളുമായി കോവിഡ് ചികില്‍സ സംബന്ധിച്ച കരാര്‍ ഉണ്ടാകുമെന്നും എച്ച്.എസ്.ഇ. അറിയിച്ചു.
ലിവിംഗ്സെര്‍ട്ട് പരീക്ഷകളുടെ ക്രമീകരണം, തൊഴില്‍,നിര്‍മ്മാണ മേഖലകളിലെ നിയന്ത്രണങ്ങള്‍. അയര്‍ലണ്ടില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം എന്നിവ ഇന്നത്തെ യോഗത്തില്‍ പ്രതീക്ഷിക്കുന്നു.

അതേസമയം കോവിഡ് നിയന്ത്രണങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണവും വര്‍ധിച്ചു. അതേസമയം, പിയുപി വാങ്ങുന്നവരുടെ എണ്ണവും കുതിയ്ക്കുകയാണ്. ഡിസംബര്‍ 22ന് ശേഷം 58,000 പേരാണ് പുതിയതായിപിയുപി വാങ്ങിയത്. 20 ശതമാനത്തിലധികം വര്‍ദ്ധനവാണുണ്ടായത്.രാജ്യത്താകെ 335,600 പേരാണ് പിയുപി കൈപ്പറ്റുന്നത്.

ഐസിയുവിലെത്തുന്ന രോഗികളുടെ എണ്ണവും ക്രമാതീതമായി ഉയരുകയാണ്.പ്രതിദിനം ഹോസ്പിറ്റലുകളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്.

ഇന്നലെ രോഗം സ്ഥിരീകരിച്ച കേസുകളില്‍ 2,550 പുരുഷന്മാരും 2,769 സ്ത്രീകളുമാണുള്ളത്. ഇവരില്‍ 63 ശതമാനം പേരും 45 വയസ്സിന് താഴെയുള്ളവരാണ്. ശരാശരി പ്രായം 36.
ഡബ്ലിനില്‍ 1,931, കോര്‍ക്കില്‍ 767, കില്‍ഡെയറില്‍ 323, ലിമെറിക്കില്‍ 322, ഡോണഗേലില്‍ 238 എന്നിങ്ങനെയാണ് കേസുകള്‍. ബാക്കി 1,744 കേസുകള്‍ മറ്റെല്ലാ കൗണ്ടികളിലുമായാണ്.

രാജ്യത്തെ അണുബാധയുടെ തോത് 100,000 ന് 674.4 ആയി ഉയര്‍ന്നു.മോണഗാന്‍ (1,243), ലൂത്ത് (1,173.1), ലിമെറിക്ക് (1,113.4) എന്നീ കൗണ്ടികളിലാണ് അണുബാധഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. വിക്ലോ (323), ടിപ്പററി (326.5), വെസ്റ്റ്മീത്ത് (376.3) എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ നിരക്കുള്ളത്.

കോവിഡ് -19 കേസുകളിലും ആശുപത്രി പ്രവേശനത്തിലും ഇപ്പോള്‍ ഗണ്യമായ വര്‍ധനയുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി ഹോളോഹന്‍ പറഞ്ഞു. ‘കഴിഞ്ഞ വസന്തകാലത്ത് സ്വീകരിച്ച പ്രതിരോധ നടപടികളില്‍ ആളുകള്‍ ഉറച്ചുനിന്നാല്‍ അത് കുറയ്ക്കാനാകും.ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നിടത്തോളം രോഗബാധ പരിമിതപ്പെടുത്താനുള്ള ശ്രമം വിജയിക്കില്ല. പരമാവധി വീടുകളില്‍ത്തന്നെ കഴിയുകയും ആളുകളുമായി ഇടപഴകുന്നത് പരിമിതപ്പെടുത്തുകയുമാണ് രോഗബാധ കുറയ്ക്കാനുള്ള ഏക മാര്‍ഗ്ഗം. ഈ പ്രതിരോധം ഏതാനും ആഴ്ചകള്‍ കൂടി തുടരേണ്ടിവരും.പൊതുജനാരോഗ്യ ഉപദേശങ്ങള്‍ പാലിച്ച് നാമെല്ലാവരും വീട്ടില്‍ തന്നെ തുടര്‍ന്നാല്‍ കോവിഡ് -19നെ വീണ്ടും നിയന്ത്രണത്തിലാക്കാം’ ഡോ. ടോണി ഹോളോഹന്‍ മുന്നറിയിപ്പ് നല്‍കുന്നു..

ഐറിഷ് മലയാളി ന്യൂസ്

RELATED NEWS

അയര്‍ലണ്ടിലേക്കുള്ള വിമാനയാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കുന്നു
https://irishmalayali.ie/covid-negative-test/

Comments are closed.