head1
head3

ഉമ്മന്‍ ചാണ്ടി : വലിയ കാര്യങ്ങള്‍ ചെയ്ത നാട്ടുകാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയന്റ് എന്ന സിനിമയില്‍ ഖുശ്ബു പ്രാഞ്ചിയേട്ടനോട് ചോദിക്കുന്ന ഡയലോഗ്’ അതിപ്പോ ഉമ്മന്‍ ചാണ്ടീന്നു പേരുള്ള രണ്ടാമതൊരാളെ താന്‍ കേട്ടിട്ടുണ്ടോ, കേരളത്തില് ?

പ്രാഞ്ചിയേട്ടന്റെ മറുപടി: ‘ അതു ശരിയാണല്ലോ. ഉമ്മന്‍ ചാണ്ടീന്നു പറഞ്ഞിട്ട് ഒറ്റയാളേ ഉള്ളു !”

സത്യം, പേരില്‍ മാത്രമല്ല എല്ലാത്തിലും അങ്ങനെയൊരു ആളേ ഉള്ളു. തുടര്‍ച്ചയായി 11 വിജയം ഒരേ മണ്ഡലത്തില്‍ നിന്നും. കോണ്‍ഗ്രസിലാരും ഇതുവരെ ദേശീയതലത്തില്‍ പോലും കൈവരിച്ചിട്ടില്ല. ഓരോ വിജയത്തിലും ഭൂരിപക്ഷം കൂടിയിട്ടേയുള്ളു.സണ്ണിയെന്നാണ് ഉമ്മന്‍ ചാണ്ടിക്ക് വീട്ടുകാരിട്ട ചെല്ലപ്പേര്. ഉമ്മന്‍ ചാണ്ടി തന്നെയാണ് പേരുമാറ്റിയത്- കുഞ്ഞൂഞ്ഞ്. മധ്യതിരുവിതാംകൂറില്‍ ഇളയകുട്ടിക്ക് സ്നേഹപുര്‍വം ഇടുന്ന പേരാണത്.

വീട്ടുകാരുടെ കുഞ്ഞൂഞ്ഞ് പിന്നീട് നാട്ടുകാരുടെ സ്വന്തം കുഞ്ഞൂഞ്ഞായി. തിരുവനന്തപുരത്ത് ഒസി.

ഉമ്മന്‍ ചാണ്ടിയുടെ രൂപത്തില്‍ തന്നെ നര്‍മം ഉണ്ട്. നീണ്ട മൂക്ക്, അലസമായ കോതിയൊതുക്കാത്ത നീണ്ട സമൃദ്ധമായ മുടി, അശ്രദ്ധമായ വസ്ത്രധാരണം. പുഞ്ചിരിക്കുന്ന മുഖം. ഏതു കാര്‍ട്ടൂണിസ്റ്റും ഇഷ്ടപ്പെടുന്ന രൂപം.ശാരീരികമായും മാനസികമായും നേതാക്കള്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാണ്. ഉയരം, ശബ്ദം, സംസാരം, ഇടപെടല്‍, പ്രസംഗം തുടങ്ങി പല ആകര്‍ഷണീയതകളുമുണ്ട്. കാന്തം ആകര്‍ഷിക്കുന്നതുപോലെ ജനങ്ങള്‍ അവരിലേക്ക് എത്തിച്ചേരും. ഉമ്മന്‍ ചാണ്ടിയിലൊരു കാന്തമുണ്ട്. അത് ആകര്‍ഷിച്ചെടുക്കും എന്നു മാത്രമല്ല, അവിടെ നിന്നു പിടിവിട്ടുപോരാന്‍ കഴിയാത്ത മായികവലയത്തിലാക്കുകയും ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടിയെ കാണുമ്പോള്‍ ആളുകളുടെ ചുണ്ടിലൊരു പുഞ്ചിരി വിടരും. അവിടെ ഭയമോ, ബഹുമാനമോ അല്ല മറിച്ച് സ്നേഹമാണു പ്രസരിക്കുന്നത്. നമ്മുടെ സ്വന്തം ഒരാളെ കാണുന്നതുപോലെ, നമ്മുടെ സ്വന്തം ഒരാളോടു സംസാരിക്കുന്നതുപോലെ, നമ്മുടെ സ്വന്തം ഒരാളെ കേള്‍ക്കുന്നതുപോലെയുള്ള ഒരിഷ്ടം.

ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെടുത്തി ഒരുപാട് നര്‍മങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ വെറുതെ പൊട്ടിമുളയ്ക്കുന്നതോ നിര്‍മിതമോ അല്ല. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ അടുത്തുള്ള സ്വാതന്ത്ര്യത്തില്‍ നിന്ന് ഉടലെടുക്കുന്നവയാണവ.

മറ്റൊരു നേതാവിനടുത്തും ഇത്രയധികം സ്വാതന്ത്ര്യം കാട്ടാനാവില്ല. അത്രമേല്‍ അടുപ്പത്തില്‍ നിന്നാണ് ഒട്ടുമിക്ക നര്‍മങ്ങളും പിറന്നിട്ടുള്ളത്. സാധാരണക്കാരായ ആളുകള്‍ തങ്ങളിലൊരാളായി കരുതുന്ന നേതാവിനോടൊപ്പം സ്വതന്ത്രമായി ഇടപെഴുകുമ്പോള്‍ സംഭവിക്കുന്ന അസാധാരണമായ പ്രതികരണമാണ് ഈ നര്‍മങ്ങള്‍.

2005ലെ തിരുവനന്തപുരം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി രാജിവയ്ക്കും എന്നൊരു അഭ്യൂഹം പടര്‍ന്നു. വൈകുന്നേരം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണാന്‍ തീരുമാനിച്ചതോടെ അഭ്യൂഹം ശക്തമായി. മുഖ്യമന്ത്രി പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍, ഓഫീസും പരിസരവും ജനനിബിഡമായിരുന്നു. ആവലാതികളും ആവശ്യങ്ങളുമായി ജനം പൊതിഞ്ഞു. അവരുടെ ഒത്തനടുക്കുനിന്ന് ഓരോരുത്തരില്‍ നിന്നും അപേക്ഷകളും ആവലാതികളും സ്വീകരിക്കുന്നതിനിടയ്ക്കാണ് ഒരാള്‍ ഒരു വെള്ളക്കടലാസ് നീട്ടിയത്.

അതു തിരിച്ചും മറിച്ചും നോക്കിയിട്ട് മുഖ്യമന്ത്രി ചോദിച്ചു ”ഇതില്‍ ഒന്നും എഴുതിയിട്ടില്ലല്ലോ.’
സാര്‍ ഒപ്പിട്ടോ. കാര്യമൊക്കെ ഞാന്‍ പിന്നെ എഴുതിക്കോളാം” എന്നായിരുന്നു മറുപടി.

അതു കേട്ട് ഉമ്മന്‍ ചാണ്ടി പൊട്ടിത്തെറിച്ചില്ല മറിച്ച് പൊട്ടിച്ചിരിച്ചു!

ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം മൊബൈല്‍ ഫോണില്ല. മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. കൂട്ടത്തിലുള്ള ആരുടെയെങ്കിലും ഫോണില്‍ ആയിരിക്കും മുഖ്യമന്ത്രിയെ കിട്ടുക. ഒരിക്കല്‍ തിരുവനന്തപുരത്തു വന്ന രാഷ്ട്രപതി ഹെലികോപ്റ്ററില്‍ കോട്ടയത്തേക്കു പോകുകയാണ്.

മുഖ്യമന്ത്രി കൂടെയുണ്ട്. പുതുപ്പള്ളിയില്‍ നിന്ന് ഒരു ഒസി ഭക്തന്‍ ഗണ്‍മാനെ വിളിക്കുന്നു.’സാര്‍ ഹെലികോപ്റ്ററിലാണെന്നു’ ഗണ്‍മാന്റെ മറുപടി.’കൂടെ ആരാ ഉള്ളതെന്ന്; ഭക്തന്‍.’രാഷ്ട്രപതി’.”എന്നാ പിന്നെ രാഷ്ട്രപതിയുടെ നമ്പര്‍ തരൂ” എന്ന് ഭക്തന്‍

