head3
head1

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരേയും വിദൂര ജോലികളിലുള്ളവരെയും സംരക്ഷിക്കാനും അയര്‍ലണ്ടില്‍ പുതിയ തൊഴില്‍ നയം വരുന്നു

ഡബ്ലിന്‍ : വീട്ടിലിരുന്ന് ജോലിചെയ്യുന്നവരെ കേന്ദ്രീകരിച്ച് പുതിയ നികുതി, ചെലവ് ക്രമീകരണങ്ങള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.റിമോട്ട് വര്‍ക്കിംഗിനെ സൗകര്യപ്രദമാക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പുതിയ തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നത്. ഉപപ്രധാനമന്ത്രി ലിയോ വരദ്കറാണ് അടുത്ത മാസം പ്രസിദ്ധീകരിക്കുന്ന ഒരു പുതിയ സര്‍ക്കാര്‍ നയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ലേബര്‍ പാര്‍ട്ടി നിര്‍ദേശിച്ചവര്‍ക്കിംഗ് ഫ്രം ഹോം (കോവിഡ് 19) ബില്ലിലൂടെയാണ് പുതിയ തൊഴില്‍ നയത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ടെക്നോളജി ശൈലി കൂടുതല്‍ വിശ്രമസമയം നല്‍കുമെന്നാണ് പൊതുവില്‍ കരുതുന്നത്. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്. വന്‍കിട ടെക് കമ്പനികള്‍ നിശ്ചിത പ്രവൃത്തിസമയമില്ല, അവര്‍ ജീവനക്കാരെ അടിമകളെപ്പോലെ പരിഗണിക്കുന്നു.ഇതിനൊക്കെ മാറ്റമുണ്ടാക്കുന്നതിനാണ് പുതിയ തൊഴില്‍ തന്ത്രം രൂപപ്പെടുത്തുന്നതെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു.

ഒരു തരം സ്വേച്ഛാധിപത്യമാണ് വര്‍ക്ക് ഫ്രം ഹോമില്‍ നടക്കുന്നതെന്ന് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ലേബറിന്റെ ബ്രണ്ടന്‍ ഹൗളിന്‍ പറഞ്ഞു.ലേബറിന്റെ വര്‍ക്കിംഗ് ഫ്രം ഹോം (കോവിഡ് 19) ബില്‍ അമിത ജോലിസമയം നിജപ്പെടുത്തുന്നതിനും സമയം കഴിഞ്ഞുള്ള കമ്പനിയുടെ കമ്മ്യൂണിക്കേഷനോട് പ്രതികരിക്കാത്തതിന്റെ പേരില്‍ ശിക്ഷണ നടപടികളൊഴിവാക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.തൊഴിലിന് അനുയോജ്യമായ ഉപകരണങ്ങള്‍ക്ക് ജീവനക്കാര്‍ക്ക് പണം നല്‍കണമെന്നും വൈദ്യുതി ചാര്‍ജ്, ഹോം ഹീറ്റിംഗ് , ബ്രോഡ്ബാന്‍ഡ് തുടങ്ങിയ അധിക യൂട്ടിലിറ്റികളുള്‍പ്പെടെ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനുള്ള ചെലവുകള്‍ നല്‍കണമെന്നും ബില്‍ ആവശ്യപ്പെടുന്നു.

