head1
head3

പി.ആര്‍.എസ്.ഐ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു; മൂന്നുലക്ഷത്തിലേറെ പേരെ ബുദ്ധിമുട്ടിലാക്കുന്ന ശുപാര്‍ശ പെന്‍ഷന്‍ കമ്മീഷന്റേത്…

ഡബ്ലിന്‍ : പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനുള്ള പദ്ധതി വൈകുന്നതു പരിഗണിച്ച് തൊഴിലാളികള്‍ക്കായി പി.ആര്‍.എസ്.ഐ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് നീട്ടിവെയ്ക്കാന്‍ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശമുയര്‍ന്നു വന്നത്.

പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് വരുംവര്‍ഷങ്ങളില്‍ തുടര്‍ച്ചയായ പി.ആര്‍.എസ്.ഐ വര്‍ദ്ധന നേരിടേണ്ടി വരുമെന്നാണ് അറിയുന്നത്. നാലു മുതല്‍ 11% വരെ അവരുടെ സംഭാവന വര്‍ധിക്കുമെന്നതിനാല്‍ സ്വയം തൊഴില്‍ ചെയ്യുന്ന ആളുകളെ ഈ നിര്‍ദ്ദേശം ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള 3,31,000 പേരെ ഈ പ്രോപ്പോസല്‍ ദോഷകരമായി ബാധിക്കും. 2030 വരെ ഈ നിര്‍ദ്ദേശം നടപ്പാക്കില്ലെന്നാണ് അറിയുന്നത്.

കമ്മീഷന്‍ ശുപാര്‍ശ ഇങ്ങനെ

രാജ്യത്തെ പെന്‍ഷന്‍ പ്രായം നിലവില്‍ 66 ആണ്. പെന്‍ഷന്‍ പ്രായം 2028-ന് ശേഷം വര്‍ഷത്തില്‍ മൂന്ന് മാസം വീതം വര്‍ദ്ധിപ്പിക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. അതിലൂടെ 2031-ല്‍ 67 ആയും 2039-ല്‍ 68 ആയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. സാമ്പത്തിക സുസ്ഥിരതയെ മുന്‍നിര്‍ത്തിയുള്ള ഈ പരിഷ്‌കരണ പാക്കേജില്‍ പി.ആര്‍.എസ്.ഐ വര്‍ദ്ധനയും സര്‍ക്കാരിന്റെ വിഹിതവും വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്.

സ്വയം തൊഴില്‍ ചെയ്യുന്നവരുടെ പി.ആര്‍.എസ്.ഐ വിഹിതം 2030 ഓടെ 4 ശതമാനത്തില്‍ നിന്ന് 10% ആയി ഉയര്‍ത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. 2030 വരെ ജീവനക്കാര്‍ക്കോ തൊഴിലുടമകള്‍ക്കോ വര്‍ദ്ധനവുണ്ടാകില്ല. പക്ഷേ 2040 ഓടെ 1.35% അധികമായി നല്‍കേണ്ടി വരുമെന്നും കമ്മീഷന്‍ പറയുന്നു.

പെന്‍ഷനുവേണ്ടി ചെലവഴിക്കുന്ന തുകയുടെ 10% വാര്‍ഷിക സംഭാവന ഖജനാവിന് നല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പെന്‍ഷന്‍ സമ്പ്രദായത്തിന്റെ സുസ്ഥിരത പരിശോധിക്കുന്നതിനാണ് കമ്മീഷന്‍ രൂപീകരിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.