head1
head3

ഇ യുവിന്റെ ഡിജിറ്റല്‍ നിയമങ്ങള്‍ക്കെതിരെ പുതിയ പടപ്പുറപ്പാടുമായി ട്രംപ്

വാഷിംഗ്ടണ്‍ : യൂറോപ്യന്‍ യൂണിയനിലെ ടെക് ഭീമന്മാരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള യൂറോപ്യന്‍ കമ്മീഷന്റെ പരമാധികാരത്തിനെതിരെ പുതിയ ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്റ്റ് (ഡി എം എ), ഡിജിറ്റല്‍ സര്‍വീസസ് ആക്റ്റ് (ഡി എസ് എ) പോലുള്ള നിയമങ്ങള്‍ക്കെതിരെയാണ് യു എസ് പ്രസിഡന്റിന്റെ പുതിയ പടപ്പുറപ്പാട്.എന്നാല്‍ ഈ പ്രദേശത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഇ യുവിന്റെയും അംഗരാജ്യങ്ങളുടെയും പരമാധികാരമാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ചീഫ് വക്താവ് പോള പിന്‍ഹോ മറുപടി നല്‍കി.

ടെക് ഭീമന്മാരെ നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന ശക്തമായ നിയമായുധങ്ങള്‍ ബ്രസ്സല്‍സിലുണ്ട്.ഇതിനെതിരെയാണ് ട്രംപിന്റെ ഭീഷണി.ഈ നിയമങ്ങള്‍ യു എസ് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് വാദം.മെറ്റ, ആപ്പിള്‍ എന്നിവയുള്‍പ്പെടെയുള്ള യു എസ് കമ്പനികള്‍ക്ക് പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പ്രകാരം ഇ യു കനത്ത പിഴ ചുമത്തിയിരുന്നു.യൂറോപ്യന്‍ രാജ്യങ്ങളെയും ഓണ്‍ലൈന്‍ ലോകത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുള്ള മറ്റ് രാജ്യങ്ങളെയും ലക്ഷ്യം വച്ചുള്ളതാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.യു കെയിലും ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതിയുണ്ട്.

അതിനിടെ ആല്‍ഫബെറ്റ്, ആമസോണ്‍, മെറ്റ തുടങ്ങിയ യുഎസ് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നികുതി ബാധകമാക്കുന്ന ഒട്ടാവയുടെ ഡിജിറ്റല്‍ സേവന നികുതിക്കെതിരായ നടപടിയെന്ന നിലയില്‍ കാനഡയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ട്രംപ് ജൂണില്‍ റദ്ദാക്കി.തുടര്‍ന്ന് ഈ നികുതികള്‍ വേണ്ടെന്ന് വെക്കുമെന്ന് കാനഡ പ്രഖ്യാപിച്ചു.

ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം, ട്രംപ് സഖ്യകക്ഷികള്‍ക്കും എതിരാളികള്‍ക്കും ഒരുപോലെ താരിഫ് ചുമത്തുകയാണ്.വിവിധ ലക്ഷ്യങ്ങള്‍ നേടരുന്നതിനുള്ള മാര്‍ഗമായാണ് ട്രംപ് താരിഫുകള്‍ ഉപയോഗിക്കുന്നത്.

യു എസ് ടെക് സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടെന്ന് ട്രംപ്

യു എസ് ടെക് സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ താരിഫുകളും കയറ്റുമതി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തുന്നു. ഡിജിറ്റല്‍ നികുതികള്‍, ഡിജിറ്റല്‍ സേവന നിയമനിര്‍മ്മാണം, ഡിജിറ്റല്‍ മാര്‍ക്കറ്റ് നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം അമേരിക്കന്‍ സാങ്കേതികവിദ്യയോട് വിവേചനം കാണിക്കാനും ദോഷമുണ്ടാക്കാനും രൂപകല്‍പ്പന ചെയ്തതാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അധിക താരിഫുകള്‍ വരും

ഈ നിയമങ്ങള്‍ നീക്കിയില്ലെങ്കില്‍ ഇത്തരം രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ അധിക താരിഫുകളും യു എസ് ടെക്, ചിപ്പുകള്‍ എന്നിവയില്‍ കയറ്റുമതി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും.അമേരിക്കയും അമേരിക്കന്‍ ടെക്നോളജി കമ്പനികളും ലോകത്തിന്റെ പിഗ്ഗി ബാങ്കോ,ഡോര്‍മാറ്റോ അല്ലെന്ന് ട്രംപ് പറഞ്ഞു.

ട്രംപിന്റെ വാദം ശരിയല്ലെന്ന് ഇ യു ടെക് വക്താവ്

ഇ യുവിന്റെ ഡിജിറ്റല്‍ നിയമങ്ങള്‍ യു എസ് കമ്പനികളെ ലക്ഷ്യം വച്ചുള്ളതാണെന്ന ട്രംപിന്റെ വാദം ശരിയല്ലെന്ന് തെളിയിക്കാന്‍ ബ്ലോക്കിന് കഴിയുമെന്ന് ഇ യു ടെക് വക്താവ് തോമസ് റെഗ്നിയര്‍ പറഞ്ഞു.കമ്പനിയുടെ നിറമോ അധികാരപരിധിയോ നോക്കിയല്ല ഡി എസ് എ.ചൈനയുടെ അലി എക്സ്പ്രസ്, ടിക് ടോക്ക്, ചൈനീസ് ടെമു എന്നിവയ്‌ക്കെതിരെ സമീപകാലത്തെടുത്ത നിയമ നടപടികള്‍ ഇദ്ദേഹം ചൂണ്ടിക്കാട്ടി.

തെറ്റായ വിവരങ്ങള്‍, വിദ്വേഷ പ്രസംഗം, വ്യാജവും അപകടകരവുമായ വസ്തുക്കള്‍ എന്നിവയില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം വ്യക്തമാക്കി.നിയമവിരുദ്ധമായ ഉള്ളടക്കം വേഗത്തില്‍ നീക്കം ചെയ്യാനും അത് ആക്‌സസ് ചെയ്യാന്‍ പറ്റാത്തതാക്കാനും ഡിഎസ്എ പ്ലാറ്റ്‌ഫോമുകള്‍ക്ക് കഴിയും.നിയമവിരുദ്ധ ഉള്ളടക്കം പതിവായി പങ്കിടുന്ന ഉപയോക്താക്കളെ സസ്‌പെന്റ് ചെയ്യാന്‍ പ്ലാറ്റ്‌ഫോമുകളോട് നിര്‍ദ്ദേശിക്കാനുമാകും.

ഡി എസ് എ സെന്‍സര്‍ഷിപ്പ് ഉപകരണമാണെന്ന വാദം തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് റെഗ്നിയര്‍ പറഞ്ഞു.ഉള്ളടക്കം നീക്കം ചെയ്യാന്‍ ഞങ്ങള്‍ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെടുന്നില്ല. സ്വന്തം നിബന്ധനകളും വ്യവസ്ഥകളും നടപ്പിലാക്കാനാണ് നിര്‍ദ്ദേശിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.