ഉമ്മന്‍ ചാണ്ടി നിയമസഭാംഗം ആയതിന്റെ 40-ാം വര്‍ഷവും മോഹന്‍ലാല്‍ സിനിമയിലെത്തിയതിന്റെ 30-ാം വര്‍ഷവും 2010ല്‍ ആഘോഷിച്ചപ്പോള്‍ ജയ്ഹിന്ദ് ടിവി ഇരുവരേയും വച്ച് ഒരു പരിപാടി ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ഊഷ്മളമായ ഒരു സംഭാഷണം. ഇത്രയും കാലം വളരെ മത്സരബുദ്ധിയുള്ള ഫീല്‍ഡില്‍ പിടിച്ചുനില്ക്കുന്നതിന് ആവശ്യമായ കഠിനാധ്വാനവും സ്ഥിരോത്സാഹവുമൊക്കെ ഇരുവരും പങ്കുവച്ചു. ഇതിനിടെ ഉമ്മന്‍ ചാണ്ടിയുടെ സിനിമകമ്പത്തെക്കുറിച്ച് മോഹന്‍ ലാല്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടി ഏറ്റവും ഒടുവില്‍ കണ്ട സിനിമ ഏത്?’

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’- ഉമ്മന്‍ ചാണ്ടിയുടെ മറുപടി.മോഹന്‍ലാലിന്റെ 30 വര്‍ഷം മുമ്പത്തെ ആദ്യത്തെ ഹിറ്റ് സിനിമ!50-ാം വാര്‍ഷികം ആഘോഷിക്കുന്ന ഇപ്പോള്‍ ചോദിച്ചാലും ഇതു തന്നെയായിരിക്കും മറുപടി.

സിനിമ മോശമായതുകൊണ്ടല്ല. മറിച്ച് ആ രണ്ടോ, മൂന്നു മണിക്കൂര്‍ ഉണ്ടെങ്കില്‍ പത്തുമുപ്പതു പേരെ കണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാല്ലോ എന്നതായിരിക്കാം ഉമ്മന്‍ ചാണ്ടിയുടെ ചിന്ത!

ജനകീയതയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ മുഖമുദ്ര. എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന ഒരു നേതാവായിരുന്നു അദ്ദേഹം. തന്റെ മുന്നില്‍ തടിച്ചുകൂടിയ നൂറുക്കണക്കിന് ആളുകള്‍ക്ക് ചെവികൊടുക്കാനും അവരുടെ ആവശ്യങ്ങള്‍ക്ക് നിവൃത്തി വരുത്താനും അനിതരസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ജനങ്ങളാണ് എന്റെ പുസ്തകം അവരിലൂടെയാണ് ഞാന്‍ ലോകത്തെ പഠിക്കുന്നതെന്നാണ് അദ്ദേം എപ്പോഴും പറയാറുണ്ടായിരുന്നത്.ആറ് ദശാബ്ദക്കാലം കേരളാ രാഷ്ടീയത്തില്‍ നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും അതു കൊണ്ടാണ്.കേരളാ രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പകരം ഉമ്മന്‍ചാണ്ടി മാത്രമായിരുന്നു.

അഖില കേരളാ ബാലജനസംഖ്യത്തിലൂടെ പൊതുരംഗത്തേയ്ക്ക് കടന്നെത്തിയ ഉമ്മന്‍ ചാണ്ടി 27ാം വയസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ആദ്യമായി മത്സര ഗോദയിലിറങ്ങുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയൊരു പിളര്‍പ്പ് നേരിട്ട് നില്‍ക്കുന്ന സമയം.പുതുതായി രൂപം കൊണ്ട മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ചാണ്ടിയെ ധരിപ്പിച്ചത്. എന്നാല്‍ നേതൃത്വത്തിന്റെ കണക്കു കൂട്ടലുകളെ തിരുത്തിക്കുറിച്ച് സിറ്റിങ് എംഎല്‍എ ഇ എം ജോര്‍ജിനെ പരാജയപ്പെടുത്തി ഉമ്മന്‍ ചാണ്ടി വിജയക്കൊടി നാട്ടി. ഭൂരിപക്ഷം 7233.

1970 ന് ശേഷം നടന്ന പത്ത് തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടി ജൈത്ര യാത്ര തുടര്‍ന്നു. 2011 ല്‍ സുജ സൂസന്‍ ജോര്‍ജിനെ 33255 വോട്ടിന് പരാജയപ്പെടുത്തിയതാണ് ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം.

