head1
head3

അയര്‍ലണ്ടില്‍ ഇന്ത്യന്‍ കുടുംബത്തിലെ അമ്മയുടെയും മക്കളുടെയും മരണകാരണം തേടി അന്വേഷണം തുടരുന്നു

ഡബ്ലിന്‍: ഡബ്ലിനില്‍ മരണപ്പെട്ട സീമാ ബാനുവിന്റെയും മക്കളുടെയും മരണം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വെള്ളിയാഴ്ച്ച പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ കൃത്യമായി കണ്ടെത്താനാവുകയുള്ളുവെങ്കിലും , കൊലപാതകത്തിനുള്ള സാധ്യത തന്നെയാണ് സംശയിക്കപ്പെട്ടുന്നത്.

ഫെബ്രുവരിയില്‍ അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്ന ശേഷം ഓരോ നിമിഷവും പീഡനമനുഭവിച്ചാണ് സീമാ ബാനു കഴിഞ്ഞതെന്നാണ് ‘ഐറിഷ് സമാചാറിന് ‘ മനസിലാക്കാന്‍ കഴിഞ്ഞത്. ഭര്‍ത്താവില്‍ നിന്നും മാനസികവും ശാരീരികവുമായ ആക്രമണം സീമയ്ക്ക് സഹിക്കേണ്ടി വന്നു.

അതേ സമയം ഗാര്‍ഡയുടെയും,സാമൂഹ്യക്ഷേമ വകുപ്പിന്റെയുംക്രൂരമായ അനാസ്ഥയാണ് ബലഹീനയായ ഒരു അമ്മയുടെയും , അശരണരായ അവരുടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെയും മരണത്തിന് കാരണമായതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

മെയ് മാസത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റാണ് സീമാ ബാനു ഡബ്ലിനിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൃതപ്രായായ അവരെ ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്കയച്ച ഭര്‍ത്താവ് അവര്‍ക്ക് ചുഴലി ദീനം (Seizure) ആണെന്നാണ് അറിയിച്ചത്. എന്നാല്‍ സീമാ ബാനുവിന്റെ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള ശ്രമമുണ്ടായി എന്നാണ് മനസിലാകുന്നത്.

കേള്‍വി ശക്തി നഷ്ടപ്പെടും വിധം അവശതയിലാണ് അവര്‍ ഉണ്ടായിരുന്നത്. കന്നഡയും ,ഹിന്ദിയും മാത്രം സംസാരിക്കാന്‍ അറിയാവുന്ന അവര്‍ക്ക് തുണയായി അന്ന് ആശുപത്രിയില്‍ പോലും ആരുമെത്തിയില്ല. ഭാഷ മനസിലാവുന്ന ആശുപത്രിയിലെ ആരുടെയൊക്കെയോ സഹായത്താലാണ് ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയത്.

ഗാര്‍ഡായും ,ടുല്‍സയും അടക്കമുള്ള സംവിധാനങ്ങളെല്ലാം ഇവര്‍ നേരിടുന്ന പ്രശ്നത്തിന്റെ ആഴം അറിഞ്ഞിരുന്നു എന്നാണ് സൂചന. അതേ സമയം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ആവാതെയും,ഇംഗ്ലീഷ് ഭാഷ അറിയില്ലാത്തതിനാലും അയല്‍വാസികളോട് പോലും കാര്യമായ ബന്ധം ഈ കുടുംബത്തിന് ഇല്ലായിരുന്നു.

ഒരു മൊബൈല്‍ ഫോണ്‍ പോലും അവള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല.ഒരു പക്ഷെ തികച്ചും ഒറ്റപ്പെട്ട ജീവിതമാണ് അവര്‍ നയിച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നിന്നും എത്തിയ അവര്‍ക്ക് കോവിഡിന്റെ സാഹചര്യത്തില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാത്ത സാഹചര്യം കൂടി വന്നതിനാലാണ് അയല്‍ക്കാരുമായി പോലും ബന്ധം സ്ഥാപിക്കാന്‍ കഴിയാഞ്ഞത്.

