head3
head1

കുടിയേറ്റക്കാരല്ല ,അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിക്ക് കാരണം ,കണക്കുമായി വിദഗ്ദ്ധര്‍

ഡബ്ലിന്‍ : കുടിയേറ്റക്കാരാണ് അയര്‍ലണ്ടില്‍ ഭവന പ്രതിസന്ധിയുണ്ടാക്കുന്നതെന്ന വാദം പൊള്ളയാണെന്ന് വിദഗ്ദ്ധര്‍.പുതിയ ജനസംഖ്യാ സി എസ് ഒ ജനസംഖ്യാ കണക്കുകളെ ചൂണ്ടിക്കാട്ടിയാണ് ഈ നിരീക്ഷണമുയര്‍ന്നത്.കുടിയേറ്റവും ഭവന പ്രതിസന്ധിയും തമ്മില്‍ ബന്ധമുണ്ടെന്നത് കുടിയേറ്റ വിരുദ്ധരുടെ ശക്തമായ പ്രചാരണമാണ്. ഇത് ഇനിയും വസ്തുതാപരമായി തെളിയിച്ചിട്ടില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇക്കാര്യം പറയുന്നത്.ജനസംഖ്യയുടെ വര്‍ദ്ധനവ് കൂടുതല്‍ ഭവനങ്ങളുടെ ആവശ്യകതയുണ്ടാക്കുമെന്നത് ശരിയാണെങ്കിലും കുടി അതിന് കുടിയേറ്റവുമായി അത്ര കണ്ട് ബന്ധമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കുടിയേറ്റം കുറയുന്നത് ഭവന നിര്‍മ്മാണത്തിലുള്ള സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് വാദിക്കുന്നവരേറെയുണ്ട്.എന്നാലിത് വസ്തുതാപരമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.നിര്‍മ്മാണ വ്യവസായത്തിലെ 20% തൊഴിലാളികളും കുടിയേറ്റക്കാരാണെന്ന് തെളിവുകള്‍ കാണിക്കുന്നുവെന്ന് ഇവര്‍ പറയുന്നു.അതിനാല്‍, കുടിയേറ്റം കുറയുന്നത് ഭവനങ്ങളുടെ ആവശ്യകതയില്‍ കുറവുണ്ടാക്കും. അതേ സമയം,പുതിയ വീടുകളുടെ വിതരണത്തെയും ഇത് തടസ്സപ്പെടുത്തും.

കുടിയേറ്റത്തിലെ ചില മെച്ചക്കണക്കുകള്‍

കുടിയേറ്റത്തിലെ കുറവ് വീടുകളുടെ വിലകളിലും വാടകയിലും നേരിയ കുറവിന് കാരണമാകുമെന്നും ഇവര്‍ പറയുന്നു.ഇത് ഭവന വിതരണത്തിലും കുറവുണ്ടാക്കും.കുടിയേറ്റത്തിലെ കുറവ് സാമ്പത്തിക വളര്‍ച്ചയെയും ആരോഗ്യം, സോഷ്യല്‍ കെയര്‍ തുടങ്ങിയ പ്രധാന മേഖലകളെയും ബാധിക്കും.വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കുടിയേറ്റക്കാര്‍ വാടക അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്നവരാണെന്നതും ഇവര്‍ എടുത്തുപറയുന്നു. അയര്‍ലണ്ടിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വരുന്ന കുറവ് കൂടുതല്‍ അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മ്മാണത്തെയും ബാധിക്കും.കുടിയേറ്റം കുറയുന്നത് ഭവന നിര്‍മ്മാണത്തിലെ സമ്മര്‍ദ്ദം ഗണ്യമായി കുറയ്ക്കുമെന്ന വാദം തെളിയിക്കാന്‍ പറ്റാത്തതാണെന്ന് ഡബ്ലിന്‍ യൂണിവേഴ്സിറ്റിയിലെ ഡോ. മീഹോള്‍ ബൈര്‍ണ്‍ പറയുന്നു.

ചില ‘ജന’കണക്കുകള്‍

അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം തുടര്‍ച്ചയായ നാലാം വര്‍ഷവും 100,000 കവിഞ്ഞതായി കണക്കുകള്‍ പുറത്തുവന്നിരുന്നു.കഴിഞ്ഞ വര്‍ഷം ഇവിടെ കുടിയേറിയ 125,000 പേരില്‍ 32,000 പേരും മടങ്ങിയെത്തുന്ന ഐറിഷ് പൗരന്മാരാണെന്നും കണക്കുകള്‍ പറയുന്നു.ഇവിടെ നിന്നും മറ്റിടങ്ങളിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണവും മരണവും ജനനവും വിദേശത്തുനിന്നും തിരിച്ചെത്തിയവരുടെ എണ്ണവുമെല്ലാം കണക്കാക്കുമ്പോഴാണ് യഥാര്‍ത്ഥ കുടിയേറ്റക്കാരുടെ കണക്ക് ലഭിക്കുക.ഇതെല്ലാം വിലയിരുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം 80,000 പേര്‍ കൂടി ജനസംഖ്യയിലേയ്ക്ക് പുതുതായി വന്നു.പുതിയ കണക്കനുസരിച്ച് രാജ്യത്ത് 54,58,600 പേരാണ് രാജ്യത്ത് താമസിക്കുന്നത്.

വീടുകളുടെ കുറവും പരിഹാരവും

കഴിഞ്ഞ വര്‍ഷം രാജ്യത്ത് 2,50,000 വീടുകളുടെ കുറവുണ്ടെന്ന് സംസ്ഥാന ഹൗസിംഗ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.ജല, വൈദ്യുതി കണക്ഷനുകളുള്ള സര്‍വീസ്ഡ് ഭൂമിയുടെ കുറവ് പരിഹരിക്കുക, ആസൂത്രണ സംവിധാനത്തിലെ കാലതാമസം കുറയ്ക്കുക എന്നിവയാണ് ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന് കമ്മീഷനിലെ വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്ന മാര്‍ഗ്ഗങ്ങള്‍.ഭവനനിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതിന് ഭവന മന്ത്രി ജെയിംസ് ബ്രൗണ്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

വാടക പരിധി ലഘൂകരിക്കുന്ന നിയമങ്ങളില്‍ ശരത്കാലത്ത് പാര്‍ലമെന്റ് സമിതി വോട്ടെടുപ്പുണ്ടാകും.പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളുമുണ്ടായേക്കും.അപ്പാര്‍ട്ട്മെന്റുകളുടെ നിര്‍മ്മാണത്തിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മ്മാണത്തില്‍ വിദേശ ഫണ്ടുകള്‍ ആകര്‍ഷിക്കുന്നതിന് അവ ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നു.കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദനത്തില്‍ 24% ഇടിവ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a

Leave A Reply

Your email address will not be published.