head1
head3

നിര്‍ത്തിവെച്ച റിഡന്‍ഡന്‍സി പേ സ്‌കീം അയര്‍ലണ്ടില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഡബ്ലിന്‍ : പകര്‍ച്ചവ്യാധിക്കാലത്ത് നിര്‍ത്തിവെച്ച റിഡന്‍ഡന്‍സി പേ സ്‌കീം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ മന്ത്രിസഭായോഗമാണ് അയര്‍ലണ്ടില്‍ സാങ്കേതികവിദ്യ മൂലം ജോലി നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായുള്ള റിഡന്‍ഡന്‍സി സ്‌കീം തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. സ്‌കീമിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചതിനെ തുടര്‍ന്ന് തൊഴില്‍ രഹിതരാകുന്നവര്‍ക്കുള്ള പായ്ക്കേജാണ് റിഡന്‍ഡന്‍സി പേ സ്‌കീം. പാന്‍ഡെമിക് സമയത്ത് കമ്പനികളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുമെന്ന കാരണത്താലും അപേക്ഷകരുടെ ബാഹുല്യമുണ്ടാകുമെന്ന ആശങ്കയും മൂലമാണ് റിഡന്‍ഡന്‍സി പേയ്‌മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

സെപ്റ്റംബര്‍ 30 മുതല്‍ നിലവില്‍ വരും

സെപ്റ്റംബര്‍ 30 മുതലാണ് ഈ അവകാശം പുനസ്ഥാപിക്കുക. ജീവനക്കാരെ പിരിച്ചുവിടുകയോ നിശ്ചിത കാലയളവില്‍ ഹ്രസ്വകാല ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയോ ചെയ്താല്‍ ഈ പേയ്മെന്റുകള്‍ തേടാം. പകര്‍ച്ചവ്യാധി സമയത്ത് പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റോ (പിയുപി) മറ്റ് തൊഴിലന്വേഷകരുടെ പേയ്‌മെന്റുകളെയോ ആശ്രയിക്കുന്ന തൊഴിലാളികള്‍ക്കും റിഡന്‍ഡന്‍സി പേയ്‌മെന്റ് ലഭിക്കും.

2024 വരെയാണ് ഈ സ്‌കീം പ്രാബല്യത്തിലുണ്ടാവുക. ഒരു തൊഴിലാളിക്ക് പരമാവധി 1,860 യൂറോ വരെയാകും ലഭിക്കുക. തൊഴിലുടമകള്‍ക്ക് അവരുടെ ഈ ബാധ്യതകള്‍ നിറവേറ്റുന്നതിന് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഫണ്ടില്‍ നിന്ന് വായ്പയും ലഭ്യമാക്കും. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ ഈ പേയ്മെന്റ് സ്വീകരിക്കാവുന്നതാണ്.

ചെലവിടുക 130 മില്യണ്‍ യൂറോ

റിഡന്‍ഡന്‍സി ക്ലെയിം പുനസ്ഥാപിക്കാന്‍ 30 മില്യണ്‍ മുതല്‍ 130 മില്യണ്‍ യൂറോ വരെ ചെലവാകുമെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. എത്ര റിഡന്‍ഡന്‍സികള്‍ അനുവദിക്കുമെന്ന് ഇപ്പോള്‍ പറയുന്നത് അസാധ്യമാണെന്ന് വരദ്കര്‍ പറഞ്ഞു.

ലേ-ഓഫുകളെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ ചെലവ് കണക്കാക്കുകയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിഡന്‍ഡന്‍സി ക്ലയിം വീണ്ടെടുക്കുന്നതിനായി അയവുള്ളതും വിവേചനാത്മകവുമായ സമീപനം സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അയര്‍ലണ്ടിലെ നിയമാനുസൃതമായ റിഡന്‍ഡന്‍സിയുടെ നിരക്ക് ഓരോ വര്‍ഷവും രണ്ടാഴ്ചത്തെ ശമ്പളമാണ്. കൂടാതെ ഒരാഴ്ചത്തെ അധിക ശമ്പളവും ലഭിക്കും. എന്നിരുന്നാലും ആഴ്ചയില്‍ 600 യൂറോയെന്ന പരിധിയുമുണ്ടാകും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.