head3
head1

കൂടുതല്‍ ഭൂമി റീ സോണ്‍ ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍ : ഭവന നിര്‍മ്മാണത്തിനായി കൂടുതല്‍ ഭൂമി റീ സോണ്‍ ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം വിമര്‍ശിക്കപ്പെടുന്നു. കൂടുതല്‍ ഭൂമി ഡെവലപ്പര്‍മാര്‍ക്ക് നല്‍കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നും,കൗണ്‌സിലുകളെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാരിന്റെ നീക്കമെന്നും ആരോപണം ഉയരുന്നുണ്ട്.

ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍മാരാണ് ഇതു സംബന്ധിച്ച മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ രംഗത്തുവന്നത്.ഭവന വികസനത്തിന് തടസ്സം കൗണ്‍സിലാണെന്ന നിലയിലുള്ള സര്‍ക്കാര്‍ സമീപനം യുക്തിക്ക് നിരക്കുന്നതല്ലെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

വീടുകള്‍ നിര്‍മ്മിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് കൗണ്‍സിലുകളാണെന്ന് വിശ്വസിക്കുന്നില്ലെന്ന് സിന്‍ ഫെയ്നിന്റെ ഡെയ്ത്തി ഡൂളന്‍ പറഞ്ഞു.ഡെവലപ്പര്‍മാര്‍ക്ക് ബ്ലാങ്ക് ചെക്ക് നല്‍കുന്നതിന് തുല്യമാണ് ഈ നടപടിയെന്ന് കൗണ്‍സിലര്‍ പറഞ്ഞു.ദേശീയ ആസൂത്രണ ബോര്‍ഡിന്റെ ഇത്തരം വാദങ്ങള്‍ വിചിത്രമാണെന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ മീഹോള്‍ പിജിയോണ്‍ പറഞ്ഞു.

ഭവന വകുപ്പാണ് ഭവന നിര്‍മ്മാണത്തിന്റെ പ്രധാന ശത്രുവെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഡെര്‍മോട്ട് ലേസി പറഞ്ഞു.ഇത് തന്റെ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയതാണ്. ഉദ്യോഗസ്ഥ വൃന്ദം ലോക്കല്‍ സര്‍ക്കാരിനെയും രാജ്യത്തെ ഭവന നിര്‍മ്മാണ ശേഷിയെയും നശിപ്പിക്കുകയാണ്.ഭവനമന്ത്രി തെറ്റായ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് കൗണ്‍സിലര്‍ കാതറിന്‍ സ്റ്റോക്കര്‍ പറഞ്ഞു.മന്ത്രി ജെയിംസ് ബ്രൗണിന്റെ നീക്കം സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ഭൂമി നല്‍കാനുള്ള ശ്രമമാണെന്ന സംശയവും ഇവര്‍ പങ്കുവെച്ചു.

ലോക്കല്‍ അതോറിറ്റികളെ ദരിദ്രരാക്കുന്നതാണ് മന്ത്രിയുടെ സമീപനമെന്ന് സിന്‍ ഫെയ്നിന്റെ മീഷേല്‍ മാക് ഡോഞ്ച കുറ്റപ്പെടുത്തി.ഈ നീക്കത്തിനെതിരെ എല്ലാ കൗണ്‍സിലര്‍മാരും അവരുടെ പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ മലാച്ചി സ്റ്റീന്‍സണ്‍ ആവശ്യപ്പെട്ടു.നഗരത്തിലെ സാമൂഹിക ഭവന വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച മന്ത്രിയില്‍ നിന്ന് ഇത്തരത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കുന്നത് ശരിയല്ലെന്ന് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റിന്റെ കോണര്‍ റെഡ്ഡി പറഞ്ഞു.

ഭവന നിര്‍മ്മാണത്തിനായി ഭൂമി കണ്ടെത്തുന്നതിന് വിവിധ പ്രോസസുകളുണ്ടെന്നും അത് നടന്നുവരികയാണെന്നും ഭവന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഭവന വകുപ്പ് ഭൂമി വികസനത്തിന് അനുയോജ്യമായ ലാന്റ്ബാങ്കുകള്‍ കണ്ടെത്തുന്നതിന് കൗണ്‍സിലര്‍മാര്‍ക്കായി വര്‍ക്ക്‌ഷോപ്പ് നടത്തുമെന്നും ഇവര്‍ വ്യക്തമാക്കി.ഗ്ലാസ്നെവിനിലെ ബാലിബോഗന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഭവന വികസന പദ്ധതികളില്‍ കൂടുതല്‍ വീടുകള്‍ നല്‍കുമെന്നും ഇവര്‍ പറഞ്ഞു.ഈ വിഷയവുമായി ബന്ധപ്പെട്ട് ഭവന മന്ത്രിയെ കാണുമെന്നും മേയര്‍ റേ മക് ആദം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.