head1
head3

ചൈല്‍ഡ്‌കെയറിനും സാമൂഹിക ക്ഷേമത്തിനും ബജറ്റ് മുന്‍ഗണന നല്‍കുമെന്ന് വരദ്കര്‍

ഡബ്ലിന്‍ : കുട്ടികളെ പരിപാലിക്കാനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അടുത്ത ആഴ്ച്ച പ്രഖ്യാപിക്കുന്ന ബജറ്റില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരേദ്കര്‍. കുടുംബക്ഷേമ പദ്ധതി വിഹിതവും ഉയര്‍ത്തും. പുതുതായി അവതരിപ്പിക്കുന്ന 1 ബില്യണ്‍ യൂറോയുടെ നല്ലൊരു ഭാഗവും പെന്‍ഷന്‍, വെല്‍ഫെയര്‍ ആവശ്യങ്ങള്‍ക്കായി വകയിരുത്തും.

ഈ വാരാന്ത്യതോടെ ബജറ്റിന്റെ അവസാന രൂപം പൂര്‍ണമാകും. രാജ്യത്തെ ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍കാര്‍ക്ക് ആഴ്ച തോറും വര്‍ധനവ് നല്‍കേണ്ടതുണ്ട്. എങ്കിലും 2019ന് ശേഷം പെന്‍ഷന്‍ പരിഷ്‌കരണം നടന്നിട്ടില്ല. കൗണ്ടി ലെട്രിമില്‍ പത്രപ്രവര്‍ത്തകരുമായി സംസാരിക്കുന്ന വേളയിലാണ് ബജറ്റിന്റെ പ്രധാന പരിഗണനകളിലൊന്ന് വര്‍ദ്ധിച്ചു വരുന്ന ചൈല്‍ഡ്കെയര്‍ ചിലവ് ആയിരിക്കുമെന്ന് അദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏതാനും മുന്നേറ്റങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് സാധിച്ചു. ഈ.സി.സി. ഈ രണ്ട് വര്‍ഷമായി ഉയര്‍ത്തുകയും നാഷണല്‍ ചൈല്‍ഡ്‌കെയര്‍ സ്‌കീം ആരംഭിക്കുകയും ചെയ്തു.

പല ജനങ്ങള്‍ക്കും ആഴ്ച്ചയില്‍ രണ്ട് തവണ വാടക നല്‍കുന്നത് പോലെയുള്ള ചിലവാണ് ചൈല്‍ഡ് കെയറിനായി ഉണ്ടാകുന്നത്. ജോലിയിടങ്ങളിലേക്ക് മടങ്ങുന്ന ജനങ്ങള്‍ക്ക് ഈ ചിലവ് വിലങ്ങുതടിയാണ്. സമ്പത്ത് വ്യവസ്ഥയില്‍ ഉടനീളം നൈപുണ്യമുള്ള ജോലിക്കാരുടെ ക്ഷാമമുണ്ട്. ഇതിനിടയില്‍ ചൈല്‍ഡ് കെയര്‍ ചിലവ് ഉയരുമ്പോള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ തടസം നേരിടുന്നു. അതിനാല്‍ തന്നെ ഈ വിഷയം പരിഹരിക്കാന്‍ വരും വര്‍ഷങ്ങളില്‍ സര്‍കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

പുതിയ പ്രഖ്യാപനങ്ങള്‍ക്കായി ബജറ്റില്‍ ഒരു ബില്യണ്‍ യൂറോ നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും പെന്‍ഷന്‍, സാമൂഹിക സുരക്ഷ പദ്ധതികള്‍ക്കായി ചിലവിടും. 2019 മുതല്‍ മാറ്റമില്ലാതെ തുടരുന്ന പെന്‍ഷന്‍ കാരണം ഇവര്‍ക്ക് മറ്റ് ആവശ്യങ്ങള്‍ക്കായി പണമില്ലാതെ വരുന്നു.

അന്താരാഷ്ട്ര സഞ്ചാരികളെ തിരികെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ ഏവിയേഷന്‍ പാക്കേജ് പ്രഖ്യാപിക്കും. അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ധാരാളം സന്ദര്‍ശകര്‍ എത്തുന്ന വെസ്റ്റ് ഓഫ് അയര്‍ലണ്ട് പ്രദേശത്തിന് ഇത് നിര്‍ണായകമാണ്. വ്യോമയാന മേഖലക്ക് പിന്തുണ നല്‍കി ഷാനോണ്‍, കോര്‍ക്ക്, ഡബ്ലിന്‍ തുടങ്ങിയ റൂട്ടുകള്‍ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.

സിന്‍ ഫെയിന്‍ അവതരിപ്പിച്ച സമാന്തര ബജറ്റ് ആശങ്കപ്പെടുത്തുന്നെന്ന് വരെദ്കര്‍ പറഞ്ഞു. ഈ ബജറ്റ് നടപ്പായാല്‍ 35000 യൂറോയില്‍ കൂടുതല്‍ വരുമാനമുള്ള ജനങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലുടമകളുടെ പി. ആര്‍.എസ്.ഐ കൂട്ടുന്നത് ജോലികള്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തുന്ന പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഐറിഷ് കുടുംബങ്ങള്‍ക്ക് ഏല്‍പിക്കുന്ന തിരിച്ചടി മുന്‍കൂട്ടി കാണണം.

ഓരോ ആഴ്ചയും 25 യൂറോ വീതം പെന്‍ഷനും, സാമൂഹിക സുരക്ഷ പദ്ധതികളും വര്‍ധിപ്പിക്കണമെന്ന് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ആവശ്യപെട്ടു. പുതുതായി മൂന്ന് ബാങ്ക് അവധികള്‍ തുടങ്ങണമെന്നും അടിസ്ഥാന വേതനം ഒരു മണിക്കൂറില്‍ 15 യൂറോയായി നിജപെടുത്തണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. 1 മില്യണില്‍ കൂടുതലുള്ള സമ്പാദ്യങ്ങള്‍ക്ക് വെല്‍ത്ത് ചുങ്കം ഏര്‍പ്പെടുത്താനും 100,000 യൂറോയില്‍ കവിഞ്ഞ വരുമാനത്തിന് 50% നികുതിയും ഇവരുടെ സമാന്തര ബജറ്റില്‍ നിര്‍ദേശിക്കുന്നു. സൗജന്യ പൊതു ഗതാഗതവും, തേര്‍ഡ് ലെവല്‍, പോസ്റ്റ് ഗ്രാജ്വേഷന്‍ ഫീസും ഇല്ലാതാക്കാനും ഈ ബജറ്റില്‍ ശിപാര്‍ശ ചെയ്യുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.