റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ ഇരു രാജ്യങ്ങള്‍ക്കൊപ്പമല്ല, സമാധാനത്തിനൊപ്പമാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂറോപ്യന്‍ പര്യടനത്തിടെ ജര്‍മനി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയത്. യുദ്ധത്തില്‍ റഷ്യയ്ക്കും ഉക്രെയ്‌നിനും നഷ്ടം മാത്രമേ ഉണ്ടാകു എന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും മോദി ജര്‍മ്മനിയില്‍ വ്യക്തമാക്കി.
ശാന്തിയുടെ വഴി സ്വീകരിക്കണമെന്ന് ഇരു രാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കണമെന്നും യുദ്ധം ആഗോള സമധാനത്തിന് വെല്ലുവിളിയാണെന്നും ജര്‍മ്മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് ദിവസത്തെ യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ എത്തിയത്. ഇന്ത്യയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍ (ഐജിസി) ജര്‍മ്മനിയുമായി മാത്രമാണ്, ഇത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നു. ആറാം ഐജിസിക്ക് ശേഷം ഉന്നതതല വട്ടമേശ യോഗം നടക്കും. പ്രധാനമന്ത്രിയും ചാന്‍സലര്‍ ഷോള്‍സും ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ് അഭിനന്ദിച്ചു. ഉഭയകക്ഷി സഹകരണത്തിന്റെ 70ാം വര്‍ഷത്തില്‍ വ്യാപാരം, ഊര്‍ജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാന്‍ മോദി – ഷോള്‍സ് കൂടിക്കാഴ്ചയില്‍ തീരുമാനമായി.
Ich bedanke mich bei @Bundeskanzler Scholz für den feierlichen Empfang in Berlin. pic.twitter.com/u7dnt6j9Di
— Narendra Modi (@narendramodi) May 2, 2022
ബര്‍ലിന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. യൂറോപ്പ് യാത്രയുടെ രണ്ടാം ഘട്ടമായി മോദി ഇന്ന് (ചൊവ്വാഴ്ച) ഡെന്‍മാര്‍ക്കിലെത്തി. കോപ്പന്‍ഹേഗനില്‍ നടക്കുന്ന ഇന്ത്യ – നോര്‍ഡിക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഡാനിഷ് പ്രധാനമന്ത്രി മേറ്റ് ഫ്രെഡറിക്സണുമായി കോപ്പന്‍ഹേഗനിലെ വസതിയില്‍ മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡെന്മാര്‍ക്കുമായുള്ള ഇന്ത്യയുടെ അതുല്യമായ ‘ഗ്രീന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിന്റെ’ പുരോഗതിയും, ഉഭയകക്ഷി ബന്ധത്തിന്റെ മറ്റ് വശങ്ങളും അവലോകനം ചെയ്യാന്‍ ഇരു നേതാക്കള്‍ക്കും സാധിച്ചു.
‘Walking the talk’
PM @narendramodi and @Statsmin PM Mette Frederiksen at Marienborg.
The bonhomie between the two leaders mirrors the close ties between India and Denmark. pic.twitter.com/bdADrUpUUl
— Arindam Bagchi (@MEAIndia) May 3, 2022
ബുധനാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. 65 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ത്രിദിന സന്ദര്‍ശനത്തില്‍ ആകെ 25 കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ധനമന്ത്രി നിര്‍മല സീതാരാമനും ഉള്‍പ്പെടെ മന്ത്രിമാര്‍ യാത്രയില്‍ മോദിക്കൊപ്പമുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.