head3
head1

ബ്രിട്ടനിലേയ്ക്കുള്ള വിമാനയാത്രയ്ക്ക് അയര്‍ലണ്ടും വിലക്കേര്‍പ്പെടുത്തി, മലയാളികളടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് യാത്ര മുടങ്ങിയേക്കും

ബ്രിട്ടനില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള എല്ലാ യാത്ര വിമാനങ്ങള്‍ക്കും നാളെ മുതല്‍ 48 മണിക്കൂര്‍ നേരത്തേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം സ്ഥിതിഗതികള്‍ പുനഃ പരിശോധന നടത്തും. യുകെയില്‍ പുതിയതും കൂടുതല്‍ പകര്‍ച്ചാ സാധ്യതയുള്ളതുമായ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. നിരോധനം നീളാനാണ് സാധ്യതയെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അയര്‍ലണ്ടില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളുടെ അറിയിപ്പുകള്‍ സംബന്ധിച്ച് എയര്‍ ലൈന്‍സുകളുടെ അപ്ഡേറ്റ്സുകള്‍ ലഭിച്ച ശേഷമോ ,എജന്ടുമാരുമായി ബന്ധപ്പെട്ട ശേഷമോ മാത്രമേ യാത്ര ആരംഭിക്കാവു എന്ന് ആരോഗ്യമന്ത്രി അയര്‍ലണ്ടിലെ വിമാന യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.

നാളെ മുതല്‍ ഇന്ത്യയില്‍ നിന്നും യൂകെ വഴി യാത്ര ചെയ്യുന്ന അയര്‍ലണ്ടിലേയ്ക്കുള്ള യാത്രക്കാരും, യൂകെ യില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ പൗരന്മാരും അടക്കമുള്ളവര്‍ യൂകെയില്‍ കുടുങ്ങിയേക്കും.അതേ സമയം യൂകെ യില്‍ നാളെ മുതല്‍ കുടുങ്ങുന്ന ഐറിഷ് / ഇന്റര്‍നാഷണല്‍ യാത്രക്കാരെ തിരികെ എത്തിയ്ക്കാനായുള്ള റീപാര്‍ട്ടിയേഷന്‍ വിമാനങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിട്ടുണ്ട്.

യുകെയില്‍ കുടുങ്ങിപോകുന്ന ഐറിഷ് പൗരന്മാര്‍ക്കും, യുകെയിലൂടെ യാത്ര ചെയ്യുന്ന അയര്‍ലണ്ടിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ,വേണ്ട ക്രമീകരണങ്ങള്‍ക്കായുള്ള പരിശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഭരണമുന്നണിനേതാക്കള്‍ അടിയന്തരമായി യോഗം ചേര്‍ന്നാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

ഫെറി സര്‍വീസുകള്‍ തുടരും. ക്രിസ്മസ് കാലത്ത് അത്യാവശ്യ ചരക്ക് നീക്കം തടപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് മന്ത്രി എയ്മണ്‍ റയാന്‍ പറഞ്ഞു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേയ്ക്ക് പോകാനായി തയാറെടുത്തിരിക്കുന്ന നൂറുകണക്കിന് മലയാളികളെയും ആശങ്കയിലാഴ്ത്തുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

കോവിഡ് ബാധയുടെ ആദ്യഘട്ടത്തില്‍ ബ്രിട്ടണ്‍ പുലര്‍ത്തിയ സമീപനമല്ല ഇപ്പോള്‍ ബ്രിട്ടനുള്ളത്. സംഭവങ്ങളുടെ തീവ്രത മനസിലാക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി, ബ്രിട്ടനിലെ വൈറസിന്റെ പുതിയ രൂപമാറ്റം പരിഗണിച്ച് ജനങ്ങള്‍ ബ്രിട്ടനിലേക്ക് യാത്ര ചെയ്യാതിരിക്കുന്നതാവും ഉചിതമെന്ന് ഇന്നലെ മുതല്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചിരുന്നു.

നെതര്‍ലാന്‍ഡ്‌സ് ഇന്നലെ ബ്രിട്ടനില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും നിരോധിച്ചിരുന്നു.
കോവിഡ് 19 വൈറസ് കണ്ടെത്തിയതിന് ശേഷം ഏറ്റവും തീവ്രമായ പകര്‍ച്ചാ സ്വഭാവമാണ് ബ്രിട്ടനില്‍ പുതിയതായി കണ്ടെത്തിയ വൈറസ്ഇനം പ്രകടമാക്കുന്നത്.

ആയിരക്കണക്കിന് പേരാണ് ഓരോ ദിവസവും കോവിഡിന്റെ ഈ വക ഭേദത്തിന്റെ ഇരയാവുന്നത്. യൂകെയിലെ ചില പ്രദേശങ്ങളില്‍ മറ്റെല്ലാ ചികിത്സകളും മാറ്റി വെച്ച് രോഗബാധിതരെ ചികിത്സിക്കുകയാണ്.

മുന്‍ വൈറസിനേക്കാള്‍ 70 ശതമാനം കൂടിയ വ്യാപനശേഷിയാണ് വൈറസിന്റെ രൂപമാറ്റത്തില്‍ ദൃശ്യമാവുന്നത്.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ബ്രിട്ടന് പുറത്ത് ഒന്‍പത് കേസുകള്‍ ഡെന്‍മാര്‍ക്കിലും ഒരു കേസ് നെതര്‍ലാന്‍ഡിലും ഓസ്ട്രേലിയയിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

”യൂറോപ്പിലുടനീളം, പുതിയ കോവിഡ് പ്രസരണം തീവ്രവും വ്യാപകവുമാണ്, രാജ്യങ്ങള്‍ അവയുടെ നിയന്ത്രണവും പ്രതിരോധ സമീപനങ്ങളും ഇരട്ടിയാക്കേണ്ടതുണ്ട്,” ലോകാരോഗ്യ സംഘടനയുടെ വക്താവ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.