head1
head3

ബജറ്റിന് ഒരാഴ്ച മാത്രം ബാക്കി; അണിയറയില്‍ നിര്‍ദേശങ്ങള്‍ തയ്യാറാകുന്നു

ഡബ്ലിന്‍ : സര്‍ക്കാരിന്റെ ബജറ്റിന് ഒരാഴ്ച മാത്രം ശേഷിക്കെ അണിയറയില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അവസാനഘട്ടത്തിലാണ്. കോവിഡിന് ‘ശേഷ’മുള്ള ആദ്യത്തേതെന്ന് വിശേഷിപ്പിക്കുന്ന ബജറ്റില്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ശക്തമാക്കുന്നതിനുള്ള നടപടികള്‍ക്ക് പുറമേ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങളും ഉണ്ടാകുമെന്നാണ് കരുതുന്നത്.

സര്‍ക്കാരിന്റെ ഖജനാവ് നിറയ്ക്കാന്‍ ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാതെ, എന്നാല്‍ അനിവാര്യമായ ചില വര്‍ധനവുകള്‍ വരുത്തിയുമൊക്കെയാകും ധനമന്ത്രിയും പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രിയും അദ്ദേഹത്തിന്റെ വകുപ്പുകളും ബജറ്റ് തയ്യാറാക്കുക. വര്‍ധിച്ച ഊര്‍ജ്ജ ചെലവുകള്‍ പരിഗണിച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് നടപടിയുണ്ടാകുമെന്നാണ് സൂചന. ഒക്ടോബര്‍ 12-നാണ് ബജറ്റ്.
ജീവിതച്ചെലവ് ലഘൂകരിക്കാന്‍ ലക്ഷ്യമിടുന്ന നികുതികളും ക്ഷേമ പാക്കേജുകളുമെല്ലാമടങ്ങിയ ജനപ്രിയ ഇനങ്ങളെല്ലാം ബജറ്റില്‍ ഉള്‍പ്പെടുമെന്നാണ് വിലയിരുത്തുന്നത്.

ഏതാണ്ട് 500 മില്യണ്‍ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് ഉണ്ടാവുകയെന്നാണ് ഇതിനകം പുറത്തുവന്നിട്ടുള്ള വിവരം. എന്നിരുന്നാലും ഇത് ഏകദേശം ഒരു ബില്യണ്‍ യൂറോ വരെ വര്‍ധിച്ചേക്കാമെന്നാണ് വിവിധ വകുപ്പുകള്‍ നല്‍കുന്ന സൂചന. വര്‍ധിക്കുന്ന കാര്‍ബണ്‍ നികുതി ജനജീവിതത്തിന് ഭാരമാകാതിരിക്കാനുള്ള ശ്രദ്ധയും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.

ആദായ നികുതി വര്‍ധിപ്പിച്ചേക്കും

പണപ്പെരുപ്പം കണക്കിലെടുത്ത് ഇന്‍ഡെക്സ്-ലിങ്ക് ടാക്സ് ക്രെഡിറ്റുകളിലേക്കും ബാന്‍ഡുകളിലേക്കും സര്‍ക്കാര്‍ നീങ്ങുമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി, ആദായനികുതിയുടെ സ്റ്റാന്‍ഡേര്‍ഡ് റേറ്റ് കട്ട് ഓഫ് പോയിന്റ് വര്‍ദ്ധിപ്പിക്കുക, യു.എസ്.സി എന്‍ട്രി പോയിന്റ് സീലിംഗ് വര്‍ദ്ധിപ്പിക്കുക എന്നീ നടപടികളുണ്ടാകും. അങ്ങനെ വന്നാല്‍ 40,000 യൂറോ സമ്പാദിക്കുന്ന ഒരാള്‍ക്ക് അടുത്ത വര്‍ഷം 2.5% ശമ്പള വര്‍ദ്ധനവോ 1,000 യൂറോ അധികമായോ ലഭിച്ചാല്‍, നികുതി ബാന്‍ഡ് അഡ്ജസ്റ്റ്മെന്റുകളൊന്നുമില്ലെങ്കില്‍, ആദായനികുതി, യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് (യു.എസ്.സി), പിആര്‍എസ്ഐ എന്നിവ പകുതിയിലധികം നഷ്ടപ്പെട്ടേക്കും. എന്നാല്‍ ടാക്സ് ബാന്‍ഡുകള്‍ ക്രമീകരിച്ചാല്‍ 750- 800 യൂറോ വരെ അവര്‍ക്ക് ലാഭം കിട്ടും. ആളുകളെ ടാക്സിനോട് അടുപ്പിക്കുന്നതിനാണ് ഈ നടപടിയെന്നാണ് കണക്കാക്കുന്നത്.

പെന്‍ഷന്‍കാര്‍ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ടാകും

നിലവില്‍ 248.30 യൂറോയാണ് പെന്‍ഷന്‍. കഴിഞ്ഞ രണ്ട് ബജറ്റുകളിലും ഇത് വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി പെന്‍ഷനില്‍ അഞ്ച് യൂറോയുടെ വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ വര്‍ധന പത്ത് യൂറോയാക്കുന്നതിന് ഫിന ഗേല്‍, ഫിനഫാള്‍ ടിഡിമാര്‍ ശകതമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും

വര്‍ദ്ധിച്ച ഊര്‍ജ്ജ ബില്ലുകള്‍ പരിഗണിച്ച് പ്രതിവാര ഇന്ധന അലവന്‍സ് വര്‍ദ്ധിപ്പിച്ചേക്കുമെന്ന് അറിയുന്നു. നിലവില്‍ ആഴ്ചയില്‍ 28 യൂറോയാണ്. അഞ്ച് യൂറോയുടെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഈ അലവന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കിയേക്കും.

സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും പരിഗണനയിലാണ്. ഇതു സംബന്ധിച്ച് മന്ത്രി മീഹോള്‍ മഗ്രാത്തും സാമൂഹിക സംരക്ഷണ മന്ത്രി ഹീതര്‍ ഹംഫ്രീസും പലതവണ ചര്‍ച്ചകള്‍ നടത്തി.
സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളുടെ അടിസ്ഥാന നിരക്ക് 203 യൂറോയില്‍ നിന്ന് 245 പൗണ്ടായി ഉയര്‍ത്തണമെന്ന് ഗ്രീന്‍ പാര്‍ട്ടി മന്ത്രി ജോ ഓബ്രിയന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാലും ഇത്രയും കൂടിയ വര്‍ധനവിന് സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് വ്യക്തമായിട്ടില്ല.

ശിശു സംരക്ഷണം സംബന്ധിച്ച സര്‍ക്കാര്‍ പരിഗണനകളനുസരിച്ച് നാഷണല്‍ ചൈല്‍ഡ് കെയര്‍ സ്‌കീമില്‍ (എന്‍.സി.എസ്) മാറ്റമുണ്ടാകുമെന്നാണ് സൂചന. ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ജീവനക്കാരെ നിലനിര്‍ത്തുന്നതിനുള്ള നടപടികളും പ്രതീക്ഷിക്കാം. യൂണിവേഴ്സല്‍ സബ്സിഡി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്. നിലവില്‍ ആഴ്ചയില്‍ ഇത് ആഴ്ചയില്‍ 22.50 യൂറോയാണ്.

കാര്‍ബണ്‍ നികുതി ഭാരമാകുമോ?

കഴിഞ്ഞ വര്‍ഷം പാസാക്കിയ നിയമത്തിനനുസൃതമായി കാര്‍ബണ്‍ നികുതിയില്‍ ഈ വര്‍ഷം 7.50 യൂറോയുടെ വര്‍ധനവുണ്ടാകും. അതോടെ ടണ്ണിന് 41 യൂറോയായി ഇത് കൂടും. കൂടാതെ 2029 വര്‍ഷം വരെ എല്ലാ ബജറ്റിലും അതേ തുകയുടെ വര്‍ധനവുണ്ടാകും. ഇത് പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക ഹീറ്റിംഗ് ഇന്ധനങ്ങള്‍ എന്നിവയുടെ വില വര്‍ദ്ധിപ്പിക്കും. 60 ലിറ്റര്‍ ഡീസല്‍ ഡീസലിന് ഒക്ടോബര്‍ 13 മുതല്‍ 1.48 യൂറോയും പെട്രോളിന് 1.28 യൂറോയും കൂടും.

മറ്റെല്ലാ ഇന്ധനങ്ങളുടെ വിലയിലും 2022 മേയ് മുതല്‍ വര്‍ധനവുണ്ടാകും.1,000 ലിറ്റര്‍ ടാങ്ക് ഹോം ഹീറ്റിംഗ് ഓയിലിന് 19.40 യൂറോയെന്ന നിലയിലാണ് ഇത് കണക്കാക്കുന്നത്. കുടുംബച്ചെലവ് ഗണ്യമായി വര്‍ധിപ്പിക്കുന്ന ഈ നടപടി ഒഴിവാക്കുന്നതിന് ടി.ഡിമാരുടെ ഭാഗത്തുനിന്നും വന്‍ സമ്മര്‍ദ്ദമുണ്ട്. എന്നിരുന്നാലും, ഇന്ധന അലവന്‍സും മറ്റും കൂട്ടി നല്‍കിയും രാജ്യത്തിന്റെ കാര്‍ബണ്‍ പരിപാലനം ശക്തമാക്കിയും മുന്നോട്ടുപോകാനാകും സര്‍ക്കാര്‍ ശ്രമിക്കുക.

മദ്യവും സിഗരറ്റും ‘രക്ഷപ്പെടും’

ആതിഥ്യ മേഖലയില്‍ സംഭവിച്ച കോവിഡ് പ്രത്യാഘാതങ്ങള്‍ പരിഗണിച്ച് ബിയര്‍, വൈന്‍ ,സ്പിരിറ്റ് എന്നിവയുടെ നികുതി വര്‍ദ്ധിപ്പിച്ചേക്കില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പുകയിലയ്ക്ക് മേലും കാര്യമായി നികുതി വര്‍ധനവിനും സാധ്യതയില്ലെന്നാണ് അറിയുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

 

Comments are closed.