head1
head3

നാലിലൊരാള്‍ കുടിശികക്കാരന്‍ , എനര്‍ജി ബില്‍ അടയ്ക്കാന്‍ കുടിശിക വരുത്തുന്നവര്‍ പെരുകുന്നു…

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സാധാരണക്കാരുടെ ജീവിത പ്രതിസന്ധി അനാവരണം ചെയ്ത് കമ്മീഷന്‍ ഫോര്‍ ദി റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് റിപ്പോര്‍ട്ട്.നിത്യവൃത്തിയുമായി ബന്ധപ്പെട്ട നല്ലൊരു ശതമാനം ആളുകളുടെയും കഷ്ടപ്പാടിന്റെ നേര്‍രേഖയാണ് സി ആര്‍ യു പുറത്തുവിട്ട കണക്കുകള്‍.

സര്‍ക്കാരിന്റെ ഇലക്ട്രിസിറ്റി ക്രെഡിറ്റ് സ്‌കീമിന്റെ അവസാന പേയ്‌മെന്റ് മാര്‍ച്ചിലാണ് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കെത്തിയത്. അതിന് ശേഷമാണ് ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം മാസാമാസം വര്‍ദ്ധിച്ചുതുടങ്ങിയതെന്ന് സി ആര്‍ യു പറയുന്നു.

അയര്‍ലണ്ടില്‍ പാചകവാതകം, വൈദ്യുതി തുടങ്ങിയ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ കുടിശിക വരുത്തുന്നവരുടെ എണ്ണം ഏറുകയാണെന്ന് കണക്കുകള്‍ പറയുന്നു.ആയിരക്കണക്കിന് കുടുംബങ്ങളാണ് എനര്‍ജി ബില്‍ അടയ്ക്കാന്‍ കഴിയാതെ കുടിശിക വരുത്തിയത്.

രാജ്യത്തെ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളില്‍ നാലില്‍ ഒരാളും ബില്‍ കുടിശികക്കാരാണ്. എട്ടില്‍ ഒരാള്‍ വൈദ്യുതി ബില്ലും അടയ്ക്കുന്നില്ല.വൈദ്യുതി ബില്‍ കുടിശിക ശരാശരി 435 യൂറോ വരെയും ഗ്യാസ് ബില്ലിന്റെ കുടിശിക 210 യൂറോയുമാണ്.

ലക്ഷക്കണക്കിന് കുടിശികക്കാര്‍

ജൂലൈയില്‍ 1,71,400 കുടുംബങ്ങളാണ് വൈദ്യുതി ബില്‍ കുടിശികക്കാര്‍.പാചകവാതക കുടിശിക വരുത്തിയത് 169,000 കുടുംബങ്ങളാണ്.ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കളുടെ കുടിശിക ജൂലൈയില്‍ 12 ശതമാനമാണ്.

ജൂണിലുണ്ടായിരുന്ന അതേ നിലവാരത്തിലാണിതെന്ന് സി ആര്‍ യു പറഞ്ഞു.ബില്‍ കുടിശികയെ തുടര്‍ന്ന് ഏപ്രിലില്‍ 171 കുടുംബങ്ങളുടെ വൈദ്യുതി കണക്ഷനുകളും 217 ഗാര്‍ഹിക ഗ്യാസ് കണക്ഷനുകളും റദ്ദാക്കി.

കുടിശികക്കാരുടെ തോത് റെക്കോഡിനടുത്ത്

ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയത് കഴിഞ്ഞ നവംബറിലായിരുന്നു; 13%. അതിന് തൊട്ടടുത്ത് തന്നെയാണ് ഇപ്പോഴും കുടിശികക്കാരുടെ സ്ഥാനമെന്ന് കണക്കുകള്‍ പറയുന്നു.

ജൂലൈയില്‍ പാചകവാതക ബില്‍ കുടിശികക്കാര്‍ 24 ശതമാനമായിരുന്നു.മെയ് മാസത്തിലേതിനേക്കാള്‍ ഒരു ശതമാനം കുറവാണിത്. ഈ വര്‍ഷം മാര്‍ച്ച്, മെയ്, ജൂണ്‍ മാസങ്ങളിലാണ് ഗ്യാസ് ഉപഭോക്താക്കള്‍ കുടിശികയില്‍ റെക്കോഡിട്ടത്. 25 ശതമാനമായിരുന്നു അത്.

എനര്‍ജി ക്രഡിറ്റില്‍ നേരിയ പ്രതീക്ഷ മാത്രം

ബജറ്റില്‍ വാറ്റ് ഉള്‍പ്പെടെ 250 യൂറോയുടെ എനര്‍ജി ക്രഡിറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.കഴിഞ്ഞ വര്‍ഷം 450 യൂറോയാണ് നല്‍കിയിരുന്നത്.250 യൂറോയുടെ ക്രെഡിറ്റ് 125 യൂറോ വീതം രണ്ട് തവണകളായാണ് ലഭിക്കുക.

ഏകദേശം 2.3 മില്യണ്‍ വീടുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ഇതിന് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ഓട്ടോമാറ്റിക്കായി ബില്ലില്‍ കുറവു വരുന്ന നിലയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

എന്നാല്‍ അതുകൊണ്ടൊന്നും തീരുന്നതല്ല ,ബഹുഭൂരിപക്ഷം ഉപഭോക്താക്കളുടെയും ദുരവസ്ഥ.
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.