head3
head1

ഇസ്രായേല്‍ മന്ത്രിമാരെ അയര്‍ലണ്ടില്‍ കയറ്റില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ യു എന്നില്‍

യു എന്‍ : ഗാസയില്‍ യുദ്ധം തുടരുന്ന ഇസ്രായേല്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ അയര്‍ലണ്ടിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ യു എന്‍ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞു.മറ്റ് യു എന്‍ രാജ്യങ്ങളോടും ഈ വഴി തിരഞ്ഞെടുക്കാന്‍ മാര്‍ട്ടിന്‍ ആഹ്വാനം ചെയ്തു.ലോകത്തിലെ ഏറ്റവും ആധുനികവും മികച്ചതുമായ സൈന്യം നിസ്സഹായരായ ജനങ്ങളെ നേരിടുന്നതാണ് ഗാസയിലെ യുദ്ധമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച യു എന്‍ അന്വേഷണ കമ്മീഷന്‍ ഇസ്രയേല്‍ യുദ്ധത്തെ വിമര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര നിയമത്തിലെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണ് വംശഹത്യയെന്നും അദ്ദേഹം പറഞ്ഞു.ഇത് തടയാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ രാജ്യങ്ങള്‍ ബാധ്യസ്ഥരാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

പലസ്തീന്‍ രാഷ്ട്ര പദവി സ്വീകരിച്ച രാജ്യങ്ങളെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു എന്നില്‍ അപലപിച്ചതിന് ശേഷമാണ് മാര്‍ട്ടിന്‍ ഈ പ്രസ്താവനയോട് പ്രതികരിച്ചത്. നെതന്യാഹുവിന്റെ പ്രസംഗത്തെ അയര്‍ലണ്ടടക്കം വിവിധ രാജ്യങ്ങള്‍ ബഹിഷ്‌കരിച്ചു.നെതന്യാഹുവിന്റെ പ്രസംഗത്തിനായി പൊതുസഭയില്‍ പങ്കെടുത്തില്ലെന്ന് വിദേശകാര്യ വകുപ്പിന്റെ വക്താവ് പറഞ്ഞു.

ഐസിജെയിലെ ദക്ഷിണാഫ്രിക്കന്‍ കേസില്‍ അയര്‍ലണ്ട് ഇടപെട്ടെന്നും പലസ്തീനെ അംഗീകരിച്ചെന്നും മാര്‍ട്ടിന്‍ പറഞ്ഞു. അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ നിയമനിര്‍മ്മാണം നടത്തിയെന്നും മാര്‍ട്ടിന്‍ പറഞ്ഞു.ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2023 ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയത് ഭീകരമായ യുദ്ധക്കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.പലസ്തീന്‍ ജനതയല്ല, ഹമാസാണ് അതിന് ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹമാസിന്റെ ചെയ്തികള്‍ക്ക് പലസ്തീന്‍ ജനതയെ ശിക്ഷിക്കരുതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.അയര്‍ലണ്ട് എല്ലാക്കാലത്തും യു എന്നിനൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. അംഗത്വം ലഭിച്ച അന്നുമുതല്‍ ആ പ്രതിബദ്ധത തുടരുന്നു.പലസ്തീന്‍ ജനതയ്ക്കൊപ്പമാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു.ഉക്രൈയിനില്‍ റഷ്യ നടത്തുന്ന യുദ്ധത്തെയും മാര്‍ട്ടിന്‍ അപലപിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.