head3
head1

അയര്‍ലണ്ടില്‍ ഒന്നര ലക്ഷത്തിലധികം പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഐറിഷ് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 160,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് ആറ് ശതമാനത്തില്‍ താഴെയായി കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്നും ബാങ്ക് പറഞ്ഞു. പുതിയ ത്രൈമാസ അവലോകന റിപ്പോര്‍ട്ടിലാണ് രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന ഈ പ്രവചനമുള്ളത്.

ഈ വര്‍ഷം ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രീ-പാന്‍ഡെമിക് തലങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു. 2023 അവസാനത്തോടെ പാന്‍ഡെമിക്ക് പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാകുമെന്നും ബാങ്ക് കരുതുന്നു.

2023 വരെയുള്ള ഈ കാലയളവില്‍ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായും വീണ്ടെടുക്കും. അങ്ങനെയാകും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമായി കുറയ്ക്കുന്നതിന് ഇതിലൂടെ സാധിക്കും. കോവിഡ് പ്രത്യാഘാതത്തെ തുടര്‍ന്ന് ഇപ്പോഴത്തെ തൊഴിലില്ലായ്മാ നിരക്ക് 12.4 ശതമാനമാണ്.

ചില മേഖലകളില്‍ കോവിഡിന് മുമ്പുള്ള തൊഴില്‍ നിലകളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സമയമെടുത്തേക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. തൊഴിലാളികള്‍ക്ക് പുതിയ മേഖലകളില്‍ ജോലി കണ്ടെത്തുന്നതിനും മറ്റുമായി സമയം വേണ്ടി വരുമെന്നതിനാലാണ് അതെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ സാമ്പത്തിക, സ്റ്റാറ്റിറ്റിക്സ് ഡയറക്ടര്‍ മാര്‍ക്ക് കാസിഡി പറഞ്ഞു.

അയര്‍ലണ്ടിന് വന്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകും..

ഏറ്റവും പുതിയ ത്രൈമാസ ബുള്ളറ്റിനിലാണ് അയര്‍ലണ്ടിന്റെ ദൃതഗതിയിലുള്ള വളര്‍ച്ച പ്രഖ്യാപിച്ചത്. ഈ വര്‍ഷം 15.3% ടര്‍ബോ ചാര്‍ജ്ജ് വളര്‍ച്ചയുണ്ടാകുമെന്നാണ് ബാങ്ക് കണക്കാക്കുന്നത്. ജൂലൈയില്‍ പ്രവചിച്ചത് 7.2% വളര്‍ച്ചയായിരുന്നു. അതിന്റെ ഇരട്ടിയലധികം വളര്‍ച്ചയാണ് പുതിയ അവലോകനത്തില്‍ പ്രതീക്ഷിക്കുന്നത്.

എന്നിരുന്നാലും, വര്‍ധിക്കുന്ന ആവശ്യകതകളും വിതരണശൃംഖലകളിലെ തടസ്സങ്ങളും കാരണം ബിസിനസ്സുകളുടെയും അതുപോലെ കുടുംബങ്ങളുടെയും ചെലവുകള്‍ വന്‍ തോതില്‍ വര്‍ധിച്ചേക്കുമെന്നും ബാങ്ക് പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.