head1
head3

ഇടപാടുകാരെ വിഷമവൃത്തത്തിലാക്കി എ ഐ ബി; അക്കൗണ്ടില്‍ മതിയായ ബാലന്‍സില്ലെങ്കില്‍ ഡയറക്ട് ഡെബിറ്റുകളോ ചെക്കുകളോ നല്‍കില്ല!

ഡബ്ലിന്‍ : ആയിരകണക്കിന് ഇടപാടുകാരെ വിഷമവൃത്തത്തിലാക്കി പൊതുമേഖലാ ബാങ്കായ എ ഐ ബി. ഇനിമുതല്‍ കറന്റ് അക്കൗണ്ടില്‍ മതിയായ ബാലന്‍സില്ലെങ്കില്‍ ഡയറക്ട് ഡെബിറ്റുകളോ ചെക്കുകളോ നല്‍കില്ലെന്ന് ബാങ്ക് വ്യക്തമാക്കി.

പണമടയ്ക്കാതെ മടക്കി അയയ്ക്കേണ്ടി വരുന്ന ഓരോ ഡയറക്ട് ചെക്കുകള്‍ക്കും ഡെബിറ്റുകള്‍ക്കും 10 യൂറോ വീതം ഈടാക്കാനും തീരുമാനമായിട്ടുണ്ട്. പേയ് ഡേ അടുക്കുമ്പോള്‍ പണം കുറവ് വരുന്നവരെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് ബാങ്ക് സ്വീകരിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ സംവിധാനം അനുസരിച്ച് അക്കൗണ്ടില്‍ പണമില്ലാത്ത ഇടപാടുകാര്‍ക്ക് വേണ്ടി ബാങ്ക് ബില്ലുകള്‍ അടക്കുകയാണ് ചെയ്യുന്നത്. ഈ തുകയ്ക്ക് 5.15 യുറോയ്‌ക്കൊപ്പം പലിശയും ഈടാക്കുന്നതാണ്. കറന്റ് അക്കൗണ്ട് നിയമ വ്യവസ്ഥകള്‍ പ്രകാരം തങ്ങളുടെ പേയ്‌മെന്റുകള്‍ നടത്താന്‍ അക്കൗണ്ടില്‍ പണം വേണമെന്ന് ബാങ്കിന്റെ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. മുന്‍പ് ചില സമയങ്ങളില്‍ ഡയറക്ട് ഡെബിറ്റും ചെക്കുകളും അക്കൗണ്ടില്‍ പണമില്ലാത്ത സാഹചര്യത്തില്‍ അടച്ചിരുന്നതായി ബാങ്ക് പറഞ്ഞു. നവംബര്‍ നാല് മുതല്‍ ഇത്തരത്തില്‍ ബാങ്ക് പണം നല്‍കില്ലെന്നും പണമടയ്ക്കാന്‍ കഴിയാത്ത ഓരോ ഇടപാടിനും 10 യൂറോ വീതം പിഴ ഈടാക്കുമെന്നും ബാങ്ക് വ്യക്തമാക്കി. ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ പേയ്‌മെന്റിന് സമയമാകുമ്പോള്‍ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉറപ്പാക്കണമെന്ന് ബാങ്ക് നിര്‍ദേശിക്കുന്നു.

ഈ മാറ്റത്തെ വളരെ ഖേദകരമെന്ന് കണ്‍സ്യുമേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ മൈക്കിള്‍ കില്‍കോയ്ന്‍ വിശേഷിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നവരെ നടപടി പ്രതിസന്ധിയിലാഴ്ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ പി.യു.പി പേയ്‌മെന്റ് ഉപയോഗിക്കുന്നവരും ഉയര്‍ന്ന വൈദ്യുതി ബില്‍ നല്‍കുന്നവരോ ഒക്കെ ആയിരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാങ്കിന് ആര്‍ത്തിയാണെന്നും ഈ ഫീ ഈടാക്കാനുള്ള നീക്കം അവസാനിപ്പിക്കാന്‍ ധനമന്ത്രി പാസ്‌കല്‍ ഡോണ്‍ഹോ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. 100,000 ഇടപാടുകാരെയാണ് അക്കൗണ്ടിലെ പണം തീര്‍ന്നാല്‍ ഇടപാടുകള്‍ സുഗമമായി നടക്കില്ലെന്ന് ബാങ്ക് മെയിലിലൂടെ അറിയിച്ചത്. 2.3 മില്യണ്‍ കറന്റ് അക്കൗണ്ട് ഉപയോക്താക്കള്‍ എ.ഐ.ബിയ്ക്ക് ഉണ്ടെന്നാണ് കണക്ക്. പുതിയ മാറ്റങ്ങള്‍ നവംബറില്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി 200,000 ഉപയോക്താക്കള്‍ക്ക് ചാര്‍ജുകള്‍ ചുമത്താന്‍ ബാങ്ക് ആരംഭിച്ചത്.

അക്കൗണ്ടില്‍ വേണ്ടത്ര ബാലന്‍സില്ലാതെ ഡെബിറ്റ്, ചെക്ക് ഇടപാടുകള്‍ മുടങ്ങുമ്പോള്‍ ഇടപാടുകാരില്‍ നിന്നും ചാര്‍ജ് ഈടാക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബാങ്ക് അധികൃതര്‍. അക്കൗണ്ട് ശരിയായ രീതിയില്‍ മാനേജ് ചെയ്യാനുള്ള നിര്‍ദേശങ്ങളും സൂചനകളും ഇടപാടുകാര്‍ക്ക് നലകിയതായി ബാങ്ക് അറിയിച്ചു. സംശയങ്ങള്‍ നിവാരണം ചെയ്യാന്‍ 0818 300 106 എന്ന നമ്പറില്‍ ബന്ധപ്പെടാം. കൂടുതല്‍ ഫണ്ട് ഉള്ളവര്‍ക്ക് ഫീ ഒഴിവാക്കാനുള്ള ഓപ്ഷന്‍ കഴിഞ്ഞ വര്‍ഷം എ.ഐ.ബി എടുത്തുമാറ്റിയിരുന്നു. മുമ്പ് മുഴുവന്‍ സമയവും 2,500 യൂറോയില്‍ കുറയാതെ ബാലന്‍സ് ഉള്ളവര്‍ക്ക് നാല് മാസം കൂടുമ്പോള്‍ ഈടാക്കുന്ന മെയിന്റനന്‍സ് ഫീയും മറ്റ് ചാര്‍ജുകളും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച മാറ്റത്തോടെ ഇവര്‍ക്കും 72 യൂറോ വര്‍ഷം തോറും ചിലവ് വരാന്‍ ആരംഭിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.