head3
head1

ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം: യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്രയം വിദേശ തൊഴിലാളികള്‍ മാത്രം

ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്രയം വിദേശികള്‍ മാത്രമെന്ന് ഒ ഇ സി ഡി റിപ്പോര്‍ട്ട്.ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും വന്‍ കുറവാണ് വിവിധ രാജ്യങ്ങളിലുള്ളത്. ഇത് നികത്താന്‍ വിദേശ പരിശീലനം ലഭിച്ച ആരോഗ്യപരിപാലന വിദഗ്ധരിലൂടെ മാത്രമേ സാധിക്കൂവെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

സ്വന്തം ആളുകളെ പരിശീലിപ്പിച്ചില്ലെങ്കില്‍ പണിയാകും…

യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ സ്വന്തം ഡോക്ടര്‍മാരെയും നഴ്സുമാരെയും കൂടുതല്‍ പരിശീലിപ്പിച്ചില്ലെങ്കില്‍, വിദേശ ആരോഗ്യ പ്രവര്‍ത്തകരെ ആശ്രയിക്കുന്നത് ഭാവിയിലും തുടരേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

ജര്‍മ്മനി പോലുള്ള രാജ്യങ്ങള്‍ക്ക് 2025 ഓടെ 150,000 നഴ്‌സുമാരെക്കൂടി ആവശ്യമായി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍, മത്സരാധിഷ്ഠിത വേതനം, മികച്ച റീടെന്‍ഷന്‍ തന്ത്രങ്ങള്‍ എന്നിവയിലൂടെ മാത്രമേ യൂറോപ്പിലെ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് തടയുന്നതിന് സാധിക്കൂ.

ആരോഗ്യ രംഗത്തെ ജീവനക്കാരുടെ കുറവും ചികില്‍സാ സൗകര്യങ്ങളുടെ അപര്യാപ്തതകളും യൂറോപ്പില്‍ താമസിക്കുന്ന പ്രവാസികളെയും കാര്യമായി ബാധിക്കുമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്.

നോര്‍വേയിലും സ്വിറ്റ്സര്‍ലന്റിലും 40% വിദേശ തൊഴിലാളികള്‍

നഴ്സുമാര്‍,നഴ്സുമാര്‍ , കെയറര്‍മാര്‍ എന്നിവരെ മാത്രമല്ല മെഡിക്കല്‍ പ്രൊഫണലുകളെയും പല രാജ്യങ്ങളിലും കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.നോര്‍വേ, സ്വിറ്റ്സര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ 40 ശതമാനത്തിലധികം ഡോക്ടര്‍മാരും വിദേശികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അയര്‍ലണ്ട് പോലുള്ള രാജ്യങ്ങള്‍ക്ക് നഴ്‌സിംഗ് പ്രൊഫഷണലുകളുടെ കാര്യത്തിലും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. ഹെല്‍ത്ത് കെയര്‍ വര്‍ക്ക് ഫോഴ്‌സിലാകെ വിദേശികളുടെ സ്വാധീനം ഇവിടെ വ്യക്തമാണ്.

നിങ്ങളുടെ കുറവ് ഞങ്ങള്‍ തീര്‍ക്കും,പക്ഷേ ഞങ്ങളെന്ത് ചെയ്യും

വിദേശ റിക്രൂട്ട്‌മെന്റിലൂടെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് സാധിക്കും.എന്നാല്‍ ഈ തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന രാജ്യങ്ങളിലെ ഇതു മൂലമുള്ള ഷോര്‍ട്ടേജ് എങ്ങനെ പരിഹരിക്കുമെന്നതും പ്രശ്നമാണ്.ഈ രാജ്യങ്ങളില്‍ ആരോഗ്യ വിഭാഗം ജീവനക്കാരുടെ വിടവ് കൂടുതല്‍ രൂക്ഷമാകുമെന്ന് ഒ ഇ സി ഡി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

10 വര്‍ഷത്തിനിടെ 3,500 ഡോക്ടര്‍മാര്‍ അല്‍ബേനിയ വിട്ടതായി യൂറോപ്പിലെ അല്‍ബേനിയന്‍ ഡോക്ടര്‍മാരുടെ ഫെഡറേഷന്‍ റിപ്പോര്‍ട്ട് പറയുന്നു.റൊമാനിയയും പോളണ്ടും പോലുള്ള രാജ്യങ്ങള്‍ ഇതിനകം തന്നെ ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രതിസന്ധി നേരിടുകയാണ്.

ഈ രാജ്യങ്ങളിലെ നല്ലൊരു ശതമാനം ആരോഗ്യപരിപാലന വിദഗ്ധരും ജര്‍മ്മനി, യു കെ തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. ഇത് വലിയ പ്രതിസന്ധിയാണ് ഈ രാജ്യങ്ങളിലുണ്ടാക്കുന്നത്.

നഴ്സുമാര്‍ക്കിഷ്ടം അമേരിക്കയും ജര്‍മ്മനിയും യു കെയും

ഫോറിന്‍ ബോണ്‍ നഴ്‌സുമാരില്‍ 45 ശതമാനവും യു എസില്‍ ജോലി നേടണമെന്നാഗ്രഹിക്കുന്നവരാണെന്ന് ഒ ഇ സി ഡി പറയുന്നു.ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ജര്‍മ്മനി (15%)ക്കും മൂന്നാം സ്ഥാനം യു കെ (11%)യ്ക്കുമാണ്.

ഡോക്ടര്‍മാരും നഴ്സുമാരും കിഴക്കന്‍, തെക്കന്‍ യൂറോപ്പില്‍ നിന്ന് പടിഞ്ഞാറന്‍, വടക്കന്‍ യൂറോപ്പിലേക്ക് പോവുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.അതേ സമയം പടിഞ്ഞാറന്‍, വടക്കന്‍ യൂറോപ്പിലെ തൊഴിലാളികള്‍ ഈ മേഖലയ്ക്കുള്ളില്‍ത്തന്നെ ചുറ്റി ക്കറങ്ങുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ടെക്‌നിക്കല്‍ ബിരുദധാരികളെ തൊഴിലുടമകള്‍ ”കാത്തുനിന്ന് കൊണ്ടു പോകുന്നതായി ഇ എസ് ആര്‍ ഐ
അയര്‍ലണ്ടില്‍ പഠനം കഴിഞ്ഞിറങ്ങുന്ന ടെക്‌നിക്കല്‍ ബിരുദധാരികളെ തൊഴിലുടമകള്‍ ”കാത്തുനിന്ന് കൊണ്ടു പോകുന്നതായി” ഇ എസ് ആര്‍ ഐ ഗവേഷണത്തിന്റെ വെളിപ്പെടുത്തലും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ), ഓട്ടോമേഷന്‍, ബ്ലോക്ക്‌ചെയിനുമായി ബന്ധപ്പെട്ട ജോലികളില്‍ എന്നിവയിലൊക്കെ ആവശ്യമായ പുതിയ വിദഗ്ദ്ധരെ നല്‍കാന്‍ സര്‍വകലാശാലകള്‍ക്ക് കഴിയുന്നുണ്ടെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.അതുകൊണ്ട് തന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ പഠിക്കാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ് ഓരോ വര്‍ഷവും.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫര്‍ദര്‍ ആന്‍ഡ് ഹയര്‍ എഡ്യൂക്കേഷന്‍, റിസര്‍ച്ച്, ഇന്നൊവേഷന്‍ ആന്‍ഡ് സയന്‍സിന്റെ ധനസഹായത്തോടെയാണ് പഠനം നടത്തിയത്.

ഓണ്‍ലൈന്‍ ഒഴിവുകളുടെ നിരീക്ഷണത്തിനൊപ്പം തൊഴിലുടമകളുടെ വര്‍ക്ക്ഷോപ്പുകളുമടക്കം നിരവധി ഉറവിടങ്ങളില്‍ നിന്നുള്ള ഡാറ്റയാണ് പഠന വിധേയമാക്കിയത്.

അടുത്തിടെ അംഗീകരിച്ച യൂറോപ്യന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ടിലെ മാറ്റങ്ങള്‍ പ്രാബല്യത്തിലെത്തുന്നതോടെ തൊഴില്‍ വിപണിയിലെ ആവശ്യകതകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് തൊഴിലുടമകള്‍ ചൂണ്ടിക്കാട്ടുന്നു.

എ ഐയുമായി ബന്ധപ്പെട്ട വിവിധ തലങ്ങളില്‍ സംഭവിക്കുന്ന മാറ്റം നടപ്പിലാക്കാന്‍ കമ്പനികളെ സഹായിക്കുന്ന നയം വികസിപ്പിക്കണമെന്ന് തൊഴിലുടമകള്‍ ആവശ്യപ്പെടുന്നതായും ഗവേഷണം പറയുന്നു.

ഗവേഷണ റിപ്പോര്‍ട്ടിനെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ മന്ത്രി പാട്രിക് ഒ ഡോനോവന്‍ സ്വാഗതം ചെയ്തു.ഭാവി നയരൂപീകരണത്തിന് ഈ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

അയര്‍ലണ്ടിന്റെ തൊഴില്‍ വിപണിയുടെ ദീര്‍ഘവീക്ഷണത്തിന് ഈ ഗവേഷണം പ്രധാന ഉപാധിയാകുമെന്ന് റിപ്പോര്‍ട്ടിന്റെ രചയിതാക്കളില്‍ ഒരാളായ ഡോ. സീമസ് മക്ഗിന്നസ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</

Comments are closed.