കുട്ടികളുടെ കാര്യമായിരുന്നു ഏറെ കഷ്ടം. ബാലന്റെറിലെ സ്‌കൂളില്‍ ചേര്‍ത്തെങ്കിലും നാമമാത്രമായ ദിവസങ്ങളില്‍ മാത്രമാണ് അവര്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞത്. ആറു വയസുകാരന്‍ ഫസാന് വീട്ടിലെ തടവറ അസഹ്യമാവുമ്പോള്‍ ചില ദിവസം അവന്‍ പുറത്തിറങ്ങി, തൊട്ടടുത്ത വീട്ടിലെ കുട്ടികള്‍ക്കൊപ്പം പന്തുകളിക്കാന്‍ ചേര്‍ന്നിരുന്നു. അങ്ങനെ മാത്രമാണ് അവനെ അയല്‍ക്കാര്‍ കണ്ടിരുന്നത്.

തന്നെ ഭര്‍ത്താവിന് ഇഷ്ടമില്ലെന്നും,എല്ലാത്തിനും കുറ്റം കണ്ടു പിടിയ്ക്കുന്ന ഒരാളാണ് നിര്‍ഭാഗ്യവശാല്‍ തനിക്കുള്ളതെന്നും ഒരു തവണ അപായകരമായ സാഹചര്യത്തില്‍ പുറത്തിറങ്ങേണ്ടി വന്നപ്പോള്‍ സീമാ ബാനു പറഞ്ഞിരുന്നു. The Child and Family Agency ടുല്‍സയില്‍ പരാതി നല്‍കണം എന്ന് ചിലരൊക്കെ അവരോട് പറഞ്ഞപ്പോള്‍ എങ്കില്‍ ജീവിച്ചിരിക്കേണ്ടി വരില്ല എന്ന മറുപടിയാണ് അവര്‍ നല്കിയയതത്രെ.

തന്നെയും മക്കളെയും അയാള്‍ നിരന്തരം മര്‍ദ്ദിക്കുമെന്നും, എന്നാല്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് അറിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ബാംഗ്ലൂരില്‍ നിന്നുള്ള സീമ ബാനു (37), മകള്‍ അഫിറ (11), മകന്‍ ഫസാന്‍ (6) എന്നിവരാണ് ബാലന്റ്‌റീയറില്‍ കൊല്ലപ്പെട്ടത്.

നാല് ദിവസം മുമ്പെങ്കിലും നടന്ന കൊലപാതകം ബുധനാഴ്ച ഉച്ചയോടെയാണ് പുറം ലോകം അറിഞ്ഞത്.

ഫെബ്രുവരിയിലാണ് ജന്മനാടായ ബാംഗ്ലൂരില്‍ നിന്ന് സീമ ബാനുവും മക്കളും ഡബ്ലിനിലെ ബാലിന്റിയറില്‍ എത്തിയത്.

കുട്ടികള്‍ അടുത്തുള്ള ബാലിന്റിയര്‍ എഡ്യൂക്കേറ്റ് ടുഗെദര്‍ നാഷണല്‍ സ്‌കൂളില്‍ പഠിക്കുന്നവരാണ്.

ബാലിന്റീറിലെ ലിവെല്ലെന്‍ കോര്‍ട്ടിലെ ഇവരുടെ വീട്ടില്‍ നിന്നും ,യാതൊരു പ്രതീകരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് ഗാര്‍ഡയെ വിവരം അറിയിച്ചത്.

സായുധ പ്രതികരണ യൂണിറ്റില്‍ നിന്നുള്ള ഗാര്‍ഡാ ഇന്നലെ ഉച്ചയോടെ വീട്ടില്‍ പ്രവേശിച്ചപ്പോള്‍ തന്നെ സീമ ബാനുവിന്റെ മൃതദേഹം രണ്ടാമത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ കട്ടിലില്‍ കണ്ടെത്തി.