വരുന്നത് സമൂലമായ മാറ്റമെന്ന് ഉപപ്രധാനമന്ത്രി

വിദൂര ജോലി, വീട്ടിലിരുന്നുള്ള ജോലി, മിശ്രിത ജോലി എന്നിവ തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ നയം മാറ്റുന്നതിനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ലിയോ വരദ്കര്‍ പറഞ്ഞു.വീട്ടിലിരുന്നുള്ള ജോലിക്ക് ഒട്ടേറെ പ്രയോജനങ്ങളുണ്ടെന്ന് വരദ്കര്‍ ചൂണ്ടിക്കാട്ടി.കുറഞ്ഞ ബിസിനസ്സ് ചെലവ്, മെച്ചപ്പെട്ട തൊഴില്‍-ജീവിത സന്തുലിതാവസ്ഥ, പ്രാദേശിക വികസനം, കുറഞ്ഞ ട്രാഫിക്, കുറഞ്ഞ ഹരിതഗൃഹ വാതക ഉദ്ഗമനം, സമയ ലാഭം എന്നിവ നേടാം.എന്നിരുന്നാലും, ഏകദേശം 10% അല്ലെങ്കില്‍ 20% ജീവനക്കാര്‍ എത്രയും വേഗം ഓഫീസിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നതെന്ന് വരദ്കര്‍ പറഞ്ഞു.മറ്റൊരു 10% മുതല്‍ 20% വരെ വീട്ടില്‍ നിന്ന് സ്ഥിരമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതേസമയം ഭൂരിപക്ഷം ജോലിക്കാരും മിശ്രിത ജോലിയാണ് ആഗ്രഹിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ ഓഫീസിലും കുറച്ച് ദിവസങ്ങള്‍ വീട്ടിലും ഏതാനും ദിവസങ്ങള്‍ വിദൂര കേന്ദ്രത്തിലും ജോലിചെയ്യുന്നതിനാണ് ഇവര്‍ ആഗ്രഹിക്കുന്നത്.ഇതിനെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നതെന്ന് വരദ്കര്‍ പറഞ്ഞു.

ഒരു റിമോട്ട് വര്‍ക്കിംഗ് സ്ട്രാറ്റെജി വര്‍ഷാവസാനത്തിനുമുമ്പ് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യമെമ്പാടും ഡിജിറ്റല്‍ ഹബുകളുടെ ശൃംഖലകള്‍, വിദൂര ജോലി സുഗമമാക്കുന്നതിന് നികുതി, ചെലവ് ക്രമീകരണം,ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തല്‍, വിദൂരമായി പ്രവര്‍ത്തിക്കാനുള്ള അവകാശം എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും.ജോലി വിച്ഛേദിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങളും ഡിജിറ്റല്‍ പരിവര്‍ത്തനം നടത്തുന്ന ബിസിനസ്സുകളെ പിന്തുണയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ബില്ലിലുണ്ടാകും.വീട്ടിലിരുന്നുകൊണ്ട് അമിതമായി ജോലി ചെയ്യേണ്ടി വരുന്നതിന്റെ പ്രശ്നങ്ങളുമുണ്ട്. ഇവയെയെല്ലാം അഭിസംബോധന ചെയ്യുന്നതാകും പുതിയ ബില്ലെന്ന് വരദ്കര്‍ പറഞ്ഞു.

അയര്‍ലണ്ടും തൊഴില്‍ സമയ നിയമവും

ഓര്‍ഗനൈസേഷന്‍ ഓഫ് വര്‍ക്കിംഗ് ടൈം ആക്റ്റ് 1997 ഉള്‍പ്പെടെയുള്ള സമഗ്രമായ തൊഴില്‍ നിയമനിര്‍മ്മാണം അയര്‍ലണ്ടിലുണ്ട്, ഇത് ഇതിനകം തന്നെ ജീവനക്കാര്‍ക്ക് പരമാവധി ജോലി സമയവും മിനിമം വിശ്രമ സമയവും നിശ്ചയിച്ചിട്ടുണ്ട്. ജീവനക്കാര്‍ സ്ഥിരമായി വിശ്രമം എടുക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തൊഴിലുടമകള്‍ക്ക് ബാധ്യതയുണ്ട്.

അമിത സമയം പ്രവര്‍ത്തിക്കാന്‍ പാടില്ല.നിയമത്തിലെ അപാകതകള്‍ പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തന്റെ ഓഫീസ് ഈ നിയമം പരിശോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജോലി സമയത്തിന് പുറത്തുള്ള ഇമെയിലുകള്‍ ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് നിയമപരമായ നില നല്‍കുന്നു, ഇത് മുന്‍ ബിസിനസ്സ് മന്ത്രിയും ഇപ്പോഴത്തെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രിയുമായ ഹെതര്‍ ഹംഫ്രീസിന്റെ കീഴിലാണ് ആരംഭിച്ചത്.ഫ്രാന്‍സില്‍ 2017ല്‍ കൊണ്ടുവന്ന നിയമത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇത്.ഇറ്റലി, സ്പെയിന്‍,ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം ഈ നിയമം നടപ്പാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതം സന്തുലിതമാക്കുന്നതിന് ജോലി സമയത്തിന് ശേഷം ജോലി സംബന്ധിയായ ഡിജിറ്റല്‍ ഉപകരണങ്ങളുടെ കടന്നുകയറ്റം കുറയ്ക്കേണ്ടതുണ്ടെന്ന് വരദ്കര്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.