1977 ല്‍ 111 സീറ്റ് നേടി അധികാരത്തില്‍ വന്ന കെ കരുണാകരന്‍ സര്‍ക്കാരില്‍ ഉമ്മന്‍ ചാണ്ടി തൊഴില്‍ മന്ത്രിയായി. 1982 ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കരുണാകരനോടുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിനുശേഷം രാജിവെച്ചു.

കെ. കരുണാകരന്‍ വിരുദ്ധ ചേരിയില്‍ എ.കെ. ആന്റണിക്കൊപ്പം എക്കാലത്തും നിലകൊണ്ട ഉമ്മന്‍ ചാണ്ടി (എ) ഗ്രൂപ്പിലെ രണ്ടാമനായി നിലകൊണ്ടു. ആന്റണി കേരളാ രാഷ്ട്രീയത്തില്‍ നിന്ന് ദേശീയതലത്തിലേക്ക് കുടിയേറിയ ഘട്ടത്തില്‍ അടുത്ത നേതാവിനെ കുറിച്ച് എ ഗ്രൂപ്പില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.

2004ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത യുഡിഎഫ് പരാജയവും ഭൂരിപക്ഷ സമുദായ അനുകൂല പ്രസ്താവനയും മൂലം ഒറ്റപ്പെട്ട എ.കെ ആന്റണി രാജിവെച്ചപ്പോള്‍ പകരക്കാരനായി മുഖ്യമന്ത്രി പദത്തിലെത്തിയ ഉമ്മന്‍ ചാണ്ടി 2006 വരെ ആസ്ഥാനത്ത് തുടര്‍ന്നു. 2006 ല്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അദേഹം പ്രതിപക്ഷ നേതാവായി. പിന്നീട് 2011ലെ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതിനെ തുടര്‍ന്ന് 2016 വരെ അദ്ദേഹം മുഖ്യമന്ത്രിയായി.

1967 ല്‍ എ.കെ. ആന്റണി കെഎസ് യു സംസ്ഥാനകമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്നും വിരമിച്ചപ്പോള്‍ ആ പദവിയിലേക്കു നിയോഗിക്കപ്പെട്ട ഉമ്മന്‍ ചാണ്ടിയെ പിന്നീട് ആകസ്മികതകള്‍ പിന്തുടരുകയായിരുന്നു. കേരളത്തിന്റെ പത്തൊന്‍പതാം മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി എത്തിയതും ആന്റണിയുടെ പകരക്കാരനായാണ്.

ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയുടെ ജനകീയ ഇടപെടലുകളിലെ നാഴികക്കല്ലാണ് ജനസമ്പര്‍ക്ക പരിപാടി. വലിയൊരു ജന വിഭാഗത്തിന്റെ കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി തന്നെ താഴെ തട്ടിലേക്ക് ഇറങ്ങിയപ്പോള്‍ അതൊരു പുതിയ മാതൃകയായി. ഉമ്മന്‍ ചാണ്ടിക്ക് യു എന്‍ അംഗീകാരം വരെ നേടിക്കൊടുത്തു ഈ പരിപാടി.

ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ അടുത്തുനിന്ന് കാണാനും അറിയാനുമുള്ള അവസരമായി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയെ കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമ്പോഴാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ദൗത്യം പൂര്‍ണമാകുന്നതെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.

എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി. ആവശ്യങ്ങളും ആവലാതികളുമായെത്തിയ ആരെയും ഉമ്മന്‍ചാണ്ടി നിരാശരായില്ല. 19 മണിക്കൂര്‍ വരെ ഒരേ നില്‍പ്പ് നിന്ന് അവസാന പരാതിക്കാരനെയും കേട്ട് പരിഹാരം നിര്‍ദേശിച്ച ശേഷമേ അദ്ദേഹം മടങ്ങിയിരുന്നുള്ളൂ. പരാതികളില്‍ സര്‍ക്കാര്‍ അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി. ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഇരുള്‍ വീണ ഒരുപാട് പേരുടെ ജീവിത വഴികളിലെ പ്രകാശ ഗോപുരമായി ജനസമ്പര്‍ക്ക പരിപാടി മാറി.

വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ തുടങ്ങി കേരളത്തിന്റെ പ്രധാന പദ്ധതികളിലെല്ലാം കൈയ്യൊപ്പ് പതിഞ്ഞ വികസന നായകന്‍ കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടി.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.