head3
head1

ഐക്യരാഷ്ട്രസഭയുടെ 27ാമത് കാലാവസ്ഥാ ഉച്ചകോടിയ്ക്ക് തുടക്കമായി

കെയ്റോ : ഭൂമിയുടെ ഭാവി സംരക്ഷിക്കാന്‍ പുതിയ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയോടെ ഐക്യരാഷ്ട്രസഭയുടെ 27ാമത് കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ഇന്നലെ ഈജിപ്തില്‍ തുടക്കമാകും.നവംബര്‍ 18വരെ ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി 90 രാഷ്ട്രനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും പരിസ്ഥിതി, മന്ത്രി എയ്മോണ്‍ റയാനും പങ്കെടുക്കുന്നുണ്ട്.കാലാവസ്ഥാ നയങ്ങള്‍ നടപ്പിലാക്കുന്നതിലും ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെയായി തടയുന്നതിനുള്ള ലക്ഷ്യം നിലനിര്‍ത്തുന്നതിലുമാണ് ഉച്ചകോടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

30000പ്രതിനിധികള്‍

കൂടാതെ 190 രാജ്യങ്ങളുടെ പ്രതിനിധികളും ആഗോള സമ്മേളനത്തിനെത്തും.സര്‍ക്കാരുകള്‍, ബിസിനസുകള്‍, എന്‍ജിഒകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ എന്നിവയെ പ്രതിനിധീകരിച്ച് 30,000 പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.ബ്ലൂ, ഗ്രീന്‍ എന്നിങ്ങനെ സോണുകളായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.ബ്ലൂ സോണിലാകും ഒഫീഷ്യല്‍ നെഗോസിയേഷനുകള്‍ നടക്കുക.ഗ്രീന്‍ സോണ്‍ ഈജിപ്ത് സര്‍ക്കാരാണ് സംഘടിപ്പിക്കുന്നത്.ഇവിടെ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകും.ഇവന്റുകള്‍, പ്രദര്‍ശനങ്ങള്‍,ശില്‍പ്പശാലകള്‍,ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയൊക്കെയാണ് ഇവിടെ നടക്കുക.

ഗ്രേറ്റ തന്‍ബെര്‍ഗുമില്ല

ചൈനയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്നത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവ് ഇന്ത്യയെ പ്രതിനിധീകരിക്കും റഷ്യയില്‍ നിന്നും പ്രതിനിധികളുണ്ടാകുമെങ്കിലും പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല.പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗും സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല.സിവില്‍ സൊസൈറ്റി പ്രതിനിധികള്‍ക്ക് അവസരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വിട്ടുനില്‍ക്കുന്നത്. സമ്മേളനം വെറും വാചാടോപം മാത്രമാണെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് ശ്രദ്ധ കിട്ടാനുള്ള പരിപാടിയായി ഇത് മാറുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.സിഒപിയില്‍ പറയുന്നതൊന്നും നടക്കാറില്ലെന്നും ഇവര്‍ വിമര്‍ശിക്കുന്നു.

ഗ്ലാസ്ഗോ എവിടെ വരെയെത്തിയെന്ന് പരിശോധിക്കും

ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കഴിഞ്ഞ ഗ്ലാസ്ഗോ ഉടമ്പടിയില്‍ പറഞ്ഞ കാര്യങ്ങള്‍ എവിടെവരെ നേടാനായെന്നതിനെ ഈ സമ്മേളനം വിലയിരുത്തും.ഇതിന്റെ ഭാഗമായി ഓരോ രാജ്യത്തിന്റെയും കാലാവസ്ഥാ പദ്ധതികളും പുനരുപയോഗ സാധ്യമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗവും ഉച്ചകോടി അവലോകനം ചെയ്യും.

കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതും ഉച്ചകോടിയുടെ ലക്ഷ്യമാണ്.ഈ പ്രശ്നങ്ങളില്‍ നിന്നും എങ്ങനെ ജനങ്ങളെ രക്ഷിക്കണമെന്നതും ഉച്ചകോടിയുടെ വിഷയമാണ്.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതും വേഗത്തിലാക്കുന്നതും സമ്മേളന ലക്ഷ്യമാണ്.സഹായധനം 2025ഓടെ ഇരട്ടിയാക്കണമെന്ന്് ആവശ്യമുയര്‍ന്നിരുന്നു.എന്നാല്‍ അതിന് ശ്രമമുണ്ടായില്ല.വികസ്വര രാജ്യങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയാത്തതും പലപ്പോഴും അവര്‍ ഉത്തരവാദികളല്ലാത്തതുമായ കാലാവസ്ഥാ ആഘാതങ്ങള്‍ ഇതിലൂടെ ചര്‍ച്ച ചെയ്യപ്പെടും.ഈ ആഘാതങ്ങളെ നേരിടാന്‍ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് സമ്പന്ന രാജ്യങ്ങള്‍ എത്രമാത്രം സാമ്പത്തിക സഹായം നല്‍കണം എന്ന ചോദ്യവും പരിശോധിക്കും.

കഴിഞ്ഞ വര്‍ഷത്തെ ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ കല്‍ക്കരി, ഫോസില്‍ ഇന്ധനങ്ങള്‍ എന്നിവ സി ഒ പി കരാറില്‍ ആദ്യമായി ഇടം നേട്ിയിരുന്നു.എന്നാല്‍ ഇന്ത്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച നിലപാടില്‍ അയവു വരുത്തിയിരുന്നു.

പ്രതീക്ഷകള്‍… പ്രത്യാശകള്‍

ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കുന്നതിന് അടുത്ത ദശകത്തില്‍ 370 ബില്യണ്‍ ഡോളര്‍ പുനരുപയോഗ ഊര്‍ജ്ജോല്‍പ്പാദനത്തില്‍ നിക്ഷേപിക്കുമെന്ന നിയമം യു എസ് അടുത്തിടെ പാസാക്കിയത് ആഗോള ഉച്ചകോടിയ്ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്.2030ഓടെ യു എസിലെ ഹരിതഗൃഹ വാതക ഉദ്ഗമനം 2030ല്‍ 30-40% കുറയ്ക്കാന്‍ ഈ നിയമത്തിന് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇത് 50% ആക്കുമെന്ന് കഴിഞ്ഞ വര്‍ഷം ബൈഡന്‍ പ്രഖ്യാപിച്ചതും പ്രത്യാശ നല്‍കുന്നതാണ്.

എന്നിരുന്നാലും, 194ല്‍ 24 രാജ്യങ്ങള്‍ മാത്രമാണ് സി ഒ പി 27നായി പുതുക്കിയ പദ്ധതികള്‍ സമര്‍പ്പിച്ചത്. 2030ഓടെ എമിഷന്‍ 10.6% വര്‍ധിപ്പിക്കുമെന്നാണ് യു എന്‍ എഫ് സി സി സിയുടെ സെപ്തംബര്‍ 2022ലെ റിപ്പോര്‍ട്ട് പറയുന്നത്. താപനില 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുന്നതിന് 45% ഉദ്ഗമനം കുറയ്ക്കണമെന്ന നിലപാടിന് തികച്ചും കടകവിരുദ്ധമാണിത്.നൂറ്റാണ്ടിന്റെ അവസാനത്തോടെ താപനില 2.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്താനിടയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.