head3
head1

ഒറ്റയ്ക്ക് വേണ്ടെന്ന് ജനം ,പത്തുവര്‍ഷത്തിനുശേഷം കൂട്ടുകക്ഷിഭരണം വീണ്ടും

മോടി പോയി എന്‍.ഡി.എ ,മാനമിടിഞ്ഞു മോഡി

ന്യൂഡല്‍ഹി : പത്തുവര്‍ഷത്തിനുശേഷം ഭാരതത്തില്‍ കൂട്ടുകക്ഷിഭരണത്തിന് വീണ്ടും വേദിയൊരുങ്ങി. 272 എന്ന കേവലഭൂരിപക്ഷം ഒരു പാര്‍ട്ടിക്കുമില്ല. 240 സീറ്റോടെ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍വേണ്ട ഭൂരിപക്ഷം 290 സീറ്റോടെ എന്‍.ഡി.എ. കഷ്ടിച്ച് മറികടന്നു. നെഹ്രുവിനുശേഷം തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലെത്തുന്ന പ്രധാനമന്ത്രിയായേക്കും നരേന്ദ്രമോഡി.

400 സീറ്റെന്നതായിരുന്നു എന്‍.ഡി.എ.യുടെ അവകാശവാദം.എന്നാല്‍ ഏകപക്ഷീയമായ ഈ നീക്കത്തോട അനുഭാവം കാട്ടാതെയും പ്രതിപക്ഷശബ്ദം കേട്ടും വോട്ടുവിഹിതം വിവിധ പാര്‍ട്ടികള്‍ക്ക് വീതിച്ചുനല്‍കുകയുമായിരുന്നു ജനം.സഖ്യകക്ഷികളായ നിതീഷ് കുമാറിന്റെ ജെ.ഡി.യു, ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. എന്നിവയുടെ പിന്തുണയോടെ മാത്രമേ ബി.ജെ.പി.ക്ക് സര്‍ക്കാരുണ്ടാക്കാനാകൂ.. നിലവിലെ മന്ത്രിസഭ ബുധനാഴ്ച യോഗം ചേരും. പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപവത്കരിക്കുമെന്ന് നരേന്ദ്ര മോഡി വ്യക്തമാക്കി.

വൈകാരിക വിഷയങ്ങള്‍ക്കപ്പുറം അടിസ്ഥാനജനതയുടെ പ്രതിദിന പ്രശ്നങ്ങളാണ് വോട്ടായി മാറുകയെന്ന് വോട്ടെടുപ്പ് ഫലം തെളിയിക്കുന്നു. ഒരുമയുണ്ടെങ്കില്‍ ജയിക്കാമെന്നതാണ് ഇന്ത്യാ സഖ്യത്തിനുള്ള ജന സന്ദേശം. ദുര്‍ബല നിലയില്‍ നിന്ന് അംഗബലമേറിയതില്‍ കോണ്‍ഗ്രസിനും ആശ്വസിക്കാം. എക്സിറ്റ് പോളുകളുടെ പ്രവചനത്തിനപ്പുറമാണ് ജനങ്ങളുടെ ചിന്തകളും നിലപാടുകളുമെന്ന പാഠവും തിരഞ്ഞെടുപ്പ് ഒരിക്കല്‍ കൂടി പറയുന്നു. 2014, 2019-കളിലെ തിരഞ്ഞെടുപ്പുകള്‍ക്കു സമാനമായി ഏകനേതാവിനെ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണവും പ്രതിപക്ഷപാര്‍ട്ടികളെ വീഴ്ത്തിയുള്ള ബി.ജെ. പി.യുടെ സ്വതസിദ്ധമായ ശൈലിയും ഏശിയില്ല.