കുട്ടികളുടെ മൃതദേഹങ്ങള്‍ മറ്റൊരു കിടപ്പുമുറിയില്‍ നിന്നും കണ്ടെത്തി.

കുട്ടികള്‍ രണ്ട് പേരും കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ടവരാണെന്ന നിഗമനമാണ് ഗാര്‍ഡയ്ക്കുള്ളത്. ഇന്ന് നടത്താനിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയേ കൃത്യമായ വിവരം അറിയാനാവുകയുള്ളുവെന്ന് ഗാര്‍ഡ പ്രാഥമികമായിവിശദീകരിച്ചു.

മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് ഗാര്‍ഡ അന്വേഷിച്ചു വരികയാണ്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാള്‍ സംഭവുമായി ബന്ധപ്പെട്ട് ഗാര്‍ഡയുടെ പിടിയില്‍ ആയിട്ടുണ്ട്.ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ മുമ്പും ഇടപെട്ടിട്ടുണ്ടെന്ന് ഗാര്‍ഡ സൂചിപ്പിച്ചു.

അയര്‍ലണ്ടില്‍ എത്തുന്ന എക്കണോമിക് മൈഗ്രന്റ്സിലെ ഒരു വിഭാഗം നേരിടുന്ന വലിയ ഒരു പ്രതിസന്ധിയുടെ ഇരകളാണ് സീമാ ബാനുവും മക്കളും എന്ന് നിസംശയം പറയേണ്ടി വരും.
ആരും അവരെ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. ആരോടാണ് സഹായം അഭ്യര്‍ത്ഥിക്കേണ്ടത് എന്ന് അവര്‍ക്ക് അറിയാമായിരുന്നില്ല.ഭാഷയുടെ അതിര്‍ത്തി വരമ്പുകള്‍ അപരിചിത്വത്തിന്റെ വലിയ മതിലാണ് അവര്‍ക്ക് ചുറ്റും ഉയര്‍ത്തിയത്.

അയര്‍ലണ്ടിലെ ഏഷ്യയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതലും,സീമാ ബാനുവിനെപ്പോലെ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഐ ടി മേഖലയിലും ,ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്നവരാണ് ഇവരില്‍ കൂടുതലും.ഈ രാജ്യത്തെ ആരോഗ്യ മേഖലയ്ക്കും,വിവര സാങ്കേതിക മേഖലയ്ക്കും ഇവര്‍ നല്‍കുന്ന സംഭാവനകള്‍ തീര്‍ച്ചയായും വിലമതിക്കപ്പെടേണ്ടതുണ്ട്.

ഫാമിലി റീ യൂണിഫിക്കേഷന്‍ വഴി അയര്‍ലണ്ടില്‍ എത്തുന്ന ഇത്തരക്കാരുടെ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഡ്രസ് ചെയ്തുകൊണ്ടുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് ദേശിയ ധാരയില്‍ അവരെ ചേര്‍ത്തു നിര്‍ത്തണമെന്ന ശക്തമായ സന്ദേശമാണ് സീമാ ബാനുവിന്റെയും പൊന്നോമന മക്കളുടെയും മരണം നമ്മെ ഓര്‍മപ്പെടുത്തുന്നത്.

https://www.youtube.com/embed/cUrMtS-2KF8

ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് കുമാര്‍

അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് കുമാര്‍ ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ബാംഗ്ലൂരുള്ള സീമാ ബാനുവിന്റെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ച അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ഇത്തരമൊരു സന്നിഗ്ദഘട്ടത്തില്‍ എംബസിയുടെ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്‍കി.

മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള സഹായവും ആവശ്യമെങ്കില്‍ ലഭ്യമാക്കുമെന്ന് സന്ദീപ് കുമാര്‍ വ്യക്തമാക്കി. മരിച്ച സീമാ ബാനുവിന് അയര്‍ലണ്ടില്‍ ഏതാനം ബന്ധുക്കള്‍ ഉണ്ടെന്നാണ് അറിവെന്നും ,അവര്‍ ഗാര്‍ഡയൂമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.