head1
head3

അയര്‍ലണ്ടില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുറപ്പിച്ച് പ്രധാനമന്ത്രി

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുറപ്പിച്ച് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതും അതിനെ ആയുര്‍ദൈര്‍ഘ്യവുമായി ബന്ധിപ്പിക്കുന്നതും ഊര്‍ജ്ജിതമായി പരിഗണിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പെന്‍ഷന്‍ ചെലവ് കുറയ്ക്കുന്നതിന് പെന്‍ഷന്‍ പ്രായത്തെ ആയുര്‍ദൈര്‍ഘ്യവുമായി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് ധനകാര്യ മന്ത്രി പാസ്‌കല്‍ ഡോണോ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വന്നത്. ജനനനിരക്ക് കുറയുകയും ആയുര്‍ദൈര്‍ഘ്യം കൂടുകയും ചെയ്യുന്നതിനാല്‍ സാമ്പത്തിക വിടവുകള്‍ പരിഹരിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

കോര്‍ക്കിലെ ഫെര്‍മോയിയിലെ ടീഗാസ്‌ക് ഫുഡ് ഇന്നൊവേഷന്‍ ഹബ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മീഹോള്‍ മാര്‍ട്ടിന്‍. അടുത്ത 30 വര്‍ഷങ്ങളില്‍ പെന്‍ഷന്‍ സുസ്ഥിരതയുടെ കാര്യത്തില്‍ സുപ്രധാന വെല്ലുവിളികള്‍ നമുക്ക് നേരിടേണ്ടി വരും. കാരണം സമൂഹത്തിന് കൂടുതല്‍ പ്രായമാവുകയാണ്. ചെറുപ്പക്കാരും പ്രായമായവരും തമ്മിലുള്ള അനുപാതം വര്‍ധിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അതുപോലെ, 65 വയസ്സും അതിനുമുകളിലും പ്രായമുള്ള ഓരോ വ്യക്തിയെയും പിന്തുണയ്ക്കാന്‍ ജോലി ചെയ്യുന്ന പ്രായത്തിലുള്ള നാല് പേരുണ്ട്. ഈ സംഖ്യ 2050 ഓടെ രണ്ടായി കുറയുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

പെന്‍ഷന്‍ റിവ്യു ബോഡി ചെയര്‍പേഴ്‌സണ്‍ ജോസഫൈന്‍ ഫീഹിലിയും സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇക്കാര്യങ്ങള്‍ സജീവമായി പരിഗണിക്കുകയാണ്. പെന്‍ഷന്‍ സംബന്ധിച്ച വിവിധ ഓപ്ഷനുകളുടെയും തീരുമാനങ്ങളുടെയും നീണ്ട പട്ടികയാണ് റിപ്പോര്‍ട്ട് നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.