head1
head3

യൂറോപ്യന്‍ യൂണിയന്റെ ബ്രക്സിറ്റ് ഫണ്ടില്‍ നിന്നും മാള്‍ട്ടയ്ക്ക് ലഭിയ്ക്കുന്നത് 44.3 മില്യണ്‍ യൂറോ

വലേറ്റ : യൂറോപ്യന്‍ യൂണിയന്റെ ബ്രക്സിറ്റ് ഫണ്ടില്‍ നിന്ന് മാള്‍ട്ടയ്ക്ക് ലഭിക്കുക 44.3 മില്യണ്‍ യൂറോ. അയര്‍ലണ്ടിനെ കൂടാതെ യൂണിയനില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ഫണ്ട് നേടുന്ന രണ്ടാമത്തെ രാജ്യമാണ് മാള്‍ട്ട.

നേരത്തേ മാള്‍ട്ടയ്ക്ക് 42 മില്യണ്‍ യൂറോയാണ് ലഭിക്കുകയെന്നാണ് ബ്രസല്‍സ് പ്രഖ്യാപിച്ചിരുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ മൊത്തം 5.4 ബില്യണ്‍ യൂറോ പങ്കുവെയ്ക്കുന്നതിനാണ് അംഗീകാരം ലഭിച്ചത്. അയര്‍ലണ്ടിനും ഫ്രാന്‍സിനുമാണ് ഏറ്റവും വലിയ വിഹിതം ലഭിച്ചത്. എന്നിരുന്നാലും ജനസംഖ്യാനുപാതികമായും സമ്പദ്വ്യവസ്ഥയുടെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അയര്‍ലണ്ടിന് ശേഷം മാള്‍ട്ടയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വിഹിതം ലഭിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ബ്രസല്‍സില്‍ നടന്ന തീ പാറുന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ ഉയര്‍ന്ന വിഹിതം അനുവദിച്ചതെന്ന് വക്താവ് പറഞ്ഞു.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച ഡാറ്റകളനുസരിച്ച് യുകെയുമായുള്ള മാള്‍ട്ടയുടെ കയറ്റുമതിയും ഇറക്കുമതിയും ജിഡിപിയുടെ 37.4 ശതമാനമായിരുന്നു. ലക്സംബര്‍ഗ് മാത്രമായിരുന്നു ഇതിനെ മറികടന്ന് 48.4 ശതമാനത്തിലെത്തിയത്.

ബ്രെക്സിറ്റിന്റെ അനന്തരഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നായിരിക്കും മാള്‍ട്ടയെന്ന് റേറ്റിംഗ് ഏജന്‍സി ഫിച്ച് 2016-ല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അയര്‍ലണ്ട്, ബെല്‍ജിയം, നെതര്‍ലാന്റ്സ്, സൈപ്രസ്, ലക്സംബര്‍ഗ് എന്നിവയും കൂടുതല്‍ ബ്രക്സിറ്റ് കെടുതികള്‍ നേരിടുന്ന രാജ്യങ്ങളാണെന്നും ഏജന്‍സി ചൂണ്ടിക്കാട്ടിയിരുന്നു.

യുകെയുമായി യൂറോപ്യന്‍ യൂണിയന്റെ ഒരേയൊരു ലാന്റ് അതിര്‍ത്തി പങ്കിടുന്ന അയര്‍ലണ്ടിന് 1.1 ബില്യണ്‍ യൂറോയാണ് ഫണ്ടില്‍ നിന്ന് ലഭിക്കുക. ഫ്രാന്‍സിന് 735 മില്യണ്‍ യൂറോയും കിട്ടും. രാജ്യത്തെ മത്സ്യബന്ധന വ്യവസായത്തിനായിരിക്കും ഇതില്‍ മുന്തിയ വിഹിതവും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.