head3
head1

എണ്ണ, പാചകവാതക, രാസവള വില കുതിയ്ക്കുന്നു… കാര്യങ്ങള്‍ ശുഭകരമല്ല

ഡബ്ലിന്‍ : ഓയിലിന്റെയും ഗ്യാസിന്റെയും വില കുതിയ്ക്കുന്നത് ആഗോള ഊര്‍ജ്ജ പ്രതിസന്ധിയുണ്ടാക്കുമോയെന്ന ആശങ്ക ഉയരുന്നു. ഏതാനും ആഴ്ചകളായി ഓയിലിന്റെ വില വര്‍ധിക്കുകയാണ്. ഇതിനൊപ്പം ഗ്യാസിന്റെ കൂടി വില ഉയര്‍ന്നതോടെയാണ് ആഗോള വ്യാപക പ്രതിസന്ധിയായി ഈ പ്രശ്നം മാറിയത്. അതിനിടെ യുഎസില്‍ രാസവളങ്ങളുടെ വില ഉയരുന്നത് ആഗോള ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കുമെന്ന ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ആഗോളാടിസ്ഥാനത്തില്‍ ശുഭകരമായ സംഭവങ്ങളല്ല മുന്നിലുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാലാവസ്ഥാ പ്രശ്നങ്ങള്‍, പ്ലാന്റ് അടച്ചുപൂട്ടല്‍, ഉപരോധം, യൂറോപ്പിലെയും ചൈനയിലെയും ഉയര്‍ന്ന ഊര്‍ജ്ജ ഉപഭോഗം എന്നിവയാണ് അമേരിക്കയുടെ രാസവള വിപണിയെ പ്രതികൂലമായി ബാധിച്ചത്. പ്രകൃതിവാതകത്തിന്റെ വില കുതിച്ചുയര്‍ന്നതിനാല്‍ മിക്ക നൈട്രജന്‍ വളങ്ങളുടെയും ഉല്‍പ്പാദനം സിഎഫ് ഇന്‍ഡസ്ട്രീസ്, യാര ഇന്റര്‍നാഷണല്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ ഗണ്യമായി കുറച്ചിരിക്കുകയാണ്. പല പ്ലാന്റുകളും അടയ്ക്കുകയോ ഉത്പാദനം കുറയ്ക്കുകയോ ആണ് ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ലോകം വലിയ ഭക്ഷ്യ ഇന്ധന പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്.

ഉയരുന്ന എണ്ണ വില പ്രതിസന്ധി രൂക്ഷമാക്കും

ഓയിലിന്റെ വില ആഴ്ചയില്‍ 4 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ആഗോള ഊര്‍ജ്ജ പ്രതിസന്ധിയെ തുടര്‍ന്ന് ചൈന കല്‍ക്കരി ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഓയില്‍ ഉല്‍പ്പാദനം നവംബര്‍ മുതല്‍ പ്രതിദിനം 400,000 ബാരലായി കുറയ്ക്കുന്നതിനുള്ള ഒപെക് നീക്കവും ഓയിലില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ തീരുമാനവുമാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിന്ററിലെ വര്‍ധിച്ച ഓയില്‍ ആവശ്യകത മൂലം ഓയിലിന്റെ വില ഇനിയും കുതിയ്ക്കുമെന്നാണ് വിശകലന വിദഗ്ധരും ഒപെക്കും അതിന്റെ സഖ്യകക്ഷികളും കരുതുന്നത്.

കോവിഡ് പകര്‍ച്ചവ്യാധിയില്‍ നിന്നും സാമ്പത്തികവ്യവസ്ഥയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് യുഎസ് ഗള്‍ഫ് ഓഫ് മെക്സിക്കോയെ ബാധിച്ച വിതരണശൃംഖലയിലെ തടസ്സങ്ങളും ഡീസലിന്റെയും മറ്റ് ഓയില്‍ ഉല്‍പ്പന്നങ്ങളുടെയും ആവശ്യകത വര്‍ധിപ്പിച്ചു. അതോടെ ഇവയുടെ വിലയും ഉയര്‍ന്നു. വിപണിയിലെ മറ്റ് ഘടകങ്ങളും വില വര്‍ധനയുടെ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഓഹരി വിപണിയിലും ഓയില്‍ വില വര്‍ധനവിന്റെ പ്രതികരണമുണ്ടായി.

യുഎസ് സര്‍ക്കാര്‍ ഊര്‍ജ്ജ വിപണികളെ നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും വില കുറയ്ക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ചിട്ടില്ല. യൂറോപ്പിലും ഉയര്‍ന്ന വിലക്കയറ്റ സാധ്യതകളുണ്ടെങ്കിലും അത് എത്രത്തോളമെത്തുമെന്നതിനെ സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വില ഉയര്‍ത്തുന്നതൊഴിവാക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.