head1
head3

അയര്‍ലണ്ടിലെങ്ങും പെരുമഴയും കൊടുങ്കാറ്റും ; ക്ലെയറില്‍ മിന്നലില്‍ വീട് കത്തി നശിച്ചു

ഗോള്‍വേ :അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ തീരദേശത്തെ വിവിധ കൗണ്ടികളില്‍ കനത്ത മഴയും കൊടുങ്കാറ്റും ജനജീവിതം ദുസ്സഹമാക്കി. 10000ലേറെ കടകളും വീടുകളും വൈദ്യുതിയില്ലാതെ ഇന്നലെ ഇരുട്ടിലായി.ഗോള്‍വേ, ക്ലയര്‍, ലിമെറിക് എന്നിവിടങ്ങളിലാണ് കാറ്റും മഴയും കൂടുതല്‍ നാശമുണ്ടാക്കിയത്. കെറിയില്‍ ആശുപത്രിയില്‍ പോലും വെള്ളം കയറി. തുടര്‍ന്ന് ഭാഗികമായി അടച്ചിട്ടു.

കനത്ത മഴയില്‍ ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം മുടങ്ങിയത്.അത്യാഹിത വിഭാഗം മാത്രമേ ഇവിടെ പ്രവര്‍ത്തിക്കുന്നുള്ളു.ഹോസ്പിറ്റലിന്റെ പ്രവേശന കവാടവും മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളും വെള്ളപ്പൊക്കത്തില്‍പ്പെട്ടു. 40 മിനിറ്റിനുള്ളില്‍ 70 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്.

ശക്തമായ ഇടിയും മിന്നലും പെരുമഴയും രണ്ട് മണിക്കൂറിലധികം നീണ്ടു.കാസില്‍ സ്ട്രീറ്റും ഡെന്നി സ്ട്രീറ്റും മഴയില്‍ മുങ്ങി.ഓമ്നിപ്ലെക്സ് സിനിമ, അക്വാഡോം, ഡണ്‍സ് സ്റ്റോഴ്സ്, സൂപ്പര്‍വാലു എന്നിവയുള്‍പ്പെടെ ടൗണിലെ മിക്ക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രതികൂല കാലാവസ്ഥ മൂലം തടസ്സപ്പെട്ടു.കനത്ത മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ വീട് കത്തിനശിച്ചു.

ക്ലെയറില്‍ മിന്നലേറ്റ് വീടിന് തീപിടിച്ചു

ക്ലയര്‍ : ക്ലയറില്‍ കനത്ത മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ വീട് കത്തിനശിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് നോര്‍ത്ത് ക്ലയറിലെ വീടിന് ഇടിമിന്നലേറ്റത്.എന്‍ 67 ബല്ലിവൂഗന്‍ – കിന്‍വര റോഡിലെ ബിഷപ്പ് ക്വാര്‍ട്ടറിലെ വീടിനാണ് മൂന്നുമണിയോടെ ഇടിമിന്നലില്‍ നിന്നും തീപടര്‍ന്നത്.

തിരക്കേറിയ വൈല്‍ഡ് അറ്റ്‌ലാന്റിക് വേ റൂട്ടിലാണ് ഇടിമിന്നല്‍ നാശമുണ്ടാക്കിയത്. നേരത്തേ ക്ലയറില്‍ ഇടിയും മഴയും മുന്‍നിര്‍ത്തി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.പിന്നീടത് ഓറഞ്ച് അലേര്‍ട്ടാക്കി മാറ്റിയിരുന്നു.ഇടയ്ക്കിടെ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

എനിസ്റ്റിമോണ്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് യൂണിറ്റുകളും ഗാര്‍ഡയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.നാട്ടുകാരും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നിരുന്നു.

ഡോമര്‍ ബംഗ്ലാവിന്റെ മേല്‍ക്കൂരയിലാണ് തീ പടര്‍ന്നത്. കെട്ടിടത്തിനുള്ളിലേയ്ക്ക് കടന്ന് തീയണയ്ക്കാനായി അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമിച്ചെങ്കിലും കൊടും ചൂടു മൂലം അവര്‍ക്കതിന് കഴിഞ്ഞില്ല.

ഇടിമിന്നലും പെരുമഴയും മുന്‍നിര്‍ത്തി ഈ പ്രദേശത്തെ 12 കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ടും രാജ്യത്തെ ഭൂരിപക്ഷം കൗണ്ടികള്‍ക്കും യെല്ലോ മുന്നറിയിപ്പും നല്‍കിയിരുന്നു.മഴയും മിന്നലും വെള്ളപ്പൊക്കവും തുടരുമെന്ന സൂചനയാണ് മെറ്റ് ഏറാന്‍ നല്‍കുന്നത്.യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇടിമിന്നലിനെ തുടര്‍ന്ന് പടിഞ്ഞാറ്, മിഡ്-വെസ്റ്റ്, മിഡ്ലാന്‍ഡ് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയെന്ന് ഇ എസ് ബി സ്ഥിരീകരിച്ചു.ഇവിടെ വൈദ്യുതി പുനസ്ഥാപിച്ചതായി ഇ എസ് ബി വക്താവ് പറഞ്ഞു. എന്നിരുന്നാലും വൈദ്യുതി വിതരണം പൂര്‍ണ്ണതോതിലായിട്ടില്ല. ഞായറാഴ്ച രാവിലെ അറ്റകുറ്റപ്പണികള്‍ പുനരാരംഭിക്കുമെന്ന് വക്താവ് പറഞ്ഞു.

ഗോള്‍വേ, ക്ലയര്‍, ടിപ്പററി, ലിമെറിക്ക് എന്നിവിടങ്ങളിലെ പ്രദേശങ്ങളും മിഡ്ലാന്‍ഡിലെ ചില ഇടങ്ങളിലുമാണ് വൈദ്യുതി മുടങ്ങിയത്.ഇനിയും ഈ പ്രദേശത്ത് വൈദ്യുതിത്തകരാറിന് സാധ്യതയുണ്ടെന്ന് ഇ എസ് ബി അറിയിച്ചു.

ഇടിമിന്നലില്‍ നാശനഷ്ടങ്ങളോ തകരാറുകളോ ഉണ്ടായാല്‍ 1800-372-999 എന്ന നമ്പറില്‍ ഉടന്‍ ബന്ധപ്പെടണമെന്നും ഇ എസ് ബി അഭ്യര്‍ഥിച്ചു.തത്സമയ അപ്ഡേറ്റുകള്‍ ഇ എസ് ബിയുടെ www.powercheck.ie-ല്‍ ലഭിക്കും.

ബന്ന ബീച്ചില്‍ രണ്ട് ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇടിമിന്നലേറ്റു,ട്രെലിയില്‍ പെരുമഴയും ഇടിമിന്നലും വെളളപ്പൊക്കവും കനത്ത നാശം

കെറി : ട്രെലിയില്‍ പെരുമഴയും ഇടിമിന്നലും വെളളപ്പൊക്കവും കനത്ത നാശമുണ്ടാക്കി. ബന്ന ബീച്ചില്‍ ഡ്യൂട്ടിക്കിടെ രണ്ട് ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇടിമിന്നലേറ്റു.ഇവരെ കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ഇവരുടെ പരിക്ക് ഗുരുതരമല്ല.

ഇടിമിന്നലില്‍ ട്രാലിയില്‍ നോര്‍ത്ത് സര്‍ക്കുലര്‍ റോഡിലെ ഡണ്‍സ് സ്റ്റോഴ്സ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു.ഇതേ തുടര്‍ന്ന് കട ഒഴിപ്പിക്കേണ്ടി വന്നു.കടയ്ക്കുള്ളിലും വെള്ളം കയറി.ആര്‍ക്കും പരിക്കില്ലെങ്കിലും കടയ്ക്ക് കാര്യമായ നാശനഷ്ടമുണ്ടായി.വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഹൊറാന്‍ സെന്ററിലെ ഡണ്‍സ് സ്റ്റോറുകളും അടച്ചിരിക്കുകയാണ്

മണ്‍സൂണ്‍ പോലെയാണ് മഴയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഏതാണ്ട് 40 മിനിറ്റോളം മഴ തുടര്‍ച്ചയായി പെയ്തു.ടൗണ്‍ സെന്ററിലെ വിവിധ കെട്ടിടങ്ങള്‍ക്ക് വെള്ളപ്പൊക്കത്തില്‍ നാശമുണ്ടായി.റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.ആളുകളൊക്കെ റോഡിലൂടെ നീന്തി നടക്കേണ്ട സ്ഥിതിയായിരുന്നു.

അക്വാഡോമും മഴയില്‍ തകര്‍ന്നു.ട്രാലിയിലെ ഓമ്നിപ്ലക്സ് സിനിമാ തീയേറ്ററും വെള്ളത്തിനടിയിലായി.വെള്ളപ്പൊക്കം നാശമുണ്ടാക്കിയ ടൗണും പരിസരവും കൗണ്‍സില്‍ ജീവനക്കാര്‍ ഏറെ പണിപ്പെട്ടാണ് വൃത്തിയാക്കിയത്. ഇവരുടെ ഈ പ്രവൃത്തിയ്ക്ക് പരക്കെ അംഗീകാരവും ലഭിച്ചു.വെള്ളപ്പൊക്കത്തില്‍ സഹായിച്ച എല്ലാവര്‍ക്കും ട്രെലി മേയര്‍ മൈക്കി ഷീഹി നന്ദി അറിയിച്ചു.

ഡബ്ലിനെ കാര്യമായി ബാധിച്ചില്ല ,കാര്‍ണിവല്‍ കൂടാന്‍ ജനസഞ്ചയം ഒഴുകിയെത്തി

മോശപ്പെട്ട കാലാവസ്ഥ അയര്‍ലണ്ടിലെങ്ങും നീണ്ടു നിന്നെങ്കിലും കൗണ്ടി ഡബ്ളിനെ കാര്യമായി ബാധിച്ചില്ല. ചിന്നം പിന്നം മഴ പെയ്‌തെങ്കിലും  ഉച്ചയോടെ കാര്യമായ മഴ മാറി മാനം തെളിഞ്ഞു. കാര്‍മേഘാവൃതമായിരുന്നുവെങ്കിലും ലൂക്കനില്‍ നടന്ന കേരളാ ഹൌസ് കാര്‍ണിവലില്‍ പങ്കെടുക്കാന്‍ കാത്തിരുന്ന ആയിരങ്ങളെ നിരാശരാക്കാതെ മഴ വഴി മാറി.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ക്ക് ആഹ്ലാദമേകി വടംവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളും മെഗാ തിരുവാതിര ഉള്‍പ്പെടെയുള്ള നൃത്തനൃത്യങ്ങളും പതിവുപോലെ നടത്തപ്പെട്ടു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a<

Comments are closed.