head1
head3

ഫ്രണ്ട്ലൈന്‍ തൊഴിലാളികള്‍ക്ക് പുതിയ ബാങ്ക് ഹോളിഡേ… മിനിമം വേതന വര്‍ധന…

ഡബ്ലിന്‍ : കോവിഡ് കാല സേവനത്തിന് സര്‍ക്കാര്‍ ‘പ്രത്യുപകാര’ പദ്ധതികള്‍ പരിഗണിക്കുന്നു. ഫ്രണ്ട്ലൈന്‍ തൊഴിലാളികള്‍ക്ക് പുതിയ ബാങ്ക് ഹോളിഡേയും മിനിമം വേതനത്തില്‍ 30 സെന്റ് വര്‍ധനവുമാണ് ബജറ്റില്‍ പരിഗണിക്കുന്നത്. ഇതോടെ വാര്‍ഷിക ബാങ്ക് ഹോളിഡേകളുടെ എണ്ണം 10 ആകും. അതേസമയം മിനിമം വേതനം മണിക്കൂറില്‍ 10.50 യൂറോയായും ഉയരും.

ലോക്ക്ഡൗണ്‍ കാലത്ത് പ്രതിബന്ധങ്ങള്‍ക്കിടയില്‍ ജോലി ചെയ്ത ഫ്രണ്ട് ലൈന്‍ തൊഴിലാളികള്‍ക്കുള്ള മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പ്രത്യേക വിഭാഗത്തിനു മാത്രമായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത് മറ്റ് തൊഴിലാളികള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. മാത്രമല്ല, ഉപ പ്രധാനമന്ത്രി അടക്കമുള്ളവര്‍ നഴ്സുമാര്‍ക്ക് മാത്രമല്ല മറ്റ് വിഭാഗത്തിനും ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. റവന്യൂ ജീവനക്കാരടക്കമുള്ള മറ്റ് സിവില്‍ വിഭാഗവും ഇത്തരം അംഗീകാരത്തിന് അര്‍ഹരാണെന്നാണ് ലിയോ വരദ്കര്‍ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തില്‍ എന്തൊക്കെ ആര്‍ക്കൊക്കെ ലഭിക്കുമെന്നതിനെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല.

ജീവനക്കാര്‍ക്ക് പാന്‍ഡെമിക് ബോണസ് നല്‍കുന്നതിനായി ഒരു ബില്യണ്‍ യൂറോ ചെലവിടേണ്ടി വരുമെന്നാണ് കഴിഞ്ഞ ദിവസം പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി പറഞ്ഞത്. വണ്‍ടൈം ബോണസ് പ്രഖ്യാപിക്കുമെന്ന് മുന്‍നിര തൊഴിലാളികള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന ആശങ്കയാണ് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി പങ്കുവെയ്ക്കുന്നത്. ഒക്ടോബര്‍ 12-നാണ് ധനമന്ത്രി പാസ്‌കല്‍ ഡോണോ ബജറ്റ് അവതരിപ്പിക്കുക.

അതേസമയം, പണച്ചെലവ് ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ക്ക് പ്രത്യേക പ്രതിഫലം നല്‍കാമെന്ന ദീര്‍ഘകാല വാഗ്ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നതിനെതിരെ ലേബര്‍ നേതാവ് അലന്‍ കെല്ലിയുള്‍പ്പടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.