പൗരത്വനിയമം, ഏക സിവില്‍ കോഡ്, മുത്തലാഖ്, അയോധ്യ തുടങ്ങിയ ഹിന്ദുത്വവിഷയങ്ങള്‍ ബി.ജെ.പി. ഉയര്‍ത്തിയെങ്കിലും പതിവായി തുണയ്ക്കാറുള്ള ഉത്തര്‍പ്രദേശ് അടക്കമുള്ള ഹിന്ദി ഹൃദയഭൂമിയില്‍പ്പോലും കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ഭരണഘടന ഉദ്ധരിച്ചും വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ ഉന്നയിച്ചും രാഹുല്‍ ഗാന്ധിയും ഇന്ത്യസഖ്യം നേതാക്കളും നടത്തിയ പ്രചാരണം ജനപിന്തുണ നേടി. യു പി പോലെ ഇന്ത്യാ സഖ്യം വിജയകരമായി രൂപീകരിച്ച ഇടങ്ങളില്‍ പ്രതിപക്ഷത്തിന് നേട്ടമുണ്ടായി.

ഡല്‍ഹിയില്‍ ഈ സഖ്യം അദ്ഭുതം കാട്ടിയില്ലെന്നതും ശ്രദ്ധേയം.ബീഹാര്‍, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്വന്തം കോട്ട അതേപോലെ സംരക്ഷിച്ചുനിര്‍ത്താന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞില്ല. എന്നാല്‍, യു.പി. ക്കു സമാനമായി അജന്‍ഡകളുടെ പരീക്ഷണശാലയായ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ തൂത്തെറിയാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞു.

കേരളം, ആന്ധ്ര എന്നിവയടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടന്നു കയറാനും തെലങ്കാനയില്‍ സാന്നിധ്യം വിപുലീകരിക്കാനും കഴിഞ്ഞത് ബി.ജെ.പി. ക്കും എന്‍.ഡി.എ. സഖ്യത്തിനും നേട്ടമായി.

എന്‍ ഡി എ-291 ഇന്ത്യാ സഖ്യം 234,ബി ജെ പി 240 കോണ്‍ഗ്രസ് 100

ന്യൂഡെല്‍ഹി : അനുകൂലതകളുടെ അകമ്പടിയും ആത്മവിശ്വാസത്തിന്റെ ധാരാളിത്തവുമായി പൊതുതിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ബി.ജെ.പി.ക്ക് അധികാരത്തിനടുത്തെത്താനായെങ്കിലും തിരിച്ചടി.

അയോധ്യയില്‍ ക്ഷേത്രം നിര്‍മിച്ചതും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ് എടുത്തുകളഞ്ഞതുമടക്കമുള്ള നടപടികളും ഇ.ഡി. അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപ ക്ഷത്തെ സമ്മര്‍ദത്തിലാക്കിയതും തിരഞ്ഞെടുപ്പുനേട്ടത്തിന് ഉപകരിക്കുമെന്ന കണക്കുകൂട്ടല്‍ പാളി.പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിച്ഛായയും ഗുണംചെയ്തില്ല. ഭരണത്തിലേറാന്‍ ബി.ജെ.പി.ക്ക് എന്‍.ഡി.എ.യിലെ സഖ്യ കക്ഷികളെ ആശ്രയിക്കണം. പൂര്‍ണ്ണമായ അനുകൂലവിധി ബി.ജെ.പി.ക്കു നല്‍കാന്‍ ജനം മടിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ യും ജനങ്ങളുടെയും വിജയമാണെന്ന് നിരീക്ഷിക്കപ്പെടുന്നു.

എന്‍ ഡി എ സഖ്യത്തിന് 291 സീറ്റുകളേ നേടാനായുള്ളു. ബി ജെപിയ്ക്ക് 234 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേ സമയം ഇന്ത്യാ സഖ്യത്തിന് 240 സീറ്റ് കിട്ടി.കോണ്‍ഗ്രസ് 52ല്‍ നിന്നും 100 സീറ്റുകളായി നില മെച്ചപ്പെടുത്തി.യു പി അടക്കം ഹിന്ദി ഭൂമികയില്‍ ബി ജെ പി സഖ്യത്തിന് കാലിടറി.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</

Comments